"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, September 9, 2012

കന്യാസ്ത്രീയുടെ പോസ്റ്റുമാര്‍ട്ടം

ഒരു സുന്ദരിയായ കന്യാസ്ത്രീ മരിച്ചിരിക്കുന്നു
മരണകാരണം ദുരൂഹം.
യജമാനന്മാര്‍ തിരുവസ്ത്രം ഊരിയെടുത്ത്‌
പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.
ഉയര്‍ന്ന മാറിടവും വലിയ നിതംബവും  ഉള്ള
നമ്പൂതിരിച്ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ
അവള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍.
അവള്‍ക്കുചുറ്റുംകൂടിയ ഡോക്ടര്‍മാരുടെ
മനസ്സില്‍ എന്തെന്ന് അവ്യക്തം.
ശിരസ്സുമുതല്‍ പാദംവരെ കത്തികൊണ്ട്
അവര്‍ വരഞ്ഞു കീറി വിശകലനം ചെയ്യുന്നു.
ശിരോവസ്ത്രത്തില്‍ കുടുങ്ങി ചുളിവുകള്‍
വീണ നരമുടിയില്‍ ഒരു കാറ്റിന്റെ പ്രണയം
ജടപിടിച്ച്  കുരുങ്ങിക്കിടക്കുന്നു.
സിന്ദൂരരേഖയില്‍ ഒരുതുള്ളി രക്തം
കട്ടപിടിച്ച്  കറുത്തനിറത്തില്‍.
കരിമഷി പുരളാത്ത കണ്‍പീലികളും,
പോട്ടുകുത്താത്ത നെറ്റിത്തടവും
മരുഭൂമിപോലെ ചെമ്പിച്ചുപോയിരിക്കുന്നു.
മിഴികളില്‍ പെയ്തൊഴിയാത്ത ഒരു മഴ
കരിമേഘമായി കുടിയിരിക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് ഉറക്കമില്ലാത്ത
രാത്രികളുടെ ഓര്‍മ്മത്തെറ്റുപോലെ.
ചുംബനത്തിന്‍ മഞ്ഞുപെയ്യാതെ-
ചുണ്ടുകള്‍, വരണ്ടുകീറിയ പാടം പോലെ.
പുലഭ്യം പറഞ്ഞുനടന്ന ചിന്തകളുടെ
കാല്‍പ്പാടുകള്‍ മാത്രം തലച്ചോറില്‍.
ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
 ഒരു മാതൃത്വം വറ്റി വരണ്ട  പുഴപോലെ. 
പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.
കൊന്തകള്‍ ഉഴിഞ്ഞ കൈവെള്ളയില്‍
രേഖകള്‍ എല്ലാം, മറഞ്ഞിരിക്കുന്നു.
നാഭിയില്‍ അടക്കിപ്പിടിച്ച  വികാരങ്ങള്‍
ആര്‍ത്തവരക്തം കുടിച്ച് ആത്മഹത്യചെയ്തിരിക്കുന്നു.
നിലത്തുരഞ്ഞുതേഞ്ഞ കാല്‍പ്പാദങ്ങളില്‍
മറന്നുപോയ വഴികളിലെ മണല്‍ത്തരികള്‍ .
ഡോക്ടര്‍മാര്‍ എന്നിട്ടും ആശയക്കുഴപ്പത്തില്‍.
അവസാനം, റിപ്പോര്‍ട്ടില്‍ മരണകാരണം
കഴുത്തിലണിഞ്ഞിരുന്ന 'കൊന്തയും കുരിശും'
എന്നെഴുതിയിരിക്കുന്നു .