"ലോകാ സമസ്താ സുഖിനോഭവന്തു"

Friday, July 27, 2012

മെലിഞ്ഞ വൃക്ഷങ്ങള്‍

വിറങ്ങലിച്ച ഒരു ശവം
തെരുവില്‍ കിടക്കുന്നു
ഇവന്‍ ആരുടെയോ മകന്‍
ആരുടെയോ കാമുകന്‍
ആരുടെയോ അച്ഛന്‍
കണ്ണുകള്‍ തുറിച്ചിട്ടുണ്ട്
ചുണ്ടിന്റെ ഇടത്തേ കോണില്‍
ഒരു ചിരി ഉറങ്ങി കിടക്കുന്നു
രക്ത പങ്കിലമായ ശിരസില്‍
ഉറുമ്പുകള്‍ എന്തോ തിരയുന്നു 
ചുരുട്ടിപ്പിടിച്ച അവന്റെ കയ്യില്‍
പിശാചിന്റെ കഴുത്തില്‍ നിന്നും പറിച്ച
ദൈവത്തിന്റെ പടമുള്ള ലോക്കറ്റ്
പോക്കറ്റില്‍ നിന്നും തെറിച്ചുവീണ
ഡയറിയില്‍ വിപ്ലവ ഗീതികള്‍ കുറിച്ചിരിക്കുന്നു
കാലില്‍ കുരുക്കിട്ട പോലെ ഒരു താലിച്ചരട്
നല്ല കാഴ്ച്ച തന്നെ
എല്ലാ അനാഥശവങ്ങള്‍ക്കും പറഞ്ഞിട്ടുള്ള
അതേ സുന്ദരമായ കാഴ്ച്ച
കാഴ്ചകള്‍ തേടി അലയുന്ന കണ്ണുകള്‍
കൃത്യമൊരു അകലം പാലിച്ചു ചുറ്റും നില്‍പ്പുണ്ട്
അടുത്തുള്ള മരത്തില്‍  ഒരു ബലികാക്ക
മാംസം കൊതിച്ചു നോക്കി ഇരിക്കുന്നു
പൊടുന്നനെ തെരുവ് നിശബ്ദമാകുന്നു
ശവംതീനികളുടെ ഒരു വലിയ കൂട്ടം
മരിച്ചവനരുകിലേക്ക് പാഞ്ഞടുക്കുന്നു
അവര്‍ അവനെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങുന്നു
ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
നിന്നും തെറിച്ചുവീണ ചിന്തകളെ
വിശകലനം ചെയ്തു നോക്കുന്നു
തുറിച്ച അവന്റെ കണ്ണുകളില്‍
ഉറഞ്ഞുകിടക്കുന്ന കാഴ്ച്ചകളിലേക്ക്
ഒരുവന്‍ ഭൂതക്കണ്ണാടി വയ്ക്കുന്നു
ചങ്ങലക്കെട്ടില്‍ കുരിങ്ങിക്കിടക്കുന്ന
നാവ് അറുത്തെടുത്തു ഒരുവന്‍
അതില്‍ മരിച്ചുകിടക്കുന്ന വാക്കുകളില്‍
അവന്റെ മേല്‍വിലാസം തിരയുന്നു
ഹൃദയം പിളര്‍ത്തി നോക്കിയവന്
കിട്ടിയത്  ആര്‍ക്കോ  പകുത്തു
കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍
തിരിച്ചറിയാനാവാതെ വന്നപ്പോള്‍
അവര്‍ അവന് ഒരു പുതിയ പേര് നല്‍കി
'ജനാധിപത്യം'
പിന്നെ അവര്‍ ആശവം വെട്ടിനുറുക്കി
ഐസിട്ട പല പെട്ടികളിലാക്കി
വായൂകടക്കാത്ത ആ വെളുത്ത
മന്ദിരത്തിലേക്ക് യാത്രയായി
അനാഥശവങ്ങള്‍ പോകേണ്ടിടത്തെക്ക്  തന്നെ
അപ്പോഴേക്കും അവന്‍ മരിച്ചു കിടന്നിടത്ത്
ഇലകള്‍ ഇല്ലാത്ത  മെലിഞ്ഞ
വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു
പൂക്കുവാനും കായ്ക്കുവാനും കഴിവ്
നഷ്ടപ്പെട്ട കുറെ മെലിഞ്ഞ വൃക്ഷങ്ങള്‍

19 comments:

  1. എന്തേ മരത്തിന്‍ ഇലകള്‍ നേരത്തെ കൊഴിഞ്ഞുപോയ്‌....നന്നായി എഴുതി....

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി

      Delete
  2. നന്നായെഴുതി

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി

      Delete
  3. മെലിഞ്ഞ വൃക്ഷങ്ങളാണേറെ

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി

      Delete
  4. നിന്നെയും എന്നെയും തിരിച്ചറിയാനാവാത്ത സമൂഹം ..
    വീണടിഞ്ഞു പൊയവനെയും പങ്കിട്ടെടുക്കുവാന്‍
    കാത്ത് നില്‍ക്കുന്ന കഴുകന്‍ കണ്ണുകള്‍ ..
    കാലത്തിന്റെ ഗതി വേഗത്തില്‍ അവനവന്റെ ശരികളേയും
    അവനവന്റെ വിശ്വാസ്സങ്ങളേയും ചേര്‍ത്തു വയ്ക്കുവാന്‍
    മനുഷ്യന്‍ വെറി പൂണ്ട് നടക്കുന്നു ..
    പുതിയ തലമുറകളിലേക്ക് പൊലുമാ വിഷം വമിക്കുന്നു ..
    മെലിഞ്ഞ മരങ്ങളുടെ കാഴ്ചകള്‍ക്ക് പഞ്ഞമില്ലാതാകും ..
    മനസ്സും ശരീരവും വറ്റി വരണ്ട് ..
    ആശയം കുറച്ച് കൂടീ വ്യക്തമാക്കാമായിരുന്നു സഖേ ..
    എങ്കിലും കാലികമെന്നൊരു തൊന്നല്‍ ..
    സ്നേഹപൂര്‍വം

    ReplyDelete
    Replies
    1. അഭിപ്രായത്തിനും നിര്‍ദേശത്തിനും നന്ദി റിനി

      Delete
  5. നന്നായിരിക്കുന്നു ഗോപാ... നിസ്സംഗമായ, യാന്ത്രികമായ, കശാപ്പു ചെയ്യപ്പെട്ട ജനാധിപത്യം തന്നെയല്ലേ ആ മരിച്ചു കിടക്കുന്നത്?

    ReplyDelete
    Replies
    1. മരിച്ചു വിറങ്ങലിച്ചങ്ങനെ എത്രയോ നാള്‍ .........

      അഭിപ്രായത്തിനു നന്ദി

      Delete
  6. വരികൾ നന്നായി.....അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി

      Delete
  7. മനോഹരമായി എഴുതി ഇന്നിന്റെ അവസ്ഥ.. ഭാവുകങ്ങള്‍..
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ഫിറോസ്‌

      Delete
  8. "വിറങ്ങലിച്ച ഒരു ശവം
    തെരുവില്‍ കിടക്കുന്നു
    ഇവന്‍ ആരുടെയോ മകന്‍
    ആരുടെയോ കാമുകന്‍
    ആരുടെയോ അച്ഛന്‍
    ...
    ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
    നിന്നും തെറിച്ചുവീണ ചിന്തകളെ
    വിശകലനം ചെയ്തു നോക്കുന്നു
    ...
    ഹൃദയം പിളര്‍ത്തി നോക്കിയവന്
    കിട്ടിയത് ആര്‍ക്കോ പകുത്തു
    കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍ ..."

    വായിച്ചിട്ട് ആകെ ഒരു കനം...മനസ്സിന് ...ശക്തിയുണ്ട് വരികള്‍ക്ക് !!!

    ReplyDelete
    Replies
    1. നന്ദി കീയെ വന്നതിനും വായിച്ചതിനും
      ഒരുപാട് ആര്‍ദ്രമായ മനസായതാകും വേഗം കനം തോനിയത്

      Delete
  9. അർത്ഥവത്തായ കവിത. നന്നായി എഴുതി. ഭാവുകങ്ങൾ

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി

      Delete
  10. അർത്ഥവത്തായ കവിത. നന്നായി എഴുതി. ഭാവുകങ്ങൾ

    ReplyDelete

Thank you