"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, June 30, 2012

പരിണാമം

ഡാര്‍വിന്റെ  സിദ്ധാന്തത്തില്‍
നമുക്ക് പൂര്‍വികരുണ്ട്‌
നമ്മെക്കാള്‍ ഭംഗിയുള്ള കുരങ്ങന്മാര്‍
ഡാര്‍വിനെ അവര്‍ ശപിച്ചിട്ടുണ്ടാകും 
കുലംകുത്തികള്‍ എന്ന് നമ്മെ വിളിച്ചിട്ടുണ്ടാകും
അസ്തിത്വത്തിനു പരിണാമം സംഭവിക്കാതെ
കുരങ്ങന്മാര്‍ ഇന്നും ജീവിക്കുന്നു
ഉയിര്‍ തന്ന ബീജത്തിന്റെ ജനിതകം
തിരുത്തി ഈ നമ്മളും
ഡാര്‍വിന്‍ ഇനിയും ജനിക്കും
ഒരു പരിണാമസിദ്ധാന്തം  ഇനിയും എഴുതും
മനുഷ്യന്റെ പരിണാമ സിദ്ധാന്തം
പക്ഷെ ഡാര്‍വിന്‍ അന്നൊരു കുരങ്ങായിരിക്കും
നമ്മെക്കാള്‍  ഭംഗിയുള്ള ഒരു കുരങ്ങ്


മഷിവരകള്‍

ചുരുള്‍ നിവര്‍ത്തിയ കടലാസില്‍
ഞാനും നീയും വെറും മഷിവരകള്‍
അര്‍ത്ഥങ്ങള്‍ക്ക്‌ വേണ്ടി പലരീതിയില്‍
മടങ്ങിയ വരകള്‍
നിവര്‍ത്തി നോക്കിയാല്‍  അര്‍ത്ഥമില്ലാത്ത
നേര്‍വരകള്‍
ചിലപ്പോള്‍ ചന്തത്തില്‍ നിരന്നിരുന്ന്
നമ്മള്‍ പ്രണയിക്കും
ചിലപ്പോള്‍ അടുക്കുകള്‍ തെറ്റി
നമ്മള്‍ കലഹിക്കും
എങ്കിലും മഴ വരുമ്പോള്‍  അലിഞ്ഞു
രൂപമില്ലാതോഴുകേണ്ട  നിറങ്ങള്‍ മാത്രം

Thursday, June 28, 2012

ബലിച്ചോര്‍

ബലിച്ചോറെടുക്കാന്‍  വന്ന
കാക്കകള്‍  തമ്മില്‍ തര്‍ക്കം
മരിച്ചവന്‍ ആരുടെ ഭാഗത്തെന്ന്
അപ്പോഴും ഈറന്‍ മാറാനാവാതെ
കൈ കൊട്ടി  തളര്‍ന്നു നില്‍പ്പാണ്
മരിച്ചവന്റെ മകന്‍

Wednesday, June 27, 2012

ഒരു തരിയെങ്കിലും

കരയുക  നീയൊരു പുഴയായെങ്കിലും
ഉള്ളിലൊരു സാഗരം ഉറഞ്ഞിരിപ്പെന്നാല്‍

ചിരിക്കണം നീയൊരു ചെറു താരമായെങ്കിലും 
ചിത്തത്തിലൊരു  നിലാവ് ഒളിച്ചിരിപ്പെന്നാല്‍

പ്രണയമഴ   നീയൊന്നു നനഞ്ഞെന്നാല്‍
ഒഴുകുക തിരിച്ചൊരു മഞ്ഞുകണമായെങ്കിലും

ഉറക്കെപ്പറയുകൊരു വാക്കെങ്കിലും സത്യമായി
നിന്നിലൊരു സത്യബോധ കടലിരമ്പിയാല്‍

കരമൊന്നെങ്കിലും നീട്ടുക നീ മടിയാതെ
കിതയ്ക്കുമായിരം കരങ്ങള്‍ നിന്നിലേക്കാഞ്ഞാല്‍

വിശപ്പറിയാതെ നീ ഉറങ്ങുമ്പോള്‍, കരുതുക
വിയര്‍ക്കും  വയറിനായി ഒരുമണി അരിയെങ്ങിലും

ഗോപുരങ്ങളിലന്തിയുറങ്ങുമ്പോള്‍  സ്വപ്നമായെങ്കിലും
ഒരുകുടത്തണല്‍  തെരുവിന്റെ മക്കള്‍ക്കായ്

തരുശാഖികളെല്ലാം വെട്ടി പണമായടുക്കുംപോള്‍
ഒരു പാഴ് മുളക്കെങ്കിലും  അല്പം തീര്‍ഥം  കൊടുക്കുക

കരയും കടലും മലിനമാക്കുമ്പോള്‍ നിന്‍
കുഞ്ഞിന്‍ പിടക്കുന്ന കണ്ണുകള്‍ ഓര്‍ക്കുക

അമൃതാം മുലപ്പാല്‍ ആവോളം നുകര്‍ന നീ
കരുതുകൊരല്പം  തുളസീതീര്‍ഥമെങ്കിലും അമ്മക്കായ്

പിച്ച നടത്തിച്ച നിന്‍ താതന്റെ കാലിടറുമ്പോള്‍
കരുണയുള്ളൊരു  നോട്ടമെങ്കിലും ബാക്കി നല്‍കുക

നിന്നിലേക്കുതന്നെ തിരിഞ്ഞൊന്നു നോക്കുക നീ
ഒരു ചോദ്യമെങ്കിലും ഉറക്കെ ചോദിക്കുക

ചുടലച്ചിതയിലെക്കുള്ള  നിന്‍ യാത്രയില്‍
ഒരു വിങ്ങലെങ്കിലും നിന്നെ അനുഗമിക്കട്ടെ
Monday, June 25, 2012

പാഴ്വസ്തുക്കള്‍ ഉണ്ടാകുന്നത്‌


പത്തുമാസം ചുമന്ന പേറ്റിറങ്ങുമ്പോഴെന്‍
ഗര്‍ഭപാത്രമൊരു  വെറും  പഴ്വസ്തു

അരുചികള്‍ ആയിരം പെരുകുമ്പോള്‍
അമൃതായിരുന്നോരെന്‍  മുലപ്പാലും പാഴ്വസ്തു

കാലിനു കരുത്തായ്, കൂട്ടിനു സുഹൃത്തായ് ഇനി
പിച്ച വെപ്പിച്ചോരീ കൈവിരല്‍ വെറും പാഴ്വസ്തു

അറിവിന്റെ ആഴങ്ങളില്‍ അഹങ്കാരം തിരയുമ്പോള്‍
അമ്മതന്‍ ചൊല്‍വിളികളെല്ലാം  പാഴ്വസ്തുക്കള്‍

ബോധം മരഞ്ഞുറങ്ങുവാന്‍ നീ വഴി തേടുമ്പോള്‍ 
പാഴാവുന്നതെന്‍ താരാട്ട് പാട്ടുകള്‍ മാത്രം

പാഴ്വഴ്തുക്കളല്ലോ  അമ്മതന്‍ നെഞ്ചിന്‍
നെരിപ്പോടില്‍ നിറയുന്ന കണ്ണീര്‍കിനാക്കളെല്ലാം

ഇന്ന് നിന്‍ ആകാശ ഗോപുരങ്ങളില്‍
അലങ്കാരമാക്കുവാന്‍പോലും ആകൃതിയില്ലാത്ത ഞാന്‍

 ഈ  തെരുവിന്റെ ഓരത്തു ചിതറിക്കിടക്കുന്ന
പാഴ്വസ്തുക്കളില്‍  ഒന്ന് മാത്രം......


Tuesday, June 19, 2012

ചിലന്തിവലകള്‍

നിന്റെ  എഴുത്തുകളും വാക്കുകളും
എനിക്ക് മടുക്കുന്നു. 
നിന്റെ എഴുത്തുകളില്‍  നിന്ന്
അലങ്കാരങ്ങള്‍ പറിച്ചുമാറ്റുക 
വാക്കുകളിലെ വിഗ്രഹങ്ങള്‍
 തച്ചു തകര്‍ക്കുക
പച്ചക്ക് തന്നെ പറയുകയും
എഴുതുകയും ചെയുക.
പ്രണയത്തെപ്പറ്റി പറയുമ്പോള്‍
എന്തിനാണ് ഇത്ര അലങ്കാരങ്ങള്‍?.
കുന്നിറങ്ങിവരുന്ന കാമത്തിന്റെ
ചൂടുള്ള   കൊടുങ്കാറ്റായും,
ചിരിക്കുന്ന മുഖമുള്ള വിഷം മുറ്റിയ
കരിനാഗമായും വര്‍ണിക്കുക.
വിഷം തീണ്ടി മരിച്ച നിന്റെ
മോഹങ്ങളെ മറയ്ക്കാതിരിക്കുക.
പ്രണയത്തെ കാമത്തിന്റെ
ചതുപ്പില്‍ വളരുന്ന താമരയാക്കാം,
നിന്റെ ജാരസ്വപ്നത്തില്‍ മരിച്ചുവീഴുന്ന
ശീഘ്രസ്കലനങ്ങളായും  വര്‍ണിക്കാം.
പ്രണയിക്കാന്‍ നീ തിരഞ്ഞത്
ഉടലളവുകളിലെ ശൂദ്രനെയല്ലല്ലോ?.
മേനിയഴകിന്റെ മുഴുമുഴുപ്പുകളെ
ധ്യാനിച്ച്‌  നീ  അവളെ
പനിനീര്‍പ്പൂവാക്കാതിരിക്കൂ.
അവളുടെ നയനങ്ങളെ
 നീലജലാശയമാക്കുന്നത് എന്തിന്
കാമത്തിന്റെ തിരയിളകുന്ന
കരിങ്കടലല്ലേ നിനക്കിഷ്ടം.
ചുണ്ടുകളെ വര്‍ണ്ണിക്കാന്‍
ചെന്തോണ്ടിപ്പഴമെന്തിന്
തുപ്പലുണങ്ങിയ പാകമാകാത്ത
ചെറിപ്പഴമല്ലേ  നല്ലത്.
വസ്ത്രമുരിഞ്ഞ്‌ അവളെ വര്‍ണ്ണിക്കാന്‍
നീ മടിക്കുന്നത് എന്തിന്
നാഭിയില്‍ വിഷം മുറ്റി ഞരമ്പുകള്‍
മുറുകുമ്പോള്‍ അവളുടെ കണ്ണിലെ
ദൈന്യത  നീ  കാണാറില്ലല്ലോ.
നിന്റെ വിയര്‍പ്പില്‍ കുതിര്‍ന്നുപോകുന്ന
ഈ ജലച്ഛായ  ചിത്രത്തിന്
നീ എന്ത് പേരിട്ടുവിളിക്കും?.
തൊങ്ങലുകള്‍ ചാര്‍ത്തിയ
വാക്കുകളും എഴുത്തുകളും
ചിലന്തിവലകള്‍ പോലെ
വിരിഞ്ഞു നില്‍ക്കും,
നഗ്നമായ നിന്റെ  ചിന്തകള്‍
കള്ളിമുള്‍ ചെടിപോലെ ക്രൂരവും.
നിന്റെ വാക്കിന്റെയും എഴുത്തിന്റെയും
വസ്ത്രമുരിഞ്ഞ്‌ നോക്കുക
ആര്‍ക്കും കാമം തോന്നാത്ത
ഉടലളവില്‍ കൃത്യതയുള്ള
നഗ്നമായ നിന്റെ അസ്ഥികൂടം കാണാം.Sunday, June 17, 2012

കാമുകന്റെ ആത്മഹത്യ

പ്രണയത്തിന്റെ ചിതല്‍ക്കൂട് തകര്‍ന്നപ്പോള്‍
പെറുക്കിയെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്
ഔപചാരികതയുടെ  അഭിനയമുഹൂര്‍ത്തങ്ങള്‍ മാത്രം
വഴിവക്കിലും ,വയല്‍ വരമ്പിലും ,അമ്പലപ്പറമ്പിലും
ഒക്കെ പ്രണയലേഖനങ്ങളുടെ ശവക്കൂമ്പാരങ്ങള്‍
യാത്ര പറഞ്ഞിരങ്ങിപ്പോയ വഴിയിലൂടെ
നനഞ്ഞു പെയ്തുകൊണ്ടൊരു ചാറ്റല്‍ മഴ
ഇത്രയും നാള്‍  എന്തായിരുന്നു
നീ എന്നില്‍ തെടിക്കൊണ്ടിരുന്നത്
പ്രണയത്തിന്റെ ശൈത്യത്തിലും നീ
ഉഷ്ണിച്ചത്  എന്തിനായിരുന്നു
എന്നില്‍നിന്നും കുത്തിയൊലി ച്ചോഴുകിയ
പ്രണയത്തിന്റെ പേമാരി നിനക്കൊരു
മഴക്കാലത്തിന്റെ ഓര്‍മപോലും
തന്നില്ലെങ്കില്‍ ഞാന്‍ തെറ്റുകാരന്‍
യാത്രപറഞ്ഞ്‌ പിരിഞ്ഞുപോകുമ്പോള്‍
നീ എനിക്കുവേണ്ടി ഒന്നുമാത്രം ചെയുക
നിന്നെ പിന്തുടരുന്ന എന്റെ ഓര്‍മകളാം പുഴയെ
തടയാതിരിക്കുക നിന്റെ കാല്‍തൊട്ട്‌
അതോഴുകിക്കോട്ടെ .......

Thursday, June 14, 2012

എന്റെ പ്രണയലേഖനം

അനുരാഗിണീ  നിന്‍ ആത്മാവിലൊ-
രനുരാഗ  മുകുളം വിടരുമ്പോള്‍
അനസ്യൂതമെന്‍  ഹൃദയത്തിലൊരു
സ്വപ്നചകോരം  പാടിത്തുടങ്ങുന്നു

അനുരാഗിണീ.... അനുരാഗിണീ...

നിന്‍ പുഞ്ചിരിച്ചിറകുള്ള പൂമ്പാറ്റയെന്‍
പുഷ്പവനിയില്‍   അണയുമ്പോള്‍
മധുമഞ്ഞില്‍ തളിര്‍ത്ത  മലര്‍പോലെന്‍
ചേതന നിനക്കായി പൂത്തുലയുന്നു

സഖീ നിന്‍ ആര്ദ്രചുംബനം കൊതിച്ചൊരു
മഴപക്ഷിയേന്‍ ചില്ലയില്‍  കൂടോരുക്കുന്നു
അനുരാഗശീലുകള്‍ പാടിയതെന്‍
രാവിനെ ആര്‍ദ്ര സംഗീതമാക്കുന്നു

ഓ... പ്രിയസഖീ നിന്നോര്മകളെന്‍
ജീവനില്‍ അമൃതസംഗീതമാകുന്നു
ഞാനൊരു ഭാവഗായകനായി
നിന്നെ മാത്രം  വര്‍ണിച്ചു പാടുന്നു

അഴിയാത്ത തിരയും തീരവും പോല്‍
പിരിയാത്ത രാവും പുലരിയും പോല്‍
നിന്നില്‍ നിന്നാടരാതെന്നും പൂത്തുനില്‍ക്കാന്‍
കൊതിച്ചൊരു മലരാകുന്നു ഞാന്‍

ഓ.. പ്രീയസഖീ..  പ്രീയസഖീ

നിന്‍ നീലമിഴിയിലെ ഓളങ്ങളെ-
ന്നോട് മധുരമായി മന്ത്രിക്കുന്നതെന്തേ
നിന്‍ മുടിയിഴയില്‍ തമ്ബുരുമീട്ടി
കുളിര്‍തെന്നല്‍ പാടുന്നതെന്തേ

സഖീ നിനക്കെന്നോട് പ്രണയമെന്നോ
നിന്‍ പ്രണയവല്ലരിയില്‍   പൂക്കുവാന്‍
കൊതിച്ചോരാദ്യമലരാണ്   ഞാന്‍ 
ചൊല്ലൂ സഖീ നിനക്കെന്നോട് പ്രണയമെന്നോ

നിന്‍ മധുമൊഴിയില്‍   നിന്നുതിരുന്നോരാ
മലര്‍ കോര്‍ത്തൊരു മാല്യം  ചാര്‍ത്തിത്തരൂ 
നിന്‍ മുത്തണിക്കയ്യാലെന്‍  കരം ഗ്രഹിച്ചെന്ന-
രുകിലോന്നിരിക്കൂ  സഖീ എന്‍  അരുകിലോന്നിരികൂ

നമുക്കായി പെയ്യുന്നോരീ  രാത്രിമഴയില്‍
പാലൊളിച്ചന്ദ്രന്റെ  താമരപോയ്കയില്‍
പ്രണയാമ്രതം  നുകര്‍ന്ന്  രണ്ടരയന്നങ്ങളായി
നീന്തി  തുടിക്കാമെന്‍   കൂട്ടുകാരീ...

അനുപമേ പ്രണയകല്ലോലിനീ
എന്‍ പ്രാണനിലൊരു അമ്രിതവര്‍ഷമാകൂ
അനുപമേ പ്രീയസഖീ  അനുപമേ .....Tuesday, June 12, 2012

നിശബ്ദ വിപ്ലവം

വിപ്ലവം ഛർദ്ദിച്ച് മരിച്ച നിന്‍ വിരലില്‍നിന്ന്
ഊര്‍ന്നു പോയതെന്‍ വിരലുകള്‍ മാത്രം

നിന്‍ ചോരയെ ഇടതുകയ്യില്‍  ഇറുകെപ്പിടിച്ച്
ഞാന്‍ തുടങ്ങട്ടെ നീയില്ലാത്ത  ജീവിതം

കൊന്നവര്‍ തിന്നവര്‍ ആരാണെങ്കിലും
പുലഭ്യം കൊണ്ടുപോലും പ്രതികരിക്കുക വയ്യ

ചുവരില്‍ തൂങ്ങും രക്തസാക്ഷി ചിത്രങ്ങളില്‍
മങ്ങിയിട്ടില്ലാത്തതോന്നുമാത്രം  ഇന്ന് നീ

പിന്നൊരു മണ്ഡപവും  ഓര്മപെരുനാളും
ആണ്ടോടാണ്ട് ഉത്സവമായി തിമര്‍ക്കും

ഭ്രഷ്ടരായി ഞങ്ങളീ ഒറ്റമുറി മൂലയില്‍
അച്ഛനില്ലാതോരെന്‍ പിഞ്ചു മകനും

അച്ചുതണ്ടില്ലാതെ  കറങ്ങുന്ന ഞാനും
ഇനി ഏതു വിപ്ലവ പാഷാണം കുടിച്ചു മരിക്കും

Monday, June 11, 2012

ഉടലുരസലുകള്‍

രണ്ടു നിശ്വാസങ്ങള്‍ക്ക് നടുവില്‍നിന്ന് 
ഒഴുകിപ്പരക്കുന്ന വിയര്‍പ്പുകണങ്ങളില്‍ 
നീ എന്നെയും ഞാന്‍ നിന്നെയും തിരയുന്ന
ശൂന്യമായ ഒരു വിഭലാന്വേഷണം
ഉടലുരസലുകള്‍ക്കു ശേഷം വിരിപ്പിന്റെ
രണ്ടറ്റത്തേക്ക്  അടര്‍ന്നുവീഴുന്ന ഇലകള്‍
അവയ്ക്കിടയില്‍ പെരുകുന്ന ശൂന്യ മൌനം 
പിന്നെ നിശാശലഭങ്ങള്‍ ഈ മൌനങ്ങളെ
ഹൃദയങ്ങള്‍ ഇണചേരാത്ത താഴ്വരയിലേക്ക്
കൊത്തി  പറക്കും അവിടെ പുതിയ പ്രഭാതം
ഹൃദയത്തില്‍ വേരുകളില്ലാത്ത ചിരിയുടെ പുറംതോലും 
വിരുതുള്ള വാക്കിന്റെ പൊയ്മുഖങ്ങളും
എടുത്തണിഞ്ഞ് നമ്മള്‍ വീണ്ടും ഇണകളാകും
ആത്മാവുരിഞ്ഞിട്ട രണ്ട് ഉടലുകളായി
ഒരിക്കല്‍ക്കൂടി ഉടലുരസലിനു തയാറാകാന്‍Sunday, June 10, 2012

പുഴ മനസ്സ്

ബന്ധങ്ങളുടെ നീര്‍ച്ചാലുകള്‍
സംഗമിക്കുന്നിടത്തു  നിന്ന്
ഞാന്‍ ഉത്ഭവിക്കുന്നു
ഉറഞ്ഞുകൂടിയ ചതുപ്പുകള്‍ക്കുമീതെ
കാലഗണനയുടെ യവ്വനത്തിലേക്ക്
 ഒരു നൂല്പ്പുഴയായി  ഒഴുക്ക്
കൊടും വേനലിന്റെ വറുതിയില്‍ മരിക്കാതെ
വീശിയടിക്കുന്ന ശൈത്യത്തില്‍ ഉറയാതെ
ഒരിക്കലും നിലക്കാത്ത പ്രവാഹം
എങ്കിലും ഈ ഒഴുക്ക് എവിടെക്കാണ്‌
ഏതു പുണ്യസ്നാനത്തിന്റെ കീര്‍ത്തി നേടാനാണ്
നഷ്ടങ്ങളുടെ ചതുപ്പുകള്‍ക്കുമീതെ
ഓളങ്ങളുടെ പുഞ്ചിരി തുന്നിപിടിപ്പിച്ചു
ശൂന്യ മനസിന്റെ നിസന്ഗമായ ഒഴുക്ക്
എവിടെയാണ് എനിക്കെന്നെ നഴ്ടപെട്ടത്‌
ഏതു ചതുപ്പില്‍ നിന്നാണ്
എന്നെ ഞാന്‍  വീണ്ടെടുക്കേണ്ടത്
 ഏതു കുരുക്ഷേത്രത്തില്‍ ആണ്
എന്റെ രഥചക്രങ്ങള്‍   പൂഴ്ന്നു പോയത്
ചോദ്യങ്ങള്‍ക്കുമുന്നില്‍ ഒരു  തിരിച്ചറിവ്
ഞാന്‍ ഈ പാരാവാരത്തിന്‍  നടുക്ക്
ഒറ്റപ്പെട്ടു പോയ ഏകലവ്യന്‍
 പുറകില്‍നിന്ന് അമ്പെയ്ത ദ്രോണര്‍ക്കു
പെരുവിരല്‍ ഭിക്ഷനല്കിയവന്‍
ഉഭയജീവികളുടെ അഭയകേന്ദ്രം
എന്റെ ഭ്രാന്തിന്റെ തോടുപൊളിച്ച്
അശ്വങ്ങളെ മോചിപ്പിക്കുന്നത് ആരാകും
അതിന്റെ മാര്‍ഗം തടുക്കാന്‍ ഏതു
ജെനകാഗ്നിയാകും പുളയുക
പുഴമനസ്സ് ശൂന്യമെങ്കിലും
പ്രതീക്ഷയുടെ ആകാശത്തു
ഒരു മഴ കാത്തിരുപ്പുണ്ടാകും
ചതുപ്പില്‍ നിന്നീപുഴയെ മോചിപ്പിച്ച്‌
പ്രളയാമാക്കി സ്വാതന്ത്ര്യത്തിന്റെ
മഹാസാഗരത്തില്‍ മരണമായി
വിലയിപ്പിക്കാന്‍