"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, April 22, 2012

പുനര്‍ജന്മമില്ലത്തവര്‍

നോക്കിയിരിക്കെ നമുക്കിടയിലെ
ആകാശവും വെളിച്ചവും മറയുന്നു
പച്ച നിറമുള്ള പുല്‍നാമ്പുകള്‍
 അഗ്നിച്ചിറകുവച്ച്   പറന്നു പോകുന്നു
പുഴയുടെ നെഞ്ചിലെ മണല്‍ പൊരിയുന്നു
കാറ്റില്‍ ചോര മണക്കുന്നു അത്
നമ്മുടെ പ്രാണനിലേക്ക് പടരുന്നു
തേന്‍ വറ്റിയ പൂക്കളില്‍
ശലഭങ്ങള്‍ മരിച്ചിരിക്കുന്നു
ആകാശമില്ലാതെ പറവകള്‍
ചിറകുകള്‍ പൊഴിഞ്ഞു മണ്ണില്‍ ഇഴയുന്നു
നോക്കിയിരിക്കെതന്നെ കാഴ്ചയിലേക്ക്
ഇരുള്‍ പുക പടര്‍ന്നുകയറുന്നു
നഗ്നരാക്കപ്പെട്ടു നമ്മള്‍ രണ്ടും
വരണ്ട ഭൂവിന്റെ ഓര്‍മയില്‍ നിന്ന് പോലും
ഇരുണ്ട രൂപങ്ങളായി മാഞ്ഞു പോകുന്നു
പിന്നെ ദൈവത്തിന്റെ പുസ്തകത്തിലെ
പുനര്‍ജെന്മമില്ലാതാവരുടെ പട്ടികയില്‍
എഴുതപ്പെട്ടു ശൂന്യതയിലേക്കും.

മിസ്സ്‌ കാള്‍

വഴി തെറ്റി വന്ന ഒരു മിസ്സ്‌ കാള്‍
ആദ്യം വെറും സുഹൃത്തായിരുന്നു
കാമത്തിന്റെ പുതിയ ശീലങ്ങള്‍
പറഞ്ഞുതന്നു പിന്നെ കാമുകനായി
ഉന്മാദം നുരയുന്ന തെരുവിലെ
മാംസച്ചന്തയിലെക്കുള്ള വഴി
ആദ്യം പറഞ്ഞു തന്നതും
അതെ മിസ്സ്‌ കാള്‍ തന്നെ
മാംസം വില്‍ക്കാന്‍ പഠിപ്പിച്ചതും
എന്റെ മാംസത്തിനു വിലയിട്ടതും
വിറ്റതിന്‍ വില വാങ്ങിയതും അവന്‍ തന്നെ
വിറ്റു തീര്‍നപ്പോള്‍, അല്ല വില്‍ക്കാതയപ്പോള്‍
ഇരുളിലൂടെ കണ്ണുകെള്‍ കെട്ടി
തിരികെ പാതി വഴിയില്‍ വിട്ടതും
വേശ്യ എന്നാദ്യം ഉറക്കെ വിളിച്ചതും
സദാചാരത്തിന്‍ കല്ലെറിഞ്ഞതും അവന്‍ തന്നെ
തിരികെ ഞാനെത്തുമ്പോഴേക്കും കാത്തിരുന്
അസ്ഥികള്‍ പൊടിഞ്ഞു മരിച്ചിരുന്നു
ഒരച്ഛനും രണ്ടു മക്കളും .

എരിഞ്ഞുതീരാത്ത ഓര്‍മ്മകള്‍

അവളുടെ ഓര്‍മ്മയില്‍നിന്ന് ഒളിക്കാന്‍
കത്തിച്ച പ്രണയ ലേഖനങ്ങളില്‍നിന്നും
പാതിവെന്ത ഒന്ന് രക്ഷപെട്ട് പറന്നു പോകുന്നു. 
അതില്‍ അവള്‍ കുറിച്ച അവസാന വരികള്‍
വിധിയുടെ വേനല്‍ എരിച്ചുകളയും മുന്‍പ്
പറയാന്‍ ബാക്കി വച്ച വാക്കുകള്‍.
അതിനി ആകാശത്തിന്റെ നീലിമയില്‍ വിശ്രമിക്കട്ടെ
അവളുടെ ആത്മാവ്  ഉറഞ്ഞൊരു 
മഞ്ഞുകണമായി ഭൂമിയെ തോടും വരെ ..

ടിഭിന്‍ ബോക്സ്

എന്റെ മുത്തച്ചന് ടിഭിന്‍ ബോക്സ്
എന്താണെന്നു അറിയില്ലായിരുന്നു
എന്റെ അച്ഛന്‍ ടിഭിന്‍ ബോക്സ്
കണ്ടിട്ടേ ഇല്ലായിരുന്നു
എന്റെ ടിഭിന്‍ ബോക്സ്നു പേര്
ചോറ്റു പാത്രം എന്നായിരുന്നു
അതില്‍ നിറച്ചു അമ്മയുടെ
വാത്സല്യം ചാലിച്ച രുചികൂട്ടുകളായിരുന്നു
എന്റെ മകന്റെ ടിഭിന്‍ ബോക്സില്‍
ഇന്റര്നാഷണല്‍ ബ്രാന്റുകളുടെ
പിസയും, ബര്ഗറും , ബിസ്കെറ്റും
,കോളയും കൂട്ടിനൊരു മിനറല്‍ വാട്ടറും
നാളെ എന്റെ കൊച്ചുമകന് .......
ടിഭിന്‍ ഇല്ലാതെ വെറും ബോക്സ്‌ ആകും
അതില്‍ നിറച്ച് കുറെ കാപ്സുളുകള്‍
വിറ്റാമിന്‍ കാപ്സുള്‍, പ്രോട്ടീന്‍ കാപ്സുള്‍,
വാട്ടര്‍ കാപ്സുള്‍ അങ്ങനെ പല തരം
പിന്നെ കയ്യിലൊരു കുപ്പി 'ഓക്സിജനും'
അവന്റെ മകനെന്താകുമോ ?

അവസാന ആഗ്രഹം

ചിതയില്‍ വെക്കും മുന്‍പ്
എന്റെ ശവമഞ്ചത്തില്‍
നിന്നും ഒരു പൂവ് അവള്‍ക്കു
കൊടുക്കണം ആ പൂവിലൂടെ
എനിക്ക് അവളിലേക്ക്‌ തിരിച്ചു
പോകണം, അവളിലൂടെ
ജീവന്റെ വിരല്‍ തുംപിലെക്കും.

Thursday, April 12, 2012

പ്രവാസിയുടെ വീടുപണി

വീട് പണിയാന്‍ ചുടുകട്ടക്കായി
എന്നെ ഞാന്‍ ചൂളയിലെരിച്ചു നല്‍കി
വാതിലുകള്‍ക്കായി എന്റെ
വാരിയെല്ലിന്റെ വീതം നല്‍കി
മേല്‍ക്കൂരക്കായി ഞാനെന്റെ
സ്വപ്നങ്ങള്‍ പാകിനല്കി
രക്തവും വിയര്‍പും
ചാലിച്ചു നിറവും നല്‍കി
പിന്നെ വീടുകൂദാശക്ക് സമ്മാനമായി
എന്റെ ചില്ലിട്ടൊരു ചിത്രവും
അതില്‍ ചാര്‍ത്താനൊരു മാലയും