"ലോകാ സമസ്താ സുഖിനോഭവന്തു"

Friday, July 20, 2012

കറുത്ത ചൊവ്വ

ക്ലാസ്സിലെ ബഞ്ചില്‍ സുമതി ടീച്ചറിന്റെ
ചൂരല്‍ നോക്കി നിശബ്ദയായി ഇരിക്കുമ്പോള്‍
ആഴ്ചയിലെ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാം
എനിക്ക് വെറുപ്പായിരുന്നു
അണ്ണാറക്കണ്ണനോട്  കിന്നാരം പറയാന്‍ കിട്ടുന്ന
ആ ഞായറാഴ്ച മാത്രമെനിക്ക് പ്രീയം 


കൌമാരത്തിന്റെ കത്തുന്ന തീയില്‍ കാമ്പസിലെ
വാകമരങ്ങളിലെ  പൂക്കള്‍ ചുവന്നപ്പോള്‍
തിങ്കളാഴ്ചകളെ  ഞാന്‍ പ്രണയിച്ചു തുടങ്ങി
വാകത്തണലില്‍ അവനെ കാത്തിരിക്കാന്‍ വേണ്ടി മാത്രം


ഇന്നീ ഒറ്റ മുറിക്കൊണില്‍  ഇരുളിന് കൂട്ടിരിക്കുമ്പോള്‍
മറ്റു ദിവസത്തെക്കാള്‍ ചൊവ്വകളെ ഞാന്‍ വെറുക്കുന്നു
ജ്യോത്സ്യന്റെ പകിടപ്പലകയില്‍ ഇരുന്ന്
എന്നെ പല്ലിളിച്ച് കാട്ടുന്ന ആ കറുത്ത ചൊവ്വയെ