"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, October 29, 2012

ആത്മാവിന്റെ മുന്നില്‍

നീ എന്തിനാണ് ദൂരെമാറി വിഷമിച്ചുനില്‍ക്കുന്നത് ?.
അടുത്തേക്ക്‌ വരിക. 
ചിത കത്തിത്തീരും മുന്‍പ് നിനക്ക് വേണമെങ്കില്‍
എന്നോട് മാപ്പ് ചോദിക്കാം.
ഈ തലയോട് പൊട്ടിച്ചിതറുംമുന്‍പ്  വേണമെങ്കില്‍
നിനക്ക് എന്നെ ഒന്നുചുംബിക്കാം.
നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
നീയാകുന്ന ചേതന എന്നെവിട്ടകന്നപ്പോള്‍
അടര്‍ന്നുപോയതാണ്.
എന്നെ ചുറ്റിത്തിരിയുന്ന ഈ കാറ്റിനെ നീ ശ്രദ്ധിച്ചില്ലേ?
അത് നമ്മുടെ പ്രണയമാണ്.
നമ്മുടെ പ്രണയകാലത്ത് അതിനു നല്ല തണുപ്പായിരുന്നു
ഇനി അതിന് ഓര്‍മ്മകളുടെ കനല്‍ച്ചൂടായിരിക്കും
അത് ചിലപ്പോള്‍ നിന്നെ ചുട്ടുപൊള്ളിച്ചന്നിരിക്കും.
എങ്കിലും നീ ഭയപ്പെടേണ്ട
എന്നെ തള്ളിപ്പറഞ്ഞതുപോലെ 
അതിനേയും നിനക്ക് തള്ളിപ്പറയാം.  Monday, October 22, 2012

എന്‍ഡോസള്‍ഫാന്‍

വിഷം തേച്ച മുലകളുമായി പൂതന ഉറഞ്ഞാടുന്നു.
കാരിനാഗഫണം പോലെ  അവളുറഞ്ഞാടുന്നു
നിലംതൊടും മുടിയഴിച്ചവള്‍ നിറഞ്ഞാടുന്നു
വൃന്ദാവനത്തിന്‍ വീഥിയാകെ നിറഞ്ഞാടുന്നു
കനലെരിയും കണ്ണുമായവള്‍ ഇരതേടുന്നു
ഇലയിലും പൂവിലും വിഷംചീറ്റി തിമിര്‍ത്താടുന്നു
കംസനീതിക്കായവള്‍ നോമ്പ് നോല്‍ക്കുന്നു
പിഞ്ചുനാവില്‍ വിഷപ്പാല്‍ ചവര്‍പ്പ്  കിനിയുന്നു
രൌദ്രമാം മിഴിയുമായവള്‍ ഉറഞ്ഞാടുന്നു.
കിരാത നൃത്തച്ചുവടുകള്‍ തിമിര്‍ത്താടുന്നു.
അവള്‍തന്‍ വിയര്‍പ്പു കിനിയുന്ന  മണ്ണില്‍
മനുഷ്യഭ്രൂണങ്ങള്‍ ഉരഗങ്ങളായി പിറക്കുന്നു.
ജനിയിലെക്കോഴുകുന്ന ബീജങ്ങളും വികൃതമാകുന്നു.
ഭിക്ഷതേടുവാന്‍ വിരലുകളില്ലാതെ ജന്മങ്ങള്‍
നിഴലുകളായി തെരുവിലാകെ നിറയുന്നു
നീതിക്കുവേണ്ടിയവര്‍ ചുടലപ്പറമ്പില്‍ കാത്തുനില്‍ക്കുന്നു
അവരെവെറും വിഴുപ്പുകളാക്കുന്നു വികടസിംഹാസനങ്ങള്‍.
വിരുതിനാല്‍ തട്ടിപ്പറിക്കുന്നു ഭിക്ഷാപാത്രങ്ങള്‍.
ഇടറുന്നകാലുകള്‍ ഉറപ്പിനായ് ഇടംതേടവേ
എരിയുന്ന കരളുകള്‍ കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ക്കവെ
മുന്നില്‍നിറയും ദുരിതക്കടല്‍ കണ്ടുപകച്ചുനിക്കവേ
കണ്ണിലഗ്നിയുമായവള്‍ ചുടലനൃത്തം  തുടരുന്നു
നീര്‍നാടി മരവിച്ച മണ്ണില്‍ ചുടലനൃത്തം  തുടരുന്നു
ആരുണ്ടിവളെ തടുക്കുവാന്‍ ,ഗോകുലം കാക്കുവാന്‍.
എങ്ങാനും കേള്‍ക്കുന്നുവോ ഒരു പുല്ലാങ്കുഴല്‍നാദം
ദൂരെയെങ്ങാനും കണ്ടുവോ ഒരു പീതവര്‍ണ്ണം.
വരിക കണ്ണാ നീയീ ഗോകുലം കാക്കുവാന്‍
വീണ്ടും വരിക നീയീഗോക്കളെ മേയ്ക്കുവാന്‍

Sunday, October 14, 2012

ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്ചിറകൊടിഞ്ഞൊരു പക്ഷിക്കുഞ്ഞ്
കിടക്കുന്നുണ്ടീ വൃക്ഷച്ചുവട്ടില്‍.
'മലാല' എന്നാണവള്‍ക്കുപേര് .
പറക്കുവാന്‍ പഠിച്ചതിനവര്‍
എറിഞ്ഞൊടിച്ചതാണീ ചിറകുകള്‍.
അവര്‍ മറച്ച കാഴ്ചയിലേക്ക്
മിഴിനീട്ടിയപ്പോള്‍ കുത്തിമുറിച്ചതാണീ
നക്ഷത്രങ്ങള്‍ തോല്‍ക്കും കണ്ണുകള്‍.
കറുത്തതെന്ന് അവര്‍  പറഞ്ഞ
മുഖങ്ങളെ നോക്കിച്ചിരിച്ചതിന്നു-
തല്ലിയുടച്ചതാണീ ചുവന്ന ചുണ്ടുകള്‍.
അവരെഴുതാത്ത വരികള്‍ ഉറക്കെ
ചൊല്ലിയതിനറുത്തതാണീ നാവും.
സ്നേഹഗീതം കേള്‍ക്കാതിരിക്കാന്‍
വെടിയോച്ച തകര്‍ത്തതീ കര്‍ണ്ണങ്ങളും.
അവര്‍നയിച്ച വഴികളില്‍ പിന്തിരിഞ്ഞതിനു 
കാലില്‍ കെട്ടിയതാണീ ചങ്ങലക്കിലുക്കം.
ആരുനല്‍കി ഇവര്‍ക്കെറിയാന്‍ കല്ലും,
രുധിരസ്നാനം നടത്തുവാന്‍ വാളും.
വിധാതാവല്ലെന്നു നിസംശയം ചൊല്ലിടാം.
അറ്റുപോകാതിന്നുമീ ഹൃദയത്തില്‍
തുടിക്കും ജീവന്‍ തന്നെയതിന്നുത്തരം.
അവര്‍ക്കുമുന്നിലൊരു ചോദ്യമായി തൂങ്ങും
മലാലതന്‍ ജീവന്‍തന്നെ അതിനുത്തരം.

Sunday, October 7, 2012

എന്റെ അച്ഛന്‍

അച്ഛനെനിക്കൊരു രൂപമില്ലാത്ത ശബ്ദം
ഫോണിന്റെ അങ്ങേത്തലക്കല്‍ മുഴങ്ങുന്ന ശബ്ദം.
കണികണ്ടുണരാന്‍ കിടക്കകരുകിലെ ചിത്രം
അമ്മ നെഞ്ചോടുചേര്‍ത്ത്‌ കണ്ണീര്‍വീഴ്ത്തുന്ന ചിത്രം.
മുത്തശ്ശിക്കെന്നും വാത്സല്യക്കണ്ണുനീരാണെന്റെയച്ഛന്‍
ദൂരയാണച്ഛന്‍ അങ്ങുദൂരെ കടലിനുമക്കരെ.
ഉറക്കത്തിലെന്നും ഉണരാറുണ്ടുഞാന്‍ അച്ഛനെക്കണ്ട്‌.
സ്വപ്നത്തിലച്ഛന്‍ എനിക്കുവെറും  ശബ്ദമല്ല
വാത്സല്യത്തിന്‍ വന്‍തിരപോലൊരു  ദൈവരൂപം

ഇന്നലെ ഞങ്ങളീ തൊടിയിലാകെ ഓടിക്കളിച്ചു
ചിന്നിച്ചിതറുന്ന ചാറ്റല്‍മഴ നനഞ്ഞു നടന്നു
മറുപാട്ടുകേട്ട്  പിണങ്ങിപ്പറന്നുപോം കുയിലിനെ
കളിയാക്കി ഞങ്ങള്‍ ആര്‍ത്തുചിരിച്ചു .
പൂവിനെ മുത്തിപ്പറക്കുന്ന തുമ്പിയെ കല്ലെടുപ്പിച്ചു.
അണ്ണാറക്കണ്ണന്റെ പള്ളുപറച്ചില്‍ കേട്ടുചിരിച്ചു.
തവളകള്‍ക്കൊപ്പമീ  കുളത്തില്‍ മുങ്ങാങ്കുഴിയിട്ടു.
പരല്‍മീനിനെ കണ്ണിവലത്തോര്‍ത്തില്‍ കൊരിപ്പിടിച്ചു.
തേന്മാവിന്‍കൊമ്പത്തെ ഊഞ്ഞാലില്‍ ചില്ലാട്ടം പറന്നു.
ദൂരെമറയുന്ന സൂര്യനെ നോക്കി പുഴയുടെ-
തീരത്തെ വെള്ളാരംമണലിലിരുന്നു.
അന്തിതിരിതെളിച്ച് അമ്മവന്നു വിളിച്ചപ്പോള്‍
കാലും മുഖവും കഴുകി  രാമനാമം ജപിച്ചു.
പിന്നെയച്ഛന്റെ  ഉരുളവാങ്ങിക്കഴിച്ച്  വയറുനിറച്ചു.
ആ നെഞ്ചില്‍ക്കിടന്ന് നക്ഷത്രങ്ങളെ എണ്ണിക്കളിച്ചു.
അമ്പിളിമാമന്റെ കണ്ണില്‍നോക്കി കഥകള്‍പറഞ്ഞു.
പിന്നെയച്ഛന്റെ മാറിലെ താരാട്ടിന്റെയീണം
എന്റെ മിഴികളില്‍ നിദ്രയായി വന്നു മയങ്ങും.
സ്വപ്നങ്ങളെ  സുന്ദരസ്വപ്നങ്ങളെ..... 
എന്നെനിക്കാകുമാ നെഞ്ചിന്റെ ചൂടേറ്റൊരു  കുഞ്ഞുറക്കം.
ആ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം.