"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, November 25, 2012

ഭ്രാന്തിലേക്കുള്ള ദൂരം

ഭ്രാന്തിലേക്കുള്ള ദൂരം വളരെ നേര്‍ത്തതാണ്
അതിന്റെ പുറംതോട് ആമയുടേതുപോലെ അല്ല
മുറ്റിയിട്ടില്ലാത്ത മുട്ടയുടേതിനും, നിമിഷങ്ങളില്‍
പൊലിയുന്ന കുമിളയുടേതിനും സമമാണ് .
ഭ്രാന്തിന്റെ നിറം ഇരുളിനേപ്പോലെ കറുത്തിട്ടല്ല 
ജ്വലിക്കുന്ന അഗ്നിപോലെ കടുത്തതും,
ഉദിച്ചുയരുന്ന സൂര്യന്റെതുപോലെ ശാന്തവുമാണ്.
അതിന്റെസംഗീതം ശ്രുതിവലിച്ചുകെട്ടിയ വീണയുടേതല്ല 
അക്ഷരങ്ങളില്ലാതെ പാടുന്ന കുയിലിന്റെതുപോലെയും,
നിര്‍ത്താതെ കരയുന്ന ചീവീടിന്റെതുപോലെയുമാണ്.
'ഭ്രാന്ത്' അതെപ്പോഴും കൂടെത്തന്നെയുണ്ട്‌.
ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍വന്ന് ഒളിച്ചുനോക്കാറുണ്ട്
ഉണര്‍ന്നിരിക്കുമ്പോള്‍ പിന്നില്‍ ഒളിച്ചുനില്‍ക്കാറുണ്ട്
ചിരിക്കുമ്പോള്‍ കൂടെ പൊട്ടിച്ചിരിക്കാറുണ്ട് 
കരയുമ്പോള്‍ പൊട്ടിക്കരഞ്ഞ്‌ കൂടെത്തന്നെയുണ്ട്‌
പറയുന്ന വാക്കുകളില്‍ വഴിപിഴച്ച് എങ്ങോട്ടോ പോകും
ചിന്തകളില്‍ ലക്ഷ്യങ്ങളില്ലാതെ കാടുകയറും
മോഹങ്ങളില്‍ അതിരുകളില്ലാതെ പായും
കാമനകളില്‍ വന്യതയോടെ കുതറിയോടും 
കടിഞ്ഞാണുണ്ടെങ്കിലും ഈ കുതിര അശാന്തനാണ്.
ഭ്രാന്തിലേക്കുള്ള ദൂരം നേര്‍ത്തതും, മൃദുലവുമാണ്.
അത് തമോദ്വാരതിലെക്കുള്ള യാത്രപോലെയാണ് 
ഭാരമില്ലാതെ, രൂപമില്ലാതെ ,ഗന്ധമില്ലാതെ, നിറമില്ലാതെ
പരമാണുവിന്റെ പരമാംശത്തിലേക്ക് ചുരുങ്ങുന്ന മാറ്റം.
പിന്നെ 'മനസ്സ്' അകംപുറം കാണാവുന്ന വെറും പുറംതോട്.
അതിനുള്ളില്‍ ശാന്തമായ ഒരു ശൂന്യാകാശം 
അവിടെ വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍  പൊട്ടിയ പട്ടങ്ങള്‍ പോലെ.
തമോദ്വാരത്തിന്റെ വക്കില്‍ നില്‍ക്കുന്ന എന്നെ
നീ എന്തുവിളിക്കും ഭ്രാന്തനെന്നോ, അതോ....?

Sunday, November 11, 2012

കുടിയിറക്കപ്പെട്ടവര്‍

നിലാവ്പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നിലാവ് പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.

നരച്ച ഒരു വൃക്ഷച്ചുവട്ടില്‍
അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനിരിപ്പുണ്ട്
കണ്ണില്‍നിറച്ചും പാഴായിപ്പോയ ഒരു
പ്രയത്നത്തിന്റെ നിശബ്ദതയുമായി.
അയാള്‍ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു
പാരിതോഷികമായി കിട്ടിയ ഒരുവെടിയുണ്ട.

തഴമ്പുവീണ ഒരു പാറപ്പുറത്ത് മറ്റൊരാള്‍
ആണികള്‍ തുളച്ച  കൈകള്‍കൊണ്ട്
തലയിലെ മുറിവുകള്‍ തലോടി ഇരിക്കുന്നു
ആര്‍ക്കോവേണ്ടി കുരിശിലേറിയതിന്റെ
ജാള്യതയാല്‍ മുഖം കുനിച്ചാണ് ഇരിപ്പ്
ചോരമണം മാറാത്ത ഒരു കുരിശ്
അടുതുതന്നെ നിവര്‍ന്നു നില്‍ക്കുന്നു.

ശിഖരങ്ങള്‍ ഒടിഞ്ഞ ബോധിവൃക്ഷത്തിന്റെ
ചുവട്ടില്‍ ഒരാള്‍ ധ്യാനത്തിലാണ്.
ഇറങ്ങിപ്പോന്ന കല്‍പ്പടവുകളെ
ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയാണ്.
പണ്ട് രാകിമടക്കിയ വാള്‍ത്തലപ്പുകള്‍
ഇന്ന് ചോരപുരണ്ട് അരികത്തു കിടപ്പുണ്ട്.

പിന്നെയും കുറെ ആള്‍ക്കാര്‍

ആത്മബോധത്തിലൂടെയും ,അറിവിലൂടെയും
പരബ്രഹ്മത്തെ കാണിച്ചുതന്ന ഭിക്ഷുക്കള്‍,
അവര്‍ വിഷണ്ണരായി  കണ്ണുകളടച്ചിരിക്കുന്നു. 

അക്ഷരങ്ങളില്‍ അഗ്നിപടര്‍ത്തി
അറിവിന്റെ പ്രപഞ്ചംതീര്‍ത്ത കവികള്‍,
അവര്‍ തൂലികമടക്കി മറ്റെന്തൊക്കെയോ ചെയ്യുന്നു.

നിരാലംബര്‍ക്കും, രോഗികള്‍ക്കും സ്നേഹാമൃതം
നിറഞ്ഞ ഹൃദയം പകുത്തുകൊടുത്തവര്‍,
കണ്ണുനീര്‍വറ്റിയ അവര്‍ മൂകരായിരിക്കുന്നു.

ജനിച്ച വര്‍ണ്ണത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെട്ട
തീണ്ടാരികള്‍ക്കായി  ശബ്ദമുയര്‍ത്തിയവര്‍,
നിറംകെട്ട നിഴല്‍ശില്‍പ്പങ്ങളായവര്‍ നില്‍ക്കുന്നു.

സമത്വസുന്ദരലോകം സ്വപ്നംകണ്ട്
വിപ്ലവത്തിനിറങ്ങിയ ചുവന്ന തൊപ്പിക്കാര്‍,
അവരിലോരുവന്റെ തലയില്‍ 51 മുറിവുകള്‍.

വെട്ടിയടര്‍ത്തപ്പെട്ട പച്ചപ്പില്‍ മുഖംപോത്തി-
ക്കരഞ്ഞ പ്രപഞ്ചത്തിന്റെ പ്രണയിതാക്കള്‍,
അവര്‍ പച്ചപ്പിനെ സ്വപ്നം കണ്ടുറങ്ങുന്നു.

പ്രാര്‍ഥനയുടെ തീര്‍ത്ഥജലം  വീഴ്ത്തി
മനസ്സിന്റെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞവര്‍,
ഗന്ധകപ്പുകയാലവര്‍ ശ്വാസംകിട്ടാതെ പിടയുന്നു

വികസനം വരുന്നെന്നുചൊല്ലിയൊരു പാതിരായ്ക്ക്
തെരുവില്‍ ഇറക്കിനിര്‍ത്തപ്പെട്ടവര്‍,
പാവങ്ങള്‍ തണലറ്റവിടെത്തന്നെ പകച്ചുനില്‍ക്കുന്നു.

എന്റെ കാഴ്ചക്കെത്തുവാനാകാത്തവണ്ണം
നിരന്നു നില്‍ക്കുന്നിവര്‍ കുടിയിറക്കപ്പെട്ടവര്‍.
കുടിലമീലോകത്തിന്‍ ദുരയാല്‍ ചുവടറുക്കപ്പെട്ടവര്‍.
ഒരു ചെറു നൊമ്പരമെന്‍ നെഞ്ചില്‍പ്പിടയുന്നു
കണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക

Sunday, November 4, 2012

ശവംനാറിച്ചെടികള്‍

ഇരുളുറങ്ങുന്ന കടലാഴങ്ങളില്‍
ഓര്‍മ്മകളും, വ്യഥകളും.
കരിനിറംമങ്ങിയ തീരങ്ങളില്‍ ശൈത്യം.
പരല്‍മീന്‍ ചിറകുകള്‍ കൊഴിഞ്ഞ
തിരകളില്‍ കൊടും വറുതി.
തുഴയൊടിഞ്ഞ പായ് വഞ്ചികളില്‍
നിസ്സഹായ ബാഷ്പം.
കാഴുകനിറങ്ങിയ ജലപാതകളില്‍
ചോരമണം.
സൂര്യനുരുകിയ ചക്രവാളത്തില്‍
കറുത്ത പുക.
ആകാശമലിഞ്ഞ ആഴിമുഖത്ത്
കരിമഷിക്കറുപ്പ്‌
ഈ 'കടലിന്റെ രൂപം' എന്നെ
ഭയപ്പെടുത്തുന്നു.
തീരത്തെ ഈ ശവംനാറിച്ചെടികള്‍ക്ക്
പിന്നില്‍ ഞാന്‍ ഒളിക്കട്ടെ.
എനിക്ക് കാണാം, അങ്ങ് ദൂരെ
നിലവിളിമായാത്ത ആ രാക്ഷസത്തിരകള്‍
വീണ്ടും രൌദ്രഭാവം പൂണ്ടുണര്‍ന്നിരിക്കുന്നു.
അവര്‍ എന്റെ വീട്ടുമുറ്റത്തെ
പുലിമുട്ടുകള്‍ തകര്‍ത്ത്
മുത്തച്ഛന്റെ കുഴിമാടത്തിലെ
അസ്തിക്കഷണങ്ങള്‍ കവരും.
ഇന്നലെ ഞാന്‍ മകനുനല്കിയ
വഞ്ചികളേയും, വലമണികളേയും കവരും.
പ്രണയങ്ങള്‍ ഞൊറിവിട്ട
 
ഈ തീരത്തെ കഴുകിത്തുടക്കും.
ഉറങ്ങാതെ ഉണരാത്തവരുടെ
മണിമാളികകള്‍ കടപുഴക്കും.
അവരിലേക്ക് ജലസര്‍പ്പങ്ങളെ അഴിച്ചുവിടും
നിലവിളികള്‍ക്കുമീതെ ഭയപ്പെടുത്തുന്ന
മുരളലായി പടര്‍ന്നിറങ്ങും. 
പിന്നെ എല്ലാമെടുത്ത് അവര്‍ തിരികെപോകും.
ഈ ശവംനാറിച്ചെടികളെ മാത്രം തൊടാതെ., 

ഇവര്‍ ഇന്നലെയെ മരിച്ചവരല്ലേ!.