"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, September 17, 2012

തെരുവുശില്‍പ്പങ്ങള്‍

കാലത്തിന്‍ കടല്‍ കടന്നെത്തിയ നാവികര്‍ ഞങ്ങള്‍.
കാറ്റിന്‍ഗതിക്കൊപ്പമീ കരയിലെത്തിയ പൂര്‍വികര്‍.
മഴയിലും, പുഴയിലും ഏറെത്തിമിര്‍ത്തവര്‍.
പൂക്കളും കനികളും പങ്കിട്ടെടുത്തവര്‍.
വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍.
തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റെനുകം ഊന്നി  മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍
കാലത്തിന്‍ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്നവര്‍.
ആയിരം അശ്വമേധങ്ങള്‍ക്കായി ഭൂമിയെക്കാത്തവര്‍.
മനസ്സിലും ചിരിയിലും ഒരേ മുഖമുള്ളവര്‍.
മനസ്സിലും ചിരിയിലും ഒരേ...  മുഖമുള്ളവര്‍. 


ഇന്ന് ഞങ്ങളീ.. തെരുവിന്റെ തീരത്ത്‌
വെറുതെ നില്‍ക്കും കറുത്തശില്‍പ്പങ്ങള്‍ .
മണ്ണും മനസ്സും മലിനമാകുന്നത് കണ്ട്
മൂകം വ്യസനിക്കും ആത്മാക്കള്‍.
പൂക്കളെ നോക്കൂ പുകതിന്നു കറുത്തിരിക്കുന്നു.
പുഴകളെല്ലാം  വിഷംകുടിച്ച്  മരിച്ചിരിക്കുന്നു.
മലകളെ നോക്കൂ പച്ചയുരിഞ്ഞു വെളുത്തിരിക്കുന്നു
വയലുകളെല്ലാം വിജനമാകുന്ന ചുടലപ്പറമ്പുകള്‍
കാതലില്‍ കത്തിയാഴ്ന്നു വെറും കുറ്റിയാകുന്നു മരങ്ങള്‍ 
പിടിവിട്ട് താഴെക്കുപതിക്കുന്നു ഗിരിഗര്‍ഭങ്ങള്‍
കൊടുംചതിക്കുത്തരംതേടി രൌദ്രമാകുന്നു തിരകള്‍ 
പെയ്യുന്ന വേനലില്‍ അഗ്നിനാളങ്ങള്‍ പുളയുന്നു
പൊഴിയുന്ന മഴയിലും ചുട്ടുപൊള്ളുന്നു ഭൂമി
പൊഴിയുന്ന മഴയിലും... ചുട്ടുപൊള്ളുന്നു ഭൂമി... 


കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
പിഞ്ചുപൂവിന്റെ കരളറുക്കുന്നു കാമചിന്തകള്‍
ചുടലക്കെടുക്കുംവരെ ചിറകെട്ടിനിര്‍ത്തുന്നു-
സ്വാര്‍ത്ഥമോഹങ്ങള്‍
ആസുരചിന്തയാല്‍ അമ്മയേയും കാമിച്ചുകൊല്ലുന്നു.
കരളുറപ്പോടെ പുത്രിയേയും ഭോഗിച്ചു രസിക്കുന്നു.
സ്വന്തം സുഹൃത്തിനെ ചിതകൂട്ടി ചുട്ടുതിന്നുന്നു.
നാണയക്കിലുക്കത്തില്‍  എല്ലാം മറക്കുന്നു.
നഗ്നയാക്കപ്പെട്ടു സരസ്വതിയും തെരുവില്‍ നില്‍ക്കുന്നു
നിണമൊഴുകുംനിഴലുകള്‍  മാത്രമലയുന്നു  തെരുവില്‍..
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍ അഗ്നിപുളയുന്നു
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍..... അഗ്നിപുളയുന്നു...


ദൂരെയേതോ ഗിരിമകുടത്തില്‍ അഗ്നി പൂത്തിരിക്കുന്നു,
എല്ലാം ദഹിപ്പിച്ചൊടുക്കുവാനവന്‍  എത്തുംമുന്‍പേ
തെരുവില്‍നിന്ന് ഞങ്ങളെ അടര്‍ത്തിമാറ്റുക,
ആ മഹാസാഗരസത്യം മരിക്കും മുന്‍പേ
നിമഞ്ജനം ചെയ്യുക.
ഞങ്ങളേ... നിമഞ്ജനം ചെയ്യുക..


 

34 comments:

  1. ഭയാനകമായ ദുരിതജീവിതത്തെ സത്യസന്ധമായി വരച്ചുവച്ചിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി മുഹമ്മദ്‌ സര്‍ ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും

      Delete
  2. പ്രിയ ഗോപകുമാര്‍,

    മനസിലെ ആകുലതകള്‍ ഭംഗിയായി വരച്ചുകാട്ടി. നല്ല കവിത. പിന്നെ ഇതെല്ലാം മാറും. മനുഷ്യന് തിരിച്ചറിവ് വരുന്ന ഒരു കാലമുണ്ടാവും. അല്ലെങ്കില്‍ മാറ്റുവാന്‍ ആരെങ്കിലും വരുമായിരിക്കും. പ്രതീക്ഷയോടെ ഇരിക്കാം. പ്രാര്‍ഥിക്കാം.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വളരെ നന്ദി ഗിരീഷ്‌
      എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം

      Delete
  3. ചുട്ടു പൊള്ളുന്നു ഭൂമി. ചുട്ടു പൊള്ളുന്നു സത്യങ്ങളും.
    നന്നായി.

    ReplyDelete
    Replies
    1. വളരെ ശരിയാണ് വിജയകുമാര്‍ സര്‍ എല്ലാം ചുട്ടു പൊള്ളുന്നു

      Delete
  4. ആകെ കത്തിപ്പിടിക്കുന്നല്ലോ?കവിതസാന്ത്വനവുമാണ്.അങ്ങനേയും ഒന്നു പരിശ്രമിച്ചുകൂടേ?

    ReplyDelete
    Replies
    1. കത്തിപ്പിടിച്ചത് അടങ്ങുമ്പോള്‍ അങ്ങനെയും കവിത വരുമായിരിക്കും
      വളരെ നന്ദി

      Delete
  5. "പൂക്കളെ നോക്കൂ പുകതിന്നു കറുത്തിരിക്കുന്നു.
    പുഴകളെല്ലാം വിഷംകുടിച്ച് മരിച്ചിരിക്കുന്നു.
    മലകളെ നോക്കൂ പച്ചയുരിഞ്ഞു വെളുത്തിരിക്കുന്നു .."
    ചുള്ളികാടിന്റെ വരികളേ ഓര്‍മിപ്പിച്ചു ഇത് സഖേ ..
    തെരുവ് ശില്പ്പങ്ങള്‍ പൊല്‍ നാം കണ്ടും കേട്ടും
    തരിച്ചിരിപ്പുണ്ട് , മുന്നിലൂടെ ഊര്‍ന്ന് പൊകുന്ന
    പലതും നാളേയുടെ ആപത്തുകളാകുമ്പൊള്‍ ...

    ReplyDelete
    Replies
    1. എല്ലാം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു
      വളരെ നന്ദി റിനി ഈ വരവിനും അഭിപ്രായത്തിനും

      Delete
  6. ഇന്നു നാട്ടില്‍ നടമാടുന്ന തിന്മകളെ ഉള്ളില്‍ തിങ്ങിനിറഞ്ഞ ക്രോധത്തോടെ
    പ്രകടമാക്കുന്ന വരികള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. ചുറ്റുമുള്ള കാഴ്ചകള്‍ നമ്മെ മടുപ്പിക്കുന്നു
      അഭിപ്രായത്തിനു വളരെ നന്ദി സര്‍

      Delete
  7. നല്ല കവിത.നല്ല രചന .ഇനിയിവിടെ പറയാന്‍ വല്ലതും ബാക്കിയുണ്ടോ - നമ്മുടെ 'വര്‍ത്തമാന'"കലി"കാല ദുര്‍മുഖത്തേക്കു നോക്കി !ധാര്‍മ്മിക മനസ്സാക്ഷിയിങ്ങിനെയിങ്ങിനെ ഉണര്‍ന്നുയര്‍ന്നു നേര്‍വിരല്‍ ചൂണ്ടാട്ടെ ,അക്ഷര വെളിച്ചത്തില്‍ ...അഭിനന്ദനങ്ങള്‍ !!

    ReplyDelete
    Replies
    1. ഒരുപാട് നാളിനു ശേഷമുള്ള ഈ വരവിനും
      അഭിപ്രായത്തിനു വളരെ നന്ദി സര്‍

      Delete
  8. ആര്‍ദ്രത വറ്റിയ
    ആസുരകാലത്തെ
    ആകുലതകളുടെ
    ആകത്തുക.

    നന്നായെഴുതി.

    എങ്കിലും നമുക്ക് ശുഭാപ്തിവിശ്വാസികളാകാം.
    ഒരു പിന്‍വിളിക്ക് കാതോര്‍ക്കാം.

    ReplyDelete
    Replies
    1. അതെ സര്‍ ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം
      അഭിപ്രായത്തിനു വളരെ നന്ദി

      Delete
  9. നല്ല എഴുത്ത് ... വരികള്‍ മനോഹരം

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി നിദീഷ്

      Delete
  10. കുഴപ്പമില്ല, പക്ഷേ ചില വരികൾക്ക് , മുരുകൻ കാട്ടാക്കടയുടെ പുക എന്ന കവിതയുമായി ഒരു സാമ്യം തോന്നും.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി സുമേഷ്
      മുരുകന്‍ കാട്ടാക്കട എന്റെ ഒരു ഇഷ്ട കവി ആണ്

      Delete
  11. വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍ എങ്ങനെ മണ്ണിന്റെയും വിണ്ണിന്റെയും ഘാതകരായെന്നു പറയുന്നു, കവിത..

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍

      Delete
  12. എന്താ കഥാ .. സ്വാര്‍ത്ഥത അരങ്ങു വാഴുന്നു സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി പുണ്യവാള

      Delete
  13. ധര്‍മ്മരോഷം നിറഞ്ഞ വരികളാണല്ലോ കവേ..
    നഷ്ടപ്പെട്ടതിനെ ഏറെയിഷ്ടമായത് കൊണ്ട് ആദ്യത്തെ വരികള്‍ ഏറെയിഷ്ടായി..

    നവയുഗത്തെ നോക്കി പരിതപിക്കുന്ന പൂര്‍വ്വികര്‍, വരാനിരിക്കുന്ന സത്യത്തെ മുന്‍കൂട്ടി കണ്ട് നിമഞ്ജനം ചെയ്യപ്പെടാനാഗ്രഹിക്കുന്നതില്‍ തെറ്റില്ല തന്നെ...

    ReplyDelete
    Replies
    1. ചുറ്റുമുള്ള കാഴ്ചകള്‍ ധര്‍മ്മരോക്ഷം ഉണര്‍ത്തുന്നു
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി നിത്യ

      Delete
  14. കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
    വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
    നല്ല എഴുത്ത് ...

    ReplyDelete
    Replies

    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി vineetha

      Delete
  15. എരിയുന്ന വരികളാണല്ലോ....എല്ലാം.

    ReplyDelete
    Replies
    1. എച്ചുമുക്കുട്ടിയുടെ ഈ അഭിപ്രായം വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു

      Delete
  16. തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
    ജീവന്റെനുകം ഊന്നി മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
    ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
    വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍

    അവരുടെ ഹൃദയവ്യഥ മനസ്സില്‍ തട്ടും വിധം തീവ്രതയോടെ അവതരിപ്പിക്കാന്‍ ഗോപനു കഴിഞ്ഞു. എന്നിട്ട് വെറുമൊരു വിലാപം പോലെ കവിത അവസാനിപ്പിച്ചത് മനസ്സിനെ അസ്വസ്ഥന്മാക്കി. പ്രതീക്ഷയുടെ ഒരു കുഞ്ഞുനാമ്പെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്ന് നിരാശ തോന്നി.

    മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഒരു പക്ഷെ, വായനക്കാരിലുണ്ടാക്കുന്ന ഈ അസ്വസ്ഥതയായിരിക്കാം, കവിതയുടെ സാഫല്യം.

    ReplyDelete
    Replies
    1. ഈ അസ്വസ്ഥതയില്‍ നിന്ന് പ്രതീക്ഷ്ക്കുള്ള ഒരു കുഞ്ഞുനാമ്പെങ്കിലും മുളച്ചാല്‍ അത് തന്നെ സാഫല്യം
      ഈ വരവിനും അഭിപ്രായത്തിനും വളരെനന്ദി സ്നേഹതീരം

      Delete
  17. കവിത ഇഷ്ടമായി.

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി aswathi

      Delete

Thank you