"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, August 22, 2012

വിരഹം

ചക്രവാളച്ചുവപ്പില്‍ മുങ്ങി മറയുന്ന
സൂര്യന്റെ നിഴലിലേക്ക്‌  പറക്കും
നീല ശലഭങ്ങളേ ..നിങ്ങള്‍ കണ്ടില്ലയോ
നിലാവൊളി  നിറയുമീ രാവിലും
നിറകണ്ണുമായി നില്‍ക്കുമീ സൂര്യകാന്തിയെ,
വിരഹം പെയ്ത വേനലില്‍ ഇതള്‍     
കൊഴിഞ്ഞൊരീ ഹൃദയപുഷ്പത്തെ

ജനിതന്‍ പുലരിയില്‍ പൂത്ത
പ്രണയപുഷ്പങ്ങള്‍ മിഴിയടച്ചുറങ്ങവേ
ആഴിതന്‍ നീലനയനങ്ങളില്‍ മുങ്ങിയ
പ്രണയാഗ്നിയെ വീണ്ടും കാത്തിരിപ്പാണ്.
കണ്ണുനീര്‍ക്കറപറ്റിയ   പൂങ്കവിളില്‍
ചെറു ചുംബനം നല്കിയുണര്‍ത്തുവാനൊരു
പൊന്‍വെയില്‍ വരുന്നതോര്‍ത്ത്‌
ദൂരെ മിഴി പാര്‍ത്തിരിപ്പാണ് .

വേര്‍പാടിന്‍ വിങ്ങലില്‍ ഉള്ളം
നുറുങ്ങും നിന്നെ അറിയുന്നു ഞാന്‍
നിശ്വാസത്തിലും നീറുന്ന നിന്റെ
തേങ്ങലുകള്‍ കേള്‍ക്കുന്നു ഞാന്‍
ഒരു തീരാവിരഹത്തിന്‍ ചെന്തീയില്‍
പാതി വെന്തതല്ലോ ഈ ഞാനും


വിരഹമൊരു ചെറു  മറവിയാണ്,
മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
പിരിയുന്ന വഴികളില്‍ മറവിയാകുന്നു
നമ്മള്‍ ഓരോനിമിഷവും
മറവിയാകുന്നു നമ്മള്‍
ഓരോ നിമിഷവും