"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, August 7, 2012

വേനലില്‍ മരിയ്ക്കുന്ന പ്രണയങ്ങള്‍

ഗ്രീഷ്മാംബരത്തിന്‍  കളിമുറ്റത്തൊരു
മഴ  മേഘരൂപം പൂണ്ടുല്ലസിയ്ക്കെ 
ആലിംഗനം കൊതിച്ചൊരു തളിര്‍മുല്ലയെന്‍
 തൊടിയില്‍ കണ്ണുനീരാല്‍ വേരുകള്‍ നനയ്ക്കുന്നു

കാട്ടുചോലയും  കൈതോലകള്‍  തലോടി
നഷ്ട പ്രണയത്തിന്‍  ഓര്‍മയിലേക്ക്
കണ്ണുനീരായി  നേര്‍ത്ത് ഒഴുകിമറയുന്നു
കാറ്റിന്റെ കരളിലും  വേവുമീ   ഉഷ്ണകാലം
കൈതപ്പൂവിന്റെ  പ്രണയം കരിയിച്ചു കളയുന്നു

ഒരു കൊയ്ത്തുകാലത്തിന്‍ ദൂരസ്മൃതിയില്‍  നിന്നെന്‍
പഞ്ചവര്‍ണ്ണക്കിളികള്‍ കതിരുകള്‍ കൊത്തി മറയുന്നു
വയല്‍ ഞരമ്പിലൂടെ പ്രണയിച്ചുനടന്നൊരീ വയല്‍ച്ചിപ്പികള്‍
ഉണങ്ങിയ കളിമണ്‍ ശില്പങ്ങളായി  പെരുകുന്നു

പരല്‍മീനിനെ പ്രണയിച്ച കൊറ്റിയും കുളക്കോഴിയും
പാദം നനയ്ക്കുവാനാകാതെ വിശപ്പുണ്ടുറങ്ങുന്നു
മഴയെ പ്രവചിക്കും മണ്ഡൂകഭിക്ഷുക്കള്‍
മലകയറി എങ്ങോ മറയുന്നു

രാവിന്റെ നിദ്രക്കു തംബുരുമീട്ടും ചീവീടുകള്‍
ശ്രുതിപൊട്ടിയ  നേര്‍ത്ത ഞരക്കങ്ങളായ്  മറവിയാകുന്നു
രാമഴയെ വര്‍ണ്ണിക്കും രാപ്പാടിപ്പാട്ടിലും
ഒരു നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍ ശ്രുതിമീട്ടുന്നു

പിതൃക്കള്‍ക്ക്  പുണ്യം കൊടുത്തും
പുത്രന് അന്നം കൊടുത്തും
പ്രണയരാഗങ്ങളാകും  എന്റെ പുഴകളെല്ലാം
തമോഗര്‍ത്ത മിഥ്യയിലേക്ക്  ഒഴുകിമറയുന്നു

മഴയെനിക്കെന്നുമൊരു തളിരുള്ള പ്രണയം,
പെയ്യുന്ന  വേനലോ ക്രൂരം പ്രണയ നഷ്ടം
വേഴാമ്പല്‍ മരിച്ചൊരീ മരപ്പോത്തിലിന്നുഞാന്‍
തപം ചെയ്യുന്നു വീണ്ടുമൊരു ഭഗീരഥനായി

തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..
തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..