"ലോകാ സമസ്താ സുഖിനോഭവന്തു"

Thursday, May 31, 2012

മരണ വീട്

നീളത്തിനൊത്തൊരു വാഴയില വെട്ടിയതില്‍
തെക്ക് തലവച്ചുകിടക്കുന്നു ദേഹം നിശ്ചലം.
മരിച്ചവര്‍, അവര്‍  സാധുക്കള്‍
മുട്ടകള്‍ കൊഴിഞ്ഞ കിളിക്കൂടുകള്‍.

ഭൂഷണമല്ലൊട്ടുമേ കുറ്റങ്ങള്‍ ചൊല്ലുവത്          
എങ്കിലും വന്നവര്‍ തമ്മില്‍ പറഞ്ഞു,
നാട്ടാര്‍ക്കുതകില്ലെങ്കിലും നല്ലവന്‍തന്നെ
വീടുനോക്കുന്നവന്‍ കാശുകാരന്‍.

ഭാര്യ കരയുന്നത് കണ്ടാലറിയാം
സ്നേഹമുള്ളോരു ആണ്‍പിറന്നോന്‍
കുഞ്ഞിക്കാലൊന്നു കൊടുക്കാതെ പോയെങ്കിലും
എണ്ണിയാലൊടുങ്ങാത്ത സ്വത്തുണ്ടവള്‍ക്കിന്ന്.

കണ്ടാലറിയില്ലെങ്കിലും ബന്ധുക്കള്‍
ഒട്ടനവധി വന്നെത്തി  വീടുനിറച്ചും
കണക്കെടുപ്പുകള്‍ കാര്യമായിത്തന്നെ-
നടക്കുന്നു, ഒട്ടിനിന്നാല്‍ നെട്ടമുണ്ടോന്നറിയാന്‍.

വിഷാദം വരുത്തുവാന്‍ വിവിധ ഭാവങ്ങള്‍
പരിശീലിച്ചു വന്നവര്‍ അവള്‍ക്കു ചുറ്റും  
സ്വാന്ത്വന  വാക്കുകള്‍ ഓരോന്നുചൊല്ലി    
പ്രീതിപിടിക്കുവാന്‍ തമ്മില്‍ മത്സരം.

കേട്ടുകേഴ്വിയില്ലെങ്കിലും പണ്ടുഞാനിവനെ
ഒക്കത്ത്
വച്ചെന്നു വാദിച്ചു ചിലര്‍
ആദ്യമായി
കണ്ടതാണെങ്കിലും   
ബന്ധത്തില്‍ മുമ്പിലെന്നു  മറ്റുചിലര്‍.

മൂക്കുചീറ്റിയും  നെഞ്ചുതിരുമിയും
ക്യാമറ നോക്കി കരയുന്നെല്ലാവരും
ഭാഗവതം പഥ്യമല്ലെങ്കിലും,  ചിലര്‍
ചുടലമാടന്റെ  മോക്ഷത്തിനായി
വിക്കി വിക്കി പാരായണം പൊടിപൊടിക്കുന്നു

വന്നവര്‍ക്കെല്ലാം ചായയും ബിസ്ക്കറ്റും
സ്വന്തം ചിലവില്‍ വാങ്ങിക്കൊടുക്കു
ന്നൊരുവന്‍
നാളെമുതല്‍ ഈവീടിന്‍  നായകനെന്നമട്ടില്‍.

മരണമായാലും മംഗല്യമായാലും പന്തലിന്‍
മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ കരപ്രമാണിമാര്‍
എവിടെയും വെടിവട്ടം തന്നെ ഇവര്‍ക്കു പഥ്യം
പട്ടുപോയവനെ
പൊക്കിപ്പറഞ്ഞും പിന്നെ
മേ
മ്പൊടിക്കായി ടി.പി വധവും, നെയ്യാറ്റിന്‍കരയും.

പട്ടടക്കുഴി ഒരുക്കുന്നിടത്തൊരു പത്തുപേര്‍
വട്ടവും ചുറ്റും പരഞ്ഞുനില്പൂ നേതാക്കള്‍.
ഇതൊന്നും
കേള്‍ക്കാത്തമട്ടില്‍ കുഴിയൊരുക്കുന്നു
നമ്മുടെ പൂക്കാണ്ടി സുകുമാരന്‍ *
എക്സ്പീരിയന്‍സ് ഉള്ളൊരു പട്ടടയെ
ന്‍ജിനീയര്‍.

ചുടലക്കെടുക്കുവാന്‍ സമയമായന്നു
കരയോഗ സെക്രടറി വിളംബരം ചെയ്തു. 
കാല്‍ക്കല്‍ പിടിക്കുവാന്‍ പഞ്ഞെത്തി
നുള്ളിത്തെറിച്ച  ബന്ധുക്കള്‍ ഒട്ടനവധി

പിന്മു
ക്കാരന്‍ ഇല്ലാത്തിവനു കൊള്ളിവയ്ക്കുന്നത്
ആരെന്നതായി പിന്നൊരു തര്‍ക്കം.
കൂട്ടത്തില്‍ മൊഞ്ചുള്ള പയ്യനെ കണ്ടെത്തിപിന്നെ,
മറുനാട്ടില്‍ പഠിച്ചൊരു  മംഗ്ലീഷുകാരന്‍.

കോടിയിടുന്നോര്‍തന്‍   ലിസ്റ്റൊന്നുകണ്ട്
സെക്രട്ട
റിതന്‍ മനസ്സില്‍ ലഡ്ഡുവോന്നു പൊട്ടി,
കയ്യിട്ടുവാരാന്‍  പറ്റിയ വകുപ്പെന്നമട്ടില്‍. 

എല്ലാം കഴിഞ്ഞ് തെ
ക്കോട്ടെടുക്കുന്നനേരം
എല്ലാരുംചെര്‍ന്ന് കലാശക്കൊട്ടുപോലൊരു
 കൂട്ടക്കരച്ചില്‍, വെറുമൊരോളത്തിനായി.

പിന്നത്തെയങ്കമങ്ങു പട്ടടച്ചോട്ടില്‍
കര്‍മ്മത്തിനായി സെക്രട്ടറി മുട്ടുകുത്തിച്ചു പയ്യനെ,
പുസ്ത്തകംനോക്കി ചൊല്ലുന്ന മന്ത്രങ്ങള്‍ കേട്ട്
കണ്ണുമിഴിച്ചു നമ്മുടെ മംഗ്ലീഷുപയ്യന്‍
മന്ത്രങ്ങള്‍
ഇംഗ്ലീഷില്‍ ചൊല്ലുവാന്‍ വശമില്ലാത്ത
സെക്രട്ടറി പിന്നെല്ലാമൊരു തന്ത്രത്തിലോപ്പിച്ചെടുത്തു

പച്ച മണ്‍കുടത്തിലെ  ഗംഗയും പൊട്ടിച്ചു
പിന്നെ പട്ടടക്കുള്ളില്‍ തീയും പകര്‍ന്നു.
അപ്പോഴുമെല്ലാം കണ്ടുകൊണ്ടാ
പട്ടടച്ചോട്ടിലെ
പ്ലാവിന്‍ മുകളില്‍  ദേഹിയും, കാലനും
മര്‍ത്ത്യജന്മത്തിന്‍  അര്‍ഥശൂന്യതയോര്‍ത്ത്
പുഞ്ചിരിതൂകി ഇരിപ്പൂ...






 പൂക്കാണ്ടി സുകുമാരന്‍* -എന്റെനാട്ടിലെ ഒരു പട്ടട സ്പെഷലിസ്റ്റ് ( ആശാന്‍ ഇതറിഞ്ഞാല്‍ കള്ളടിക്കാന്‍ റോയല്‍റ്റി ചോദിക്കുമെന്നത് ഉറപ്പാണ്‌ )

Tuesday, May 29, 2012

നിഴല്‍

കൂടെയുറങ്ങുന്ന നിഴലിനെ ഉണര്‍ത്താതെ
ജാര സ്വപ്നത്തിലെ സുന്ദരിയുടെ
വിയര്‍പ്പിലേക്ക്  അലിഞ്ഞിരങ്ങുമ്പോള്‍
പുറത്ത്  രാത്രി മഴ നിലച്ചിരുന്നില്ല
വിയര്‍പ്പ്കണങ്ങളാല്‍  ചിറകുകള്‍ നനഞ്ഞ്
തിരികെ   കൊഴിഞ്ഞുവീഴുംപോഴേക്കും 
ഉറക്കമുണര്‍ന്ന് അതെന്നെ നോക്കുന്നുണ്ടായിരുന്നു
ആത്മാര്‍ഥമല്ലാത്ത  ഒരു ചിരിയില്‍ ഞാന്‍
ഉറക്കിക്കളഞ്ഞ എന്റെ പാവം നിഴല്‍

Monday, May 28, 2012

പ്രണയം

എന്റെ പ്രണയം അപ്പുപ്പന്‍താടി  പോലെയാണ്
പറന്നുനടക്കുന്ന ഭാരമില്ലാത്ത അപ്പുപ്പന്‍താടി
മഴ വരുന്നതിനു മുന്‍പേ ഏതെങ്കിലും
ഹൃദയത്തില്‍ കയറി ഒളിക്കണം
മഴ നനഞ്ഞാല്‍ പ്രണയവും ഒരുഭാരമാകും

Saturday, May 26, 2012

കുറുക്കെഴുത്തുകള്‍

ഈ കുറുക്കെഴുത്തുകള്‍ക്കു അര്‍ത്ഥങ്ങളോട്എന്താണ് ബന്ധം

ജനനം
സംഭവിക്കപ്പെട്ട ഒരു സത്യം .
നന്മ
തെറ്റുകളില്ലാത്തിടത്തു  വിലയില്ലാത്ത വസ്തു .
തിന്മ
നന്മയെ അളന്നെടുക്കാനുള്ള അളവുപാത്രം .
സ്നേഹം
നിന്റെ ബോധ്യതിനായി എന്റെ വിട്ടുവീഴ്ചകള്‍ .
പ്രേമം
ഞാന്‍ നിന്നിലും നീ എന്നിലും തിരഞ്ഞു കൊണ്ടേയിരിക്കുന്ന  കിട്ടാകനി .
കാമം
മുഖമില്ലാത്ത രണ്ടു ഉടലുകള്‍ ഒന്നായി ഇഴുകാന്‍ നോക്കുന്ന വിഭലശ്രമം.
വിരഹം
ആഗ്രഹം പൂര്‍ത്തിയാകാത്ത ആത്മാവിന്റെ വേദന .
ഇഷ്ടം
എന്റെ സങ്കല്‍പത്തിലുള്ള  രൂപം.
വെറുപ്പ്‌
എനിക്ക് സങ്കല്പിക്കാന്‍ കഴിയാത്ത രൂപം .
ദുഃഖം
ആഗ്രഹങ്ങളുടെ വിപരീദ ദിശ.
സുഖം
തൊട്ടറിയാന്‍ കഴിയാതെ നമുക്ക് സ്വന്തമായുള്ള ഒന്ന് .
സമാധാനം
അന്ത്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്ന് .
മോക്ഷം
ജനനത്തില്‍ തുടങ്ങി മരണത്തില്‍ അവസാനിക്കുന്ന ഒന്ന് .
മരണം
സംഭവിക്കാന്‍ പോകുന്ന സത്യം.

കുറുക്കെഴുത്തുകളില്‍ നീ ജനനവും ഞാന്‍ മരണവും
നമ്മള്‍ രണ്ടും മാത്രം നിത്യസത്യങ്ങള്‍, ബാക്കിയെല്ലാം
നമ്മുടെ വേഴ്ചയില്‍ പിറന്ന മുഖമില്ലാത്ത ജന്മങ്ങള്‍

Wednesday, May 23, 2012

ഒരു നിലവിളി

എന്നാലാവുംപോല്‍ അലറി
കരയുകയല്ലാതെ ഞാനെന്തു ചെയ്‌വൂ

ജെന്മം തന്നെന്നെയീ പെരുവഴിയില്‍
വിട്ടിവനെങ്ങോട്ടു പോകുന്നു

നാലുപേര്‍ ചെര്നവര്‍ വെട്ടിനുറുക്കി
കണ്ടില്ലവരീ കണ്ണുനീരോട്ടുമേ

വിശക്കുമ്പോള്‍ നാവിലിറ്റിയ
 തേന്‍മുലക്കണ്ണുകള്‍ എന്നെ മരിച്ചുപോയ്‌

പിന്നെയീ താതന്റെ കൈവിരല്‍
 പിടിച്ചെത്തി ഞാനിത്രദൂരം

അന്നം തിരയാന്‍ ആവതില്ലാത്ത
കുഞ്ഞിവിരലുകള്‍ മാത്രമെനിക്ക്

വിശക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍
കണ്ടാല്‍ അറയ്ക്കുന്ന നാട്ടുകാര്‍ ചുറ്റും

നാലുപേര്‍ വന്നവര്‍ നലുഭാഷക്കാര്‍
നവുറയ്ക്കാത്ത നിലവിളി മനസിലാകാത്തവര്‍

കയ്യിലെ വാള്‍ത്തലപ്പില്‍ 
വീശിയെടുത്തവര്‍ രണ്ടു ജീവന്‍

ചോരച്ചുവപ്പില്‍ മുഖം മുങ്ങിയച്ഛനും 
വേരറ്റു വിക്രിതമായീ ഞാനും

നിലവിളിക്കുകയല്ലാതെ ഞാനെന്തുചെയ്‌വൂ.....
നിലവിളിക്കുകയല്ലാതെ ഞാനെന്തുചെയ്‌വൂ.....

Monday, May 21, 2012

വൃദ്ധസദനങ്ങള്‍

വൃദ്ധസദനത്തിന്റെ  മുന്‍പില്‍ കൂടെ
പോകാന്‍ എനിക്ക് പേടിയാണ്
അവിടെ എത്തിയാല്‍ കുറെ
കാഴ്ചമങ്ങിയ കണ്ണുകള്‍ പാഞ്ഞുവരും
പിന്നെ തുറിച്ചുനോക്കും
ഞാന്‍ അവരുടെ അരുമാല്ലെന്നു
എത്ര പറഞ്ഞാലും കേള്‍ക്കില്ല
പിന്നെ കുറെ ചോദ്യങ്ങള്‍
പിന്‍വാങ്ങുന്ന നിറഞ്ഞകണ്ണുകള്‍,
അതൊരു നോവാണ്
വംശനാശമില്ലാത്ത വൃദ്ധസദനങ്ങള്‍
പെരുകുകയാണ്
എങ്ങനെ വഴി നടക്കും?

നൊസ്റ്റാള്‍ജി മരം

ഈ മണല്‍ നാട്ടില്‍ തണലിനായി
ഞാനൊരു മരം നട്ടു
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം
തണുപ്പും തണലും തന്നത്
എനിക്ക് ചുറ്റും പടര്‍ന്നു
മണല്‍ പൊരിയും ചൂടിലും
എനിക്കത് കുളിരുന്ന സുഖം തന്നു
കാറ്റിലുലയുമതിന്‍ തുഞ്ചത്തിരുന്നു
ഞാറ്റു പാട്ടിന്‍ ഈണം നുകര്‍ന്നു
നിറയെ
പൂത്തൊരീ മരമെന്‍
സ്വപ്നത്തില്‍ വര്‍ണം വിതച്ചു
പൂഞ്ചില്ലയില്‍ നിന്ന് എന്നുമൊരു കിളി
എന്നമ്മക്കരുകിലെക്ക് പറന്നു
എന്നുമെനിക്കത്താഴം  കുബ്ബൂസും
കൂട്ടിന്നൊരു  നൊസ്റ്റാള്‍ജിപ്പഴവും
എന്നുമെനിക്കീമരം  തണുപ്പും തണലും
അമ്മതന്‍ തലോടലിന്‍ സുഖവും
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം.

Sunday, May 20, 2012

ചത്ത മത്സ്യങ്ങള്‍

ചത്ത മത്സ്യങ്ങള്‍ ആരെ പോലെയാണ്
അവര്‍ സന്ന്യാസിമാര്‍ വേദകാലതുനിന്നും
തെറിച്ചു വീണ മീന്‍ ചെതുമ്പലുകള്‍
അല്ലെങ്കില്‍ അവര്‍ ബുദ്ധഭിക്ഷുക്കളാകും
പരിത്യാഗത്തിന്റെ തോലുപോളിച്ചു വന്ന
വൃത്തിയില്ലാത്ത  മോട്ടത്തലയന്മാര്‍
അഹിംസയുടെ ഊന്നുവടി പിടിച്ചു നടന്ന
വിഡ്ഢിയായ ആ വൃ
ദ്ധനുമാകാം , അതുമല്ലെങ്കില്‍
ഭ്രൂണത്തില്‍ കുടിയിരുന്നു ജീവനുവേണ്ടി
തപസ്സു ചെയ്യും മനുഷ്യന്റെ പുതിയ പതിപ്പാകും
എന്താണെങ്കിലും ചത്ത
മത്സ്യങ്ങള്‍
ധ്യാനത്തിലാണ് മിഴികളടച്ച്  ലോകനന്മാക്കായി
ജെലപ്പരപ്പില്‍ ജെലസമാധിയിലാണ്
"ലോകാ സമസ്താ സുഖിനോഭവന്തു"

ഗാന്ധിജിയുടെ പരാതി

ഗാന്ധിജി തിരികെ വന്ന്
ഒരന്യായം ഫയല്‍ ചെയ്തിരിക്കുന്നു
എന്റെ ചിത്രം അനുവാദമില്ലാതെ
ദുരുപയോഗം ചെയുന്നു എന്ന്
എവിടെയൊക്കെ എന്ന് വിശദീകരണം
മനുഷ്യത്വത്തിന്റെ  മുഖം വെട്ടിപ്പൊളിക്കാന്‍
കൊട്ടേഷന്‍ കൊടുക്കുന്നിടത്ത്
അധിക്കാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക്
വിലപേശുന്നിടത്
പട്ടിണി കിടക്കുന്ന ഭാര്യയെ പ്രാപിക്കാതെ
വേശ്യയുടെ  മടിക്കുത്ത് ആഴിക്കുന്നിടത്ത്
രോഗം കുത്തിവച്ച് ആരോഗ്യം സംരക്ഷ്ക്കുന്നിടത്ത്
അറിവ് അളന്നു നല്‍കുന്നിടത്ത്
അന്നം തന്ന ഭൂവിന്റെ നാഭിയില്‍ നുകം ഇറക്കുന്നിടത്ത്
വെള്ളവും വായുവും
ലേബലിട്ടു വില്‍ക്കുന്നിടത്ത്
അങ്ങനെ എല്ലാ ഇടനാഴിയിലും
എന്റെ ചിത്രം വിക്രിതമാക്കപെടുന്നു
ഇതന്ന്യായം തന്നെയല്ലേ ?

ഒരു മോഹം

ഒരുപാടുനാളായി എവിടെനിന്നോ ഒഴുകിവന്നു
 ഈ ഒറ്റ മുറിക്കുള്ളില്‍ തളം കെട്ടികിടക്കാന്‍ തുടങ്ങിയിട്ട്
ദുര്‍ഗന്തം വമിച്ചു തുടങ്ങിയിരിക്കുന്നു
൧൫ ഇഞ്ച് വലിപ്പം മാത്രമുള്ള ഈ ഇടനാഴിയിലൂടെ
 ലോകത്തെ കാണാന്‍ തുടങ്ങിയിട്ട് ഏറെ നാളായി
ഇന്നെന്റെ കാഴ്ച ആ വലിപ്പത്തിലേക്ക് ചുരുങ്ങിയിരിക്കുന്നുവോ
രണ്ടു വിരലുകൊണ്ടുമാത്രം ലോകത്തെ തൊട്ടു
ബാക്കി വിരലുകളെല്ലാം ഉപയോഗശൂന്യമായിരിക്കുന്നു
ചതുര വടിവുള്ള കീബോര്‍ഡ് അക്ഷരങ്ങളിലൂടെ
മാത്രം സംസാരിച്ച്‌
നാവില്‍ നിന്ന് അക്ഷരങ്ങള്‍ എല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു
ബന്ധനങ്ങളാല്‍ വലിച്ചു മുറുക്കപ്പെട്ട ഈ ചുവരുകള്‍ക്ക്
ഇന്നെന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു
ഓര്‍മകളുടെ ശിഘരത്തില്‍ ഉറങ്ങാതെ ഇരിക്കുന്ന ആ പക്ഷി
അതിന്റെ പാട്ടെന്നെ വല്ലാതെ മോഹിപ്പിക്കുന്നു
ഈ ചുവരുകള്‍ക്ക് നാണം തോണി എന്നാകും മോചിപ്പിക്കുക
എന്നിലെ അഴുക്കുകള്‍
എല്ലാം ഇവിടെ ഉപേക്ഷിച്ചു
തെളിഞ്ഞ പുഴയായി, ചിരിക്കുന്ന ഓളങ്ങളായി ഒഴുകണം
ഇവിടെ ഒരഴുക്കുചാലായി ഉറഞ്ഞു നശിക്കാതെ
മരണമാം മഹാസാഗരത്തില്‍ തെളിനീരായി അലിഞ്ഞ്
അമ്രതത്വം നേടണം

Thursday, May 10, 2012

കവി ജന്മം

 ഒറ്റക്കിരിക്കുമ്പോള്‍ ഉയിരിന്റെ ഉല്പത്തി തിരയുക
 ശേഷം ഉയിര്‍തന്നവരെ അടക്കം ചീത്ത പറയുക
പിന്നെ എല്ലാം കൂട്ടിച്ചേര്‍ത്തു ഒരു കവിതയാക്കുക
നീട്ടി കുറുക്കി അത് ചൊല്ലി ഒരു കവിയാകുക
അപ്പോള്‍ ആരെങ്കിലും വിളിച്ചോരവാര്ടു  തരും
പിന്നെ ചാനല്‍ ചര്‍ച്ചയും, കവിയരങ്ങുമായി
ജീവിതം സുഖം