"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, December 2, 2012

ചിതറിയ പൂമൊട്ടുകള്‍

(ലോകത്തെവിടെ ആയാലും കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു)

പാല്‍മണം മാറാത്ത ചുടുചോരയില്‍
പാദം നനഞ്ഞു നില്‍പ്പല്ലോ
ഞാന്‍.
ഇന്നലെവരെയെന്‍
  ചൂടേറ്റുറങ്ങിയ
പൊന്നിന്റെ പുലയാണെനിക്കിന്ന്.
ആരോ തൊടുത്തൊരമ്പിനാല്‍
ഇളം നെഞ്ചം  പിളരുമ്പോഴും
അമ്മിഞ്ഞ നുണയുവാനാഞ്ഞൊരാ
ചുണ്ടുകള്‍
, അഗ്നിപോലെന്റെ
കാഴ്ചയില്‍ പുളയുന്നയ്യോ....
ഓരോ  വെടിയൊച്ച നടുക്കത്തിലും
എന്നെ ഇറുകെ പിടിച്ചൊരാ
കുഞ്ഞിവിരലിന്‍ ഞെരുക്കം
എന്റെ പ്രാണന്‍  പൊലിയും
 നിമിഷത്തേക്കാള്‍ ഭയാനകം.
നക്ഷത്രമുത്തുപോല്‍ തിളങ്ങുമീ-
ക്കണ്ണിലെ നീര്‍നനവില്‍ ഞാനെന്‍
പാപങ്ങളൊക്കെയും കഴുകിടാം.
ആരാണ് നിങ്ങള്‍
ഏതു  ദൈവത്തിനു ബലിയായി
 അറുത്തതീ കുഞ്ഞു ശിരസ്സുകള്‍.
ഏതു  വംശകീര്‍ത്തിക്കായി
തടുത്തതീ കുഞ്ഞു മിടിപ്പുകള്‍.
ഏതു ഗ്രന്ഥത്തിന്‍ മോടികൂട്ടുവാന്‍
തകര്‍ത്തതീ കുഞ്ഞു മനസ്സുകള്‍.
ഏതു തത്ത്വശാസ്ത്രത്തിന്‍ പാഴ്നിലമുഴുവാന്‍
തളിച്ചതീ ഇളംചോരത്തുള്ളികള്‍.
മാനിഷാദ... മാനിഷാദ....
വിഫലമാണ് നിന്റെയീ ശ്രമങ്ങളെല്ലാം.
പിറക്കുമോരോ കുഞ്ഞിന്റെ കണ്ണിലും
കാണുന്നു ഞാന്‍ നിന്‍നേര്‍ക്ക്‌
നീളുന്ന
ദൈവത്തിന്‍ ഇമയടയാത്തൊരു നോട്ടം.