"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, December 25, 2012

എന്റെ ഭാഷ

ഞാന്‍ നിന്നോട് സംവദിക്കുന്ന ഭാഷ,
അത് ഞാന്‍ സൃഷ്ടിച്ചതല്ല.
മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
അര്‍ത്ഥവും അവര്‍തന്നെയാണ് പറഞ്ഞത് .
ഞാന്‍ സൃഷ്ടിച്ചത്  അക്ഷരങ്ങളുടെ
വളവുകള്‍ ഇല്ലാത്ത ഒരു ഭാഷയാണ്‌.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ആവേശത്തോടെ പ്രണയിക്കുകയാണ്.

Monday, December 17, 2012

വിലപേശലിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍

ചെളികുഴച്ചുണ്ടാക്കിയ
ശില്‍പ്പമാണെങ്കിലും
ചേലയുടുപ്പിച്ച് ,പൊട്ടുകുത്തി
നിറം കൊടുത്ത് കഴിയുമ്പോള്‍
വില്‍ക്കുവാന്‍ മടിയാണ് .
ഓമനത്തമുള്ള ബൊമ്മകളെ
വിട്ടുകൊടുക്കാന്‍ മടിയുള്ളതുകൊണ്ടാണ്
അവര്‍ വിലപേശുന്നത്.
ചില അച്ഛനമ്മമാര്‍ അങ്ങനെയും
ചെയ്യുന്നില്ലല്ലോ...! അതോ അവരും
വിലപേശിയാകുമോ വിറ്റത്..?

Monday, December 10, 2012

പ്രണയത്തിന്റെ ഭാഷ

ഹൃദയത്തിന്റെ സിരാതന്തുക്കളില്‍ നിന്നും 
വേട്ടയാടിപ്പിടിച്ച സ്വപ്നങ്ങളെ
മാത്രമേ നീ കണ്ടിരുന്നുള്ളൂ.
മിഥ്യയാം മനസ്സിന്റെ മൂടുപടമിട്ട
പ്രണയത്തിന്റെ ദിവ്യതയെക്കുറിച്ചേ 
നീ സംസാരിച്ചിട്ടുള്ളൂ.
പ്രണയത്തെ കാട്ടിലുപേക്ഷിച്ച
ശ്രീരാമനോടൊപ്പമായിരുന്നു നീ എന്നും.
ഹൃദയംകൊണ്ടും, മനസ്സുകൊണ്ടും
നീ എന്നെ ഉഴിയാന്‍ ശ്രമിച്ചപ്പോള്‍
ഒഴിഞ്ഞുമാറിയത് വെറുതെയല്ല.
ശരീരം കൊണ്ട് നിന്നെ അളക്കാന്‍
ശ്രമിച്ചപ്പോള്‍കിട്ടിയ കണക്കിലെ
പിഴവുകളില്‍ മനംനൊന്താണ്.
പ്രണയത്തെ എനിക്ക് തൊട്ടറിയാനേ അറിയൂ
ദൂരെമാറിനിന്ന്  നീ പ്രണയത്തെപ്പറ്റി പറഞ്ഞാല്‍ 
ഞാന്‍ എങ്ങനെ കേള്‍ക്കാനാണ്‌.

Sunday, December 2, 2012

ചിതറിയ പൂമൊട്ടുകള്‍

(ലോകത്തെവിടെ ആയാലും കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു)

പാല്‍മണം മാറാത്ത ചുടുചോരയില്‍
പാദം നനഞ്ഞു നില്‍പ്പല്ലോ
ഞാന്‍.
ഇന്നലെവരെയെന്‍
  ചൂടേറ്റുറങ്ങിയ
പൊന്നിന്റെ പുലയാണെനിക്കിന്ന്.
ആരോ തൊടുത്തൊരമ്പിനാല്‍
ഇളം നെഞ്ചം  പിളരുമ്പോഴും
അമ്മിഞ്ഞ നുണയുവാനാഞ്ഞൊരാ
ചുണ്ടുകള്‍
, അഗ്നിപോലെന്റെ
കാഴ്ചയില്‍ പുളയുന്നയ്യോ....
ഓരോ  വെടിയൊച്ച നടുക്കത്തിലും
എന്നെ ഇറുകെ പിടിച്ചൊരാ
കുഞ്ഞിവിരലിന്‍ ഞെരുക്കം
എന്റെ പ്രാണന്‍  പൊലിയും
 നിമിഷത്തേക്കാള്‍ ഭയാനകം.
നക്ഷത്രമുത്തുപോല്‍ തിളങ്ങുമീ-
ക്കണ്ണിലെ നീര്‍നനവില്‍ ഞാനെന്‍
പാപങ്ങളൊക്കെയും കഴുകിടാം.
ആരാണ് നിങ്ങള്‍
ഏതു  ദൈവത്തിനു ബലിയായി
 അറുത്തതീ കുഞ്ഞു ശിരസ്സുകള്‍.
ഏതു  വംശകീര്‍ത്തിക്കായി
തടുത്തതീ കുഞ്ഞു മിടിപ്പുകള്‍.
ഏതു ഗ്രന്ഥത്തിന്‍ മോടികൂട്ടുവാന്‍
തകര്‍ത്തതീ കുഞ്ഞു മനസ്സുകള്‍.
ഏതു തത്ത്വശാസ്ത്രത്തിന്‍ പാഴ്നിലമുഴുവാന്‍
തളിച്ചതീ ഇളംചോരത്തുള്ളികള്‍.
മാനിഷാദ... മാനിഷാദ....
വിഫലമാണ് നിന്റെയീ ശ്രമങ്ങളെല്ലാം.
പിറക്കുമോരോ കുഞ്ഞിന്റെ കണ്ണിലും
കാണുന്നു ഞാന്‍ നിന്‍നേര്‍ക്ക്‌
നീളുന്ന
ദൈവത്തിന്‍ ഇമയടയാത്തൊരു നോട്ടം.