"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, July 16, 2012

ഒറ്റപ്പെട്ട ശലഭം

എന്റെ തലയിണപ്പകുതിയില്‍ തലവച്ചു
നീ പറഞ്ഞതെലാം കളവായിരുന്നോ
നമ്മുടെ സ്വപ്നങ്ങളില്‍ പകുതി നിന്റെതെന്നു
വാദിച്ച് എന്നെ തോല്‍പ്പിച്ചതും വെറുതെയോ
ചരിഞ്ഞ താഴ്വരയിലേക്ക് പെയ്തിറങ്ങുന്ന
മഴയിലൂടെ നീ നടന്നു പോകുമ്പോള്‍
കുന്നിറങ്ങിവന്ന  ആ കാറ്റുപോലും
നിനക്ക് അനുകൂലമായിരുന്നു
എന്റെ കണ്ണില്‍നിന്നു നീ പറിച്ചെടുത്ത
മനസ്സ് തിരികെ വയ്ക്കാതെ പോയത്
നിന്റെ മാത്രം തീരുമാനം
മോഹങ്ങളുടെ കരിമ്പനക്കൂട്ടങ്ങളില്‍
തങ്ങിനിന്ന കടല്‍ക്കാറ്റ്  എന്റെ
മാത്രം വ്യാകുലതകള്‍
ബാക്കി ജീവിതത്തിന്റെ കാര്‍മേഘ -
കൂട്ടങ്ങളിലേക്ക് കല്ലുരുട്ടുമ്പോള്‍
വീഴാതിരിക്കാന്‍ നിന്റെ ഉറപ്പുകളുടെ
 ചുമല്‍ മാത്രം എനിക്ക് ആശ്രയം
ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന്  മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു
ആകാശത്തിലെ മഴമേഘങ്ങളില്‍
നീയുണ്ടെന്ന്  എനിക്കറിയാം
മഴ നൂലുകള്‍ എന്നെതോടുമ്പോള്‍
നിന്റെ സ്പര്‍ശനം ഞാന്‍ തിരിച്ചറിയുന്നു
മിന്നലുകള്‍ എന്നെ പുണരുമ്പോള്‍
നീ മറന്നുപോയ ഒരാലിംഗനം
ഞാന്‍ അനുഭവിക്കുന്നു
മിന്നലുകളിലൂടെ തെന്നാതെ നടക്കാനും
മേഘങ്ങല്‍ക്കുമീതെ പറക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു
നിന്നിലേക്കുള്ള എന്റെ പകലുകളുടെ
എണ്ണം നന്നേ കുറയുകയാണ്
ജനല്‍ ചില്ലയില്‍ ഒരു ചുവന്ന പക്ഷി
എന്നെ കാത്തിരുപ്പുണ്ട് 
അതെനിക്ക് നിന്നിലേക്കുള്ള
വഴിയും ദൂരവും അളന്നു തരും
പറയാന്‍ ബാക്കിവച്ചതെല്ലാം കേള്‍ക്കാന്‍
മേഘങ്ങല്‍ക്കിടയില്‍ നീ എന്നെ
കാത്തിരിക്കുക......