"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, September 17, 2012

തെരുവുശില്‍പ്പങ്ങള്‍

കാലത്തിന്‍ കടല്‍ കടന്നെത്തിയ നാവികര്‍ ഞങ്ങള്‍.
കാറ്റിന്‍ഗതിക്കൊപ്പമീ കരയിലെത്തിയ പൂര്‍വികര്‍.
മഴയിലും, പുഴയിലും ഏറെത്തിമിര്‍ത്തവര്‍.
പൂക്കളും കനികളും പങ്കിട്ടെടുത്തവര്‍.
വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍.
തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റെനുകം ഊന്നി  മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍
കാലത്തിന്‍ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്നവര്‍.
ആയിരം അശ്വമേധങ്ങള്‍ക്കായി ഭൂമിയെക്കാത്തവര്‍.
മനസ്സിലും ചിരിയിലും ഒരേ മുഖമുള്ളവര്‍.
മനസ്സിലും ചിരിയിലും ഒരേ...  മുഖമുള്ളവര്‍. 


ഇന്ന് ഞങ്ങളീ.. തെരുവിന്റെ തീരത്ത്‌
വെറുതെ നില്‍ക്കും കറുത്തശില്‍പ്പങ്ങള്‍ .
മണ്ണും മനസ്സും മലിനമാകുന്നത് കണ്ട്
മൂകം വ്യസനിക്കും ആത്മാക്കള്‍.
പൂക്കളെ നോക്കൂ പുകതിന്നു കറുത്തിരിക്കുന്നു.
പുഴകളെല്ലാം  വിഷംകുടിച്ച്  മരിച്ചിരിക്കുന്നു.
മലകളെ നോക്കൂ പച്ചയുരിഞ്ഞു വെളുത്തിരിക്കുന്നു
വയലുകളെല്ലാം വിജനമാകുന്ന ചുടലപ്പറമ്പുകള്‍
കാതലില്‍ കത്തിയാഴ്ന്നു വെറും കുറ്റിയാകുന്നു മരങ്ങള്‍ 
പിടിവിട്ട് താഴെക്കുപതിക്കുന്നു ഗിരിഗര്‍ഭങ്ങള്‍
കൊടുംചതിക്കുത്തരംതേടി രൌദ്രമാകുന്നു തിരകള്‍ 
പെയ്യുന്ന വേനലില്‍ അഗ്നിനാളങ്ങള്‍ പുളയുന്നു
പൊഴിയുന്ന മഴയിലും ചുട്ടുപൊള്ളുന്നു ഭൂമി
പൊഴിയുന്ന മഴയിലും... ചുട്ടുപൊള്ളുന്നു ഭൂമി... 


കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
പിഞ്ചുപൂവിന്റെ കരളറുക്കുന്നു കാമചിന്തകള്‍
ചുടലക്കെടുക്കുംവരെ ചിറകെട്ടിനിര്‍ത്തുന്നു-
സ്വാര്‍ത്ഥമോഹങ്ങള്‍
ആസുരചിന്തയാല്‍ അമ്മയേയും കാമിച്ചുകൊല്ലുന്നു.
കരളുറപ്പോടെ പുത്രിയേയും ഭോഗിച്ചു രസിക്കുന്നു.
സ്വന്തം സുഹൃത്തിനെ ചിതകൂട്ടി ചുട്ടുതിന്നുന്നു.
നാണയക്കിലുക്കത്തില്‍  എല്ലാം മറക്കുന്നു.
നഗ്നയാക്കപ്പെട്ടു സരസ്വതിയും തെരുവില്‍ നില്‍ക്കുന്നു
നിണമൊഴുകുംനിഴലുകള്‍  മാത്രമലയുന്നു  തെരുവില്‍..
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍ അഗ്നിപുളയുന്നു
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍..... അഗ്നിപുളയുന്നു...


ദൂരെയേതോ ഗിരിമകുടത്തില്‍ അഗ്നി പൂത്തിരിക്കുന്നു,
എല്ലാം ദഹിപ്പിച്ചൊടുക്കുവാനവന്‍  എത്തുംമുന്‍പേ
തെരുവില്‍നിന്ന് ഞങ്ങളെ അടര്‍ത്തിമാറ്റുക,
ആ മഹാസാഗരസത്യം മരിക്കും മുന്‍പേ
നിമഞ്ജനം ചെയ്യുക.
ഞങ്ങളേ... നിമഞ്ജനം ചെയ്യുക..