"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, August 27, 2012

ഒരു പേടിസ്വപ്നം

പ്രേമവും, ഭോഗവും, ചതിയും, ദുരയും
ഇഴപിരിഞ്ഞ് ബഹുവര്‍ണ്ണമായൊരഗ്നി
തെരുവുകള്‍തോറും എരിയുന്നു.
പുതിയ പുല്‍നാമ്പുകളെയും,
വിടരാറായ പൂമൊട്ടുകളെയും
അത്  ദംശിച്ചുകൊല്ലുന്നു.
മണല്‍ കരിഞ്ഞുയരുന്ന കറുത്തപുക
സൂര്യന്റെ ശ്വാസകോശത്തിലേക്ക്
അര്‍ബുദമായി പടരുന്നു
നരകാഗ്നിയില്‍നിന്ന് ഇഴഞ്ഞെത്തുന്ന
ഇരുള്‍പ്പാമ്പുകൊത്തി നിഴലുകള്‍ മരിച്ച -
രൂപങ്ങള്‍ പുനര്‍ജ്ജന്മം തേടി
ഗംഗയിലെ ചതുപ്പിലേക്ക് പോകുന്നു,
അവിടെ  ഭൂമിക്കു പുണ്ണ്യംതന്ന
ഋഷിക്ക് ഉദകം ചെയ്യുന്നു.
ശ്വാസംമുട്ടിമരിച്ച  ചിതാഭസ്മക്കുടങ്ങളില്‍നിന്ന്
വീണ്ടും ഭഗീരഥന്‍  പുനര്‍ജനിക്കുന്നു,
അവനൊരു  ഭ്രാന്തന്‍കവിയായി
തീരങ്ങള്‍തോറും പാടിനടക്കുന്നു.
പിന്നെ ശബ്ദങ്ങള്‍ മരിച്ച തെരുവില്‍
കവിതയെ ഉപേക്ഷിച്ച്
ദുരാഗ്നി നക്കിത്തുടച്ച ഗ്രാമശവകുടീരങ്ങള്‍
തേടി യാത്രപോകുന്നു
അവിടെ ചുമലില്‍ നുകംവച്ചുകെട്ടി
നിലമുഴുത് ധാന്യമണികള്‍ വിതറുന്നു
കണ്ണുനീരിറ്റിച്ച്  മുളപൊട്ടുന്നത് നോക്കിയിരിക്കെ
ദൈവശാസനയാല്‍ ശിരസ്സുപിളര്‍ന്ന്
ഒരലര്‍ച്ചയോടെ അവന്‍ മരിക്കുന്നു.

ഒരുഗ്ലാസ് ലഹരി ഉറക്കിക്കളഞ്ഞ എന്നെ
ഇന്നലെ പേടിപ്പിച്ചുണര്‍ത്തിയത്
ഈ ദുസ്വപ്നമായിരുന്നു.

14 comments:

  1. ഒരു പെഗ് , ഇത്ര എഴുതിച്ചപ്പൊള്‍ .. കൊള്ളമല്ലൊ ..
    കാലികമായ ചിന്തകളിലൂടെ ഉണര്‍ത്തീ ..
    നൈമിഷിക ഭീതികളിലൂടെ നടത്തീ ..
    വല്ലാത്തൊരു തലത്തില്‍ കൊണ്ടെത്തിച്ചു ...
    പേടിപ്പെടുത്തുന്ന സ്വപ്ന തുണ്ടുകളില്‍
    നേരുകള്‍ ഉറഞ്ഞു കിടപ്പുണ്ട് ...
    ഒന്നൂടെ ഒന്നു ഉരച്ചു നോക്കൂ , മുന്നിലേ
    കാഴ്ചകളില്‍ ഈ വരികള്‍ കാണാമല്ലേ ...
    " എതു വേവിലും , മനസ്സില്‍ പൂവുകള്‍ പൂക്കട്ടെ
    സമൃദ്ധമായൊരു ഓണക്കാലം ആകട്ടെ പ്രീയ സഖേ "

    ReplyDelete
    Replies
    1. അതുതന്നെയാണ് എന്റെയും ആഗ്രഹം
      ഒരുനല്ല ഓണക്കാലം ആശംസിക്കുന്നു സഖേ

      Delete
  2. കവിതയില്‍ കാര്യമുണ്ട്.ഓണാശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് വളരെ നന്ദി
      ഓണാശംസകള്‍

      Delete
  3. ലഹരിയാണല്ലോ എല്ലാനാശത്തിനും കാരണം!!!
    കാലികപ്രസക്തിയുള്ള തീക്ഷ്ണമായ വരികള്‍.
    നന്നായിരിക്കുന്നു.
    പൂമൊട്ട്,മുളപൊട്ടുന്നത് എന്നാക്കണം
    ഓണാശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് വളരെ നന്ദി സര്‍
      ഓണാശംസകള്‍
      തെറ്റ് തിരുത്തിയിട്ടുണ്ട്

      Delete
  4. ഗോപാ ലഹരിടെ അളവ് കുറയ്ക്കുട്ടോ ഇല്ലെങ്കില്‍ ഇതിലും വലിയ ദുസപ്നം കാണും പറഞ്ഞില്ലാന്നു വേണ്ട !
    പാലുകുടിച്ചു നാമം ജപിച്ചു കിടന്നോ... എന്ന മാലാഖമാരുടെ സ്വപ്നം കാണാം!!!

    ReplyDelete
    Replies
    1. ലഹരി നിര്‍ത്തി കീയാ ഇനി പാലുകുടിച്ചുനോക്കട്ടെ
      മാലാഖമാരെ എനിക്കിഷ്ടാ

      Delete
  5. ലഹരിയില്‍ വീണുറങ്ങിയാലും പ്രകൃതിസ്നേഹം ആ ഹൃദയത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും അല്ലെ. ആശംസകള്‍.

    ReplyDelete
  6. ഓണാശംസകള്‍ അജിത്തേട്ടാ

    ReplyDelete
  7. ഗോപാ ഇങ്ങനെ കുടിച്ചാല്‍ ഭാവനയോക്കെ അങ്ങ് ഉണര്‍ന്നു വരുമോ? നാളെ മുതല്‍ എങ്കില്‍ അങ്ങ് തുടങ്ങിയേക്കാം:P.കാമ ക്രോധ ലാഭ മദ മോഹാദികള്‍ എല്ലാം ഹരിക്കാന്‍ ശിവതാണ്ഡവം ആടുന്നത് കഷ്ടം തന്നെ.ശേഷമുള്ള പുലരിയില്‍ മഞ്ഞണിഞ്ഞ പുല്‍നാമ്പുകളെയും പൂമ്പാറ്റകള്‍ ചുറ്റിലും പറക്കുന്ന പൂമൊട്ടുകളെയും നമുക്ക് സ്വപ്നം കാണാം..

    ReplyDelete
    Replies
    1. അയ്യോ മാനസി അത്തരം സാഹസം ഒന്നും ചെയല്ലേ
      ലഹരിയില്‍ മുങ്ങിക്കിടന്നാലും ഇത്തരം സ്വപ്നങ്ങള്‍ പേടിപ്പെടുത്തുന്നു എന്ന് പറഞ്ഞെ ഉള്ളു
      ആദ്യവരവിനും അഭിപ്രായത്തിനും വളരെ നന്ദി മാനസി

      Delete
  8. കുടിയന്റെ സ്വപ്നമോ ..അതോ മറ്റെന്തെങ്കിലും ദു:സ്വപ്നമോ?... എന്തായാലും കൊള്ളാം.. ആശംസകൾ

    ReplyDelete

Thank you