"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, December 2, 2012

ചിതറിയ പൂമൊട്ടുകള്‍

(ലോകത്തെവിടെ ആയാലും കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു)

പാല്‍മണം മാറാത്ത ചുടുചോരയില്‍
പാദം നനഞ്ഞു നില്‍പ്പല്ലോ
ഞാന്‍.
ഇന്നലെവരെയെന്‍
  ചൂടേറ്റുറങ്ങിയ
പൊന്നിന്റെ പുലയാണെനിക്കിന്ന്.
ആരോ തൊടുത്തൊരമ്പിനാല്‍
ഇളം നെഞ്ചം  പിളരുമ്പോഴും
അമ്മിഞ്ഞ നുണയുവാനാഞ്ഞൊരാ
ചുണ്ടുകള്‍
, അഗ്നിപോലെന്റെ
കാഴ്ചയില്‍ പുളയുന്നയ്യോ....
ഓരോ  വെടിയൊച്ച നടുക്കത്തിലും
എന്നെ ഇറുകെ പിടിച്ചൊരാ
കുഞ്ഞിവിരലിന്‍ ഞെരുക്കം
എന്റെ പ്രാണന്‍  പൊലിയും
 നിമിഷത്തേക്കാള്‍ ഭയാനകം.
നക്ഷത്രമുത്തുപോല്‍ തിളങ്ങുമീ-
ക്കണ്ണിലെ നീര്‍നനവില്‍ ഞാനെന്‍
പാപങ്ങളൊക്കെയും കഴുകിടാം.
ആരാണ് നിങ്ങള്‍
ഏതു  ദൈവത്തിനു ബലിയായി
 അറുത്തതീ കുഞ്ഞു ശിരസ്സുകള്‍.
ഏതു  വംശകീര്‍ത്തിക്കായി
തടുത്തതീ കുഞ്ഞു മിടിപ്പുകള്‍.
ഏതു ഗ്രന്ഥത്തിന്‍ മോടികൂട്ടുവാന്‍
തകര്‍ത്തതീ കുഞ്ഞു മനസ്സുകള്‍.
ഏതു തത്ത്വശാസ്ത്രത്തിന്‍ പാഴ്നിലമുഴുവാന്‍
തളിച്ചതീ ഇളംചോരത്തുള്ളികള്‍.
മാനിഷാദ... മാനിഷാദ....
വിഫലമാണ് നിന്റെയീ ശ്രമങ്ങളെല്ലാം.
പിറക്കുമോരോ കുഞ്ഞിന്റെ കണ്ണിലും
കാണുന്നു ഞാന്‍ നിന്‍നേര്‍ക്ക്‌
നീളുന്ന
ദൈവത്തിന്‍ ഇമയടയാത്തൊരു നോട്ടം.


30 comments:

 1. ഈ കണ്ണീര്‍ മുത്തുകള്‍ വരികളായി വിതുമ്പുമ്പോള്‍ തേങ്ങുന്നുണ്ട് ഉള്ളകം 'അരുതേ ...അരുതേ ...!'പ്രാര്‍ഥിക്കാം സമാധാനത്തിന്റെ പുതു ലോകപ്പിറവിക്കായി.ഹൃദ്യമീ വരികള്‍ ...ഉദാത്തമീ ചിന്തയും!അഭിനന്ദനങ്ങള്‍!
  പ്രിയ സുഹൃത്തേ,'വിഫലം'എന്നല്ലേ''വിഭലം' ?

  ReplyDelete
  Replies
  1. യ നമുക്ക് പ്രാര്‍ഥിക്കാം
   അഭിപ്രായത്തിനും നോട്ടപ്പിശക് ചൂണ്ടിക്കാണിച്ചതിനും നന്ദി

   Delete
 2. കവിത നന്നായി ഇഷ്ടപ്പെട്ടു
  തുറക്കുന്ന കണ്ണില്‍ കാണുന്നത് കലാപത്തിന്‍റെ ചിത്രം
  കൂര്‍ പ്പിക്കുന്ന കാതുകളില്‍ വെടിയോച്ചയില്‍ കേള്‍ക്കാതെ പോകുന്ന ദീന രോധനങ്ങള്‍

  ReplyDelete
  Replies
  1. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

   Delete
 3. സാമ്രാജ്യത്വ ധുരയ്ക്കു എന്തു കുഞ്ഞുങ്ങൾ.....
  അവർക്കെല്ലാം ഇരകൾ മാത്രം. വെറുൻ ഇരകൾ...........
  വിടരാതെ കൊഴിഞ്ഞ പൂക്കൾക്കു ശ്രദ്ധാഞ്ജലി..............
  ശുഭാശംസകൾ................

  ReplyDelete
  Replies
  1. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

   Delete
 4. നന്നായി ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. വളരെ നന്ദി നിദീഷ്

   Delete
 5. വളരെ നന്നായി എഴുതി.

  ReplyDelete
  Replies
  1. വളരെ നന്ദി അശ്വതി

   Delete
 6. മനുഷ്യത്വം മരവിച്ചവരോട് കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞിട്ടെന്തുകാര്യം? ഒരു കുഞ്ഞീന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാൽ മനമുരുകുന്ന നല്ല മനുഷ്യർക്കിടയിൽ ഈ നരാധമന്മാർ എങ്ങനെയുണ്ടാകുന്നുവെന്ന് ദൈവത്തിനോട് ചോദിക്കുകയേ തരമുള്ളൂ.

  ReplyDelete
  Replies
  1. ശരിയ പറഞ്ഞുട്ടു ഒരു കാര്യവുമില്ല
   അഭിപ്രായത്തിന് വളരെ നന്ദി

   Delete
 7. കാണുന്നു ഞാന്‍ നിന്‍നേര്‍ക്ക്‌ നീളുന്ന
  ദൈവത്തിന്‍ ഇമയടയാത്തൊരു നോട്ടം.
  ഭ്രാന്തുപിടിച്ചവര്‍ക്കെന്തു കരുണ!എന്തു തത്ത്വശാസ്ത്രം!!!
  ഏതു ദൈവപ്രീതി?!!
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി തങ്കപ്പന്‍ സര്‍

   Delete
 8. പ്രിയപ്പെട്ട ഗോപകുമാര്‍,
  നല്ല വരികള്‍. നന്നായി എഴുതി. ആശംസകള്‍
  സ്നേഹത്തോടെ,

  ReplyDelete
  Replies
  1. വളരെ നന്ദി ഗിരീഷ്‌

   Delete
 9. ചോരചിന്താത്തൊരു ലോകം വേണം

  ReplyDelete
  Replies
  1. അതെ കിട്ടുമെന്ന് ആശിക്കാം
   നന്ദി അജിത്തെട്ടാ

   Delete
 10. ഏതു തത്ത്വശാസ്ത്രത്തിന്‍ പാഴ്നിലമുഴുവാന്‍
  തളിച്ചതീ ഇളംചോരത്തുള്ളികള്‍. ?!!!

  Great Lines!!!

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി കീയു

   Delete
 11. ലോകം,, അതിനിയും കൂടുതല്‍ കൂടുതല്‍ നശിച്ചു കൊണ്ടേ ഇരിക്കും... ക്ഷമിക്കുക,, ലോകമല്ല ലോകരാന്നു നശിക്കുന്നത്...

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി അബൂതി

   Delete
 12. മനസ്സില്‍ മനുഷ്യത്വം നശിച്ചവര്‍ക്ക്...

  മൃഗീയത എന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് പോലും അപമാനം.!

  മനുഷ്യനോളം ക്രൂരത കാണിക്കുന്ന ജീവികള്‍ വേറെ ഏതുണ്ട് എന്ന് തോന്നുന്നു ചിലപ്പോള്‍...

  നന്നായിട്ടുണ്ട് ഗോപാ വരികളിലെ തീഷ്ണത..
  "കാണുന്നു ഞാന്‍ നിന്‍ നേര്‍ക്ക്‌ നീളുന്ന
  ദൈവത്തിന്‍ ഇമ അടയാത്തൊരു നോട്ടം"

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി നിത്യ

   Delete
 13. ഒരു കമന്റ് തരാന്‍ ഇടറിയ തൊണ്ടയില്‍ വാക്കുകള്‍ ഇല്ല ...സ്നേഹിതാ
  രണ്ടു തുള്ളി കണ്ണുനീര്‍ ഞാനിവിടെ ഉപേക്ഷിച്ചു പോകുന്നു...
  അതില്‍ ആരും ചോര കുതിര്‍ക്കരുത് !!
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
  Replies
  1. ആരും ചോര കുതിര്‍ക്കാതിരിക്കട്ടെ
   അഭിപ്രായത്തിന് വളരെ നന്ദി

   Delete
 14. ഏതു ദൈവത്തിനു ബലിയായി
  അറുത്തതീ കുഞ്ഞു ശിരസ്സുകള്‍.

  ദൈവത്തെക്കാള്‍ വലിയ ദൈവങ്ങളാകാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ക്രൂര പ്രവര്‍ത്തികള്‍ , അതില്‍ പെട്ട് പോവുന്ന നിരപരാധികള്‍ ,,,

  നല്ല അര്ത്ഥം നിറഞ്ഞ കവിത

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി സലിം

   Delete
 15. ഇന്നലെവരെയെന്‍ ചൂടേറ്റുറങ്ങിയ
  പൊന്നിന്റെ പുലയാണെനിക്കിന്ന്. വരികളിലെ തീക്ഷണത നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി അനൂപ്‌

   Delete

Thank you