"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, October 28, 2013

പ്രണയം കത്തിപ്പിടിക്കുമ്പോള്‍












മഴയേക്കാൾ പ്രണയിക്കാന്‍
അറിയുക പിടഞ്ഞുകത്തുന്ന
നിനക്കാണ്, സംശയമില്ല,
എന്തൊരാവേശമാണ്
നിന്റെ പ്രണയത്തിന്
നിന്റെ ഒരു നോട്ടം തന്നെ
സിരകളെ ഉഷ്ണപ്രവാഹങ്ങളാക്കുന്നു.
നിന്റെ ചുംബനം അസ്ഥികളിലേക്ക്
ആഴ്ന്നിറങ്ങി മജ്ജയിലൂടെ
ശിരസ്സിലേക്ക് പായുന്നുണ്ട്‌.
ഉടുപ്പടക്കമുള്ള ഒരാലിംഗനം മതി
'ഞാന്‍' ഉടഞ്ഞില്ലാതെയാകാന്‍
മഴയെപ്പോലെ കുത്തിയൊലിച്ച്
ഒരിറങ്ങിപ്പോകലല്ലല്ലോ നിന്റെ പ്രണയം,
ഇന്ദ്രിയങ്ങളുടെ ഇഴകളിലൂടെ
ഉള്ളിലേക്കുള്ള ഒരുപടര്‍ന്നുകയറ്റമല്ലേ,
നിന്റെ പ്രണയം പൂര്‍ണ്ണമാണ്.
മഴയെപ്പോലെ ആരവമടങ്ങുമ്പോള്‍
നനഞ്ഞൊട്ടിയ ചതുപ്പാക്കി
നീ എന്നെ ബാക്കിവെയ്ക്കാറില്ലല്ലോ,
കത്തിയെരിഞ്ഞെനിക്കൊപ്പം ഭാരമില്ലാതെ
നീയും അനന്തതയാകുകയല്ലേ.