"ലോകാ സമസ്താ സുഖിനോഭവന്തു"

Friday, July 27, 2012

മെലിഞ്ഞ വൃക്ഷങ്ങള്‍

വിറങ്ങലിച്ച ഒരു ശവം
തെരുവില്‍ കിടക്കുന്നു
ഇവന്‍ ആരുടെയോ മകന്‍
ആരുടെയോ കാമുകന്‍
ആരുടെയോ അച്ഛന്‍
കണ്ണുകള്‍ തുറിച്ചിട്ടുണ്ട്
ചുണ്ടിന്റെ ഇടത്തേ കോണില്‍
ഒരു ചിരി ഉറങ്ങി കിടക്കുന്നു
രക്ത പങ്കിലമായ ശിരസില്‍
ഉറുമ്പുകള്‍ എന്തോ തിരയുന്നു 
ചുരുട്ടിപ്പിടിച്ച അവന്റെ കയ്യില്‍
പിശാചിന്റെ കഴുത്തില്‍ നിന്നും പറിച്ച
ദൈവത്തിന്റെ പടമുള്ള ലോക്കറ്റ്
പോക്കറ്റില്‍ നിന്നും തെറിച്ചുവീണ
ഡയറിയില്‍ വിപ്ലവ ഗീതികള്‍ കുറിച്ചിരിക്കുന്നു
കാലില്‍ കുരുക്കിട്ട പോലെ ഒരു താലിച്ചരട്
നല്ല കാഴ്ച്ച തന്നെ
എല്ലാ അനാഥശവങ്ങള്‍ക്കും പറഞ്ഞിട്ടുള്ള
അതേ സുന്ദരമായ കാഴ്ച്ച
കാഴ്ചകള്‍ തേടി അലയുന്ന കണ്ണുകള്‍
കൃത്യമൊരു അകലം പാലിച്ചു ചുറ്റും നില്‍പ്പുണ്ട്
അടുത്തുള്ള മരത്തില്‍  ഒരു ബലികാക്ക
മാംസം കൊതിച്ചു നോക്കി ഇരിക്കുന്നു
പൊടുന്നനെ തെരുവ് നിശബ്ദമാകുന്നു
ശവംതീനികളുടെ ഒരു വലിയ കൂട്ടം
മരിച്ചവനരുകിലേക്ക് പാഞ്ഞടുക്കുന്നു
അവര്‍ അവനെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങുന്നു
ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
നിന്നും തെറിച്ചുവീണ ചിന്തകളെ
വിശകലനം ചെയ്തു നോക്കുന്നു
തുറിച്ച അവന്റെ കണ്ണുകളില്‍
ഉറഞ്ഞുകിടക്കുന്ന കാഴ്ച്ചകളിലേക്ക്
ഒരുവന്‍ ഭൂതക്കണ്ണാടി വയ്ക്കുന്നു
ചങ്ങലക്കെട്ടില്‍ കുരിങ്ങിക്കിടക്കുന്ന
നാവ് അറുത്തെടുത്തു ഒരുവന്‍
അതില്‍ മരിച്ചുകിടക്കുന്ന വാക്കുകളില്‍
അവന്റെ മേല്‍വിലാസം തിരയുന്നു
ഹൃദയം പിളര്‍ത്തി നോക്കിയവന്
കിട്ടിയത്  ആര്‍ക്കോ  പകുത്തു
കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍
തിരിച്ചറിയാനാവാതെ വന്നപ്പോള്‍
അവര്‍ അവന് ഒരു പുതിയ പേര് നല്‍കി
'ജനാധിപത്യം'
പിന്നെ അവര്‍ ആശവം വെട്ടിനുറുക്കി
ഐസിട്ട പല പെട്ടികളിലാക്കി
വായൂകടക്കാത്ത ആ വെളുത്ത
മന്ദിരത്തിലേക്ക് യാത്രയായി
അനാഥശവങ്ങള്‍ പോകേണ്ടിടത്തെക്ക്  തന്നെ
അപ്പോഴേക്കും അവന്‍ മരിച്ചു കിടന്നിടത്ത്
ഇലകള്‍ ഇല്ലാത്ത  മെലിഞ്ഞ
വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു
പൂക്കുവാനും കായ്ക്കുവാനും കഴിവ്
നഷ്ടപ്പെട്ട കുറെ മെലിഞ്ഞ വൃക്ഷങ്ങള്‍

Friday, July 20, 2012

കറുത്ത ചൊവ്വ

ക്ലാസ്സിലെ ബഞ്ചില്‍ സുമതി ടീച്ചറിന്റെ
ചൂരല്‍ നോക്കി നിശബ്ദയായി ഇരിക്കുമ്പോള്‍
ആഴ്ചയിലെ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാം
എനിക്ക് വെറുപ്പായിരുന്നു
അണ്ണാറക്കണ്ണനോട്  കിന്നാരം പറയാന്‍ കിട്ടുന്ന
ആ ഞായറാഴ്ച മാത്രമെനിക്ക് പ്രീയം 


കൌമാരത്തിന്റെ കത്തുന്ന തീയില്‍ കാമ്പസിലെ
വാകമരങ്ങളിലെ  പൂക്കള്‍ ചുവന്നപ്പോള്‍
തിങ്കളാഴ്ചകളെ  ഞാന്‍ പ്രണയിച്ചു തുടങ്ങി
വാകത്തണലില്‍ അവനെ കാത്തിരിക്കാന്‍ വേണ്ടി മാത്രം


ഇന്നീ ഒറ്റ മുറിക്കൊണില്‍  ഇരുളിന് കൂട്ടിരിക്കുമ്പോള്‍
മറ്റു ദിവസത്തെക്കാള്‍ ചൊവ്വകളെ ഞാന്‍ വെറുക്കുന്നു
ജ്യോത്സ്യന്റെ പകിടപ്പലകയില്‍ ഇരുന്ന്
എന്നെ പല്ലിളിച്ച് കാട്ടുന്ന ആ കറുത്ത ചൊവ്വയെ

Monday, July 16, 2012

ഒറ്റപ്പെട്ട ശലഭം

എന്റെ തലയിണപ്പകുതിയില്‍ തലവച്ചു
നീ പറഞ്ഞതെലാം കളവായിരുന്നോ
നമ്മുടെ സ്വപ്നങ്ങളില്‍ പകുതി നിന്റെതെന്നു
വാദിച്ച് എന്നെ തോല്‍പ്പിച്ചതും വെറുതെയോ
ചരിഞ്ഞ താഴ്വരയിലേക്ക് പെയ്തിറങ്ങുന്ന
മഴയിലൂടെ നീ നടന്നു പോകുമ്പോള്‍
കുന്നിറങ്ങിവന്ന  ആ കാറ്റുപോലും
നിനക്ക് അനുകൂലമായിരുന്നു
എന്റെ കണ്ണില്‍നിന്നു നീ പറിച്ചെടുത്ത
മനസ്സ് തിരികെ വയ്ക്കാതെ പോയത്
നിന്റെ മാത്രം തീരുമാനം
മോഹങ്ങളുടെ കരിമ്പനക്കൂട്ടങ്ങളില്‍
തങ്ങിനിന്ന കടല്‍ക്കാറ്റ്  എന്റെ
മാത്രം വ്യാകുലതകള്‍
ബാക്കി ജീവിതത്തിന്റെ കാര്‍മേഘ -
കൂട്ടങ്ങളിലേക്ക് കല്ലുരുട്ടുമ്പോള്‍
വീഴാതിരിക്കാന്‍ നിന്റെ ഉറപ്പുകളുടെ
 ചുമല്‍ മാത്രം എനിക്ക് ആശ്രയം
ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന്  മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു
ആകാശത്തിലെ മഴമേഘങ്ങളില്‍
നീയുണ്ടെന്ന്  എനിക്കറിയാം
മഴ നൂലുകള്‍ എന്നെതോടുമ്പോള്‍
നിന്റെ സ്പര്‍ശനം ഞാന്‍ തിരിച്ചറിയുന്നു
മിന്നലുകള്‍ എന്നെ പുണരുമ്പോള്‍
നീ മറന്നുപോയ ഒരാലിംഗനം
ഞാന്‍ അനുഭവിക്കുന്നു
മിന്നലുകളിലൂടെ തെന്നാതെ നടക്കാനും
മേഘങ്ങല്‍ക്കുമീതെ പറക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു
നിന്നിലേക്കുള്ള എന്റെ പകലുകളുടെ
എണ്ണം നന്നേ കുറയുകയാണ്
ജനല്‍ ചില്ലയില്‍ ഒരു ചുവന്ന പക്ഷി
എന്നെ കാത്തിരുപ്പുണ്ട് 
അതെനിക്ക് നിന്നിലേക്കുള്ള
വഴിയും ദൂരവും അളന്നു തരും
പറയാന്‍ ബാക്കിവച്ചതെല്ലാം കേള്‍ക്കാന്‍
മേഘങ്ങല്‍ക്കിടയില്‍ നീ എന്നെ
കാത്തിരിക്കുക......

Wednesday, July 11, 2012

ഓര്‍മ്മകള്‍ കൊഴിഞ്ഞ മരം

ഓര്‍മകളുടെ ചിതയില്‍നിന്നൊരു
കൊള്ളി അടര്‍ത്തി വയ്ക്കുക
ഗംഗയില്‍ ഒരുപിടി ചാരമായി
ഒഴുകുമ്പോള്‍ പുണ്യത്തിനായി

തപിക്കും ഹൃദയത്തിനായി ഒരു
കുടന്ന തീര്‍ത്ഥം കരുതിവയ്ക്കുക
അന്ത്യത്തിലൊരു ശാന്തിയായി
തുളസീദളത്തില്‍   തൊട്ടിറക്കുവാന്‍

ചിതല്‍ വരകള്‍ വീണ പുസ്തകത്തില്‍ -
നിന്നക്ഷരങ്ങള്‍ കൊഴിയുന്ന പോലെ
ഓര്‍മതന്‍  ചില്ലയില്‍ നിന്നോരോ
കിളിയും പറന്നു പോകുന്നു

സ്മ്രിതിയില്‍ നിന്ന് വേരറ്റു പറക്കുന്നു 
ചിന്തകള്‍   ലക്ഷ്യങ്ങളറിയാതെ
തലവരകള്‍ ഓരോന്നും തനിയെ
നിവരുന്നത്‌ അറിയുന്നു ഞാന്‍

നീയെനിക്കാരായിരുന്നെന്നു ഞാന്‍
നാളെ മറന്നെന്നിരിക്കാം
ഞാന്‍തന്നെ ആരാണെന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ ഇതളുകള്‍ ഇല്ലന്നിരിക്കാം

എന്തിനായിരുന്നെനിക്കൊരു
പേരും വിലാസവും ഓര്‍മക്കുറിപ്പും
എന്നെ ഓര്‍ത്തുവെക്കുവാന്‍  നിനക്ക്
ഓര്‍മ്മകള്‍ മരിക്കും വരെ മാത്രം

ഇന്നലകളില്‍ മാത്രം ഇഴയുന്ന
ഉരഗങ്ങള്‍  നമ്മള്‍
ഇന്നലകള്‍ മരിച്ചാല്‍ പിന്നെ
എല്ലാം  ശൂന്യമാം തുടക്കം മാത്രം

ഇനി മഷി പതിയാത്ത കടലാസില്‍
ചിത്രങ്ങള്‍ വരച്ചു പഠിക്കാം
പിച്ച വച്ച കാലത്തിന്‍ പാഠം
വീണ്ടും പഠിച്ചു തുടങ്ങാം

ഇന്നെന്റെ സ്വപ്നങ്ങളെല്ലാം വെറും
നിറമില്ലാത്ത നിഴല്‍ ചിത്രങ്ങള്‍
കാഴ്ച്ചയില്‍ തറയുന്നതെല്ലാം
പേരറിയാത്ത രൂപങ്ങള്‍

പാട്ടും പുലഭ്യങ്ങളും ശ്രുതിയില്ലാത്ത
മരിച്ച ശബ്ദങ്ങള്‍
പ്രണയവും പരിഭവങ്ങളും
പാഴാകുന്ന മഴ മേഘങ്ങള്‍

ഓര്‍മകളുടെ ദ്യുപുകളെല്ലാം
കടലെടുത്തു പോകുമ്പോള്‍
കരകാണാതലയുന്നൊരു
പായ്ക്ക്പ്പലിന്‍   ജഡമാകുന്നു ഞാന്‍

മാറ്റുക നിന്‍ പ്രാര്‍ത്ഥനകളില്‍നിന്നെന്നെ
ഇന്നലകള്‍ മരിച്ച ഞാന്‍ പാപമോചിതന്‍
വേണ്ടെനിക്കൊരു  ബലിയും ശ്രാദ്ധവും
ഞാന്‍ മരിക്കും മുന്‍പേ മോക്ഷപ്രാപ്തന്‍

ഓര്‍മകളില്ലാതിരിക്കുന്നതും പുണ്യം
ഓര്‍മകളില്‍ ഇല്ലാതിരിക്കുന്നതും പുണ്യം
സ്മരണകള്‍ നശിക്കുമീ രോഗമേ സുകൃതം

Saturday, July 7, 2012

കാത്തിരുപ്പിന്റെ തണല്‍

കാറ്റ് ചാഞ്ഞോരീ പൂമരത്തിന്‍
തണലില്‍ കാത്തു നില്പൂ
ഞാന്‍ സഖീ 

ഏറെ കേട്ടു പതിഞ്ഞോരീ 
കാട്ടുചോലതന്‍ ആര്‍ദ്രഗാനം
കേട്ട് നില്പൂ സഖീ

വാകച്ചുവപ്പില്‍ മുങ്ങിയ വീഥിതന്‍
ചാരത്തൊരു കാല്‍ത്തളച്ചിലമ്പല്‍
പാര്‍ത്തു നില്പൂ ഞാന്‍ സഖീ

ഇളം തെന്നലില്‍ പൂമണമെന്ന-
പോല്‍ നീ ചാരത്തണയുന്നത്‌
ഓര്‍ത്ത്‌ നില്പൂ ഞാന്‍  സഖീ

ഇന്നലത്തെ നിന്‍ പരിഭവം
മാറ്റുവാന്‍ ശലഭംതോടാ പൂക്കള്‍
ഇറുത്തുവച്ചിരിപ്പൂ    ഞാന്‍

മായാത്തൊരു വിങ്ങലായി
ചിത്തത്തില്‍ ഉറഞ്ഞിരിപ്പൂ നിന്‍
പരിഭവംമാറാ പൂമുഖം

എന്നെ ക്കടന്നുപോം തെന്നാലി-
ലെല്ലാം   തിരയുന്നു ഞാന്‍
നിന്‍ പൂമണം

പ്രകൃതിയില്‍ പോലുമൊരു മൌനം
തങ്ങി നില്‍ക്കുന്നപോല്‍,
വയ്യെനിക്കീ  കാത്തിരുപ്പ്

കാല്‍ത്തളച്ചിലമ്പല്‍ കാത്തിരുന്നയെന്നെ 
കടന്നുപോയൊരു ശവമഞ്ചത്തിന്‍
ചാടിന്‍ ഞരക്കം

അതിനെ പിന്തുടരും
വിറങ്ങലിച്ച കാറ്റിലൊരു
ഞാനറിയാത്ത പൂമണം

പൂമരച്ചില്ലയില്‍ എന്നെനോക്കി 
തേങ്ങും കിളിയുടെ നൊമ്പരത്തിന്‍
ഹേതു എന്തെന്നറിയാതെ ഞാന്‍


കാത്തിരിപ്പല്ലോ നിന്നെ
നിന്റെ കൈവളച്ചിരികളെ
നിന്‍ കാലടിയോച്ചയെ

ഓര്‍ത്തിരിപ്പല്ലോ നിന്‍
നറുതേന്‍  മൊഴികളെ
നിന്‍ മൂകാനുരാഗത്തെ

പ്രീയ സഖീ  ഈ
കാത്തിരുപ്പിന്‍ തണലില്‍
ഞാന്‍ തനിച്ചല്ലോ..

Tuesday, July 3, 2012

ഫെമിനിസ്റ്റായ രാധ

മയില്‍പ്പീലികള്‍ രാധാമാധവം
രചിക്കുമ്പോള്‍ പതിനാറായിരം
പതിവൃതകള്‍ തിരസ്ക്രിതര്‍
കണ്ണാ നിന്‍ പ്രണയമെനിക്കിന്നു
കനല്‍ ചൂടുപോലെ തീക്ഷ്ണം
നിന്‍ മോഹാംബരത്തില്‍
മരിച്ചവര്‍ എന്‍ സോദരികള്‍
നിന്‍ പുഞ്ചിരിത്തേന്‍ കണം
കയ്പ്പുനീര്‍ തുള്ളിയാകുന്നുവോ
നിന്‍ ചുംബനങ്ങളെല്ലാം 
നാഗ ദംശനങ്ങളാകുന്നുവോ
നിന്‍ കരലാളനത്താല്‍
തളിര്‍ത്തിരുന്നെങ്ങിലും ഞാന്‍
ഇന്ന് ഓര്‍ത്തുപോകുന്നു
പൂക്കാലം കാത്തു കാത്തിരുന്നു
മരിച്ചോരാ പുല്‍ച്ചെടികളെ
ഏതോ കാറ്റിന്റെ  കരള്‍നീറി
ഒഴുകുന്ന പാട്ടില്‍ നമ്മുടെ
പ്രണയം വര്‍ണ്ണിച്ചതാര്
കാറ്റിന്റെ നൊമ്പരമേറ്റുപാടുന്ന
 രാക്കിളികളെ  മറന്നതാര്
മുരളിഗാനത്തില്‍ നിന്ന്
മുക്തിയില്ലാതലയുന്നതാര്
അറിയുന്നുവോ കണ്ണാ നീ
ഈ വൃന്ദാവന വീഥിയിലെ
കണ്ണുനീര്‍  തടങ്ങളെ
കാത്തു കൊള്ളുക  നീ
തന്നെയീ കണ്ണീര്‍ മൈനകളെ 
ചേര്‍ത്ത് കൊള്ളുക നിന്‍
മുരളിയിലീ തേങ്ങലുകള്‍
യാത്രയാകുന്നു രാധ ഞാന്‍
നിന്‍ ഓര്‍മയില്‍ നിന്നോരുമാത്രയെങ്കിലും