"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, October 7, 2012

എന്റെ അച്ഛന്‍

അച്ഛനെനിക്കൊരു രൂപമില്ലാത്ത ശബ്ദം
ഫോണിന്റെ അങ്ങേത്തലക്കല്‍ മുഴങ്ങുന്ന ശബ്ദം.
കണികണ്ടുണരാന്‍ കിടക്കകരുകിലെ ചിത്രം
അമ്മ നെഞ്ചോടുചേര്‍ത്ത്‌ കണ്ണീര്‍വീഴ്ത്തുന്ന ചിത്രം.
മുത്തശ്ശിക്കെന്നും വാത്സല്യക്കണ്ണുനീരാണെന്റെയച്ഛന്‍
ദൂരയാണച്ഛന്‍ അങ്ങുദൂരെ കടലിനുമക്കരെ.
ഉറക്കത്തിലെന്നും ഉണരാറുണ്ടുഞാന്‍ അച്ഛനെക്കണ്ട്‌.
സ്വപ്നത്തിലച്ഛന്‍ എനിക്കുവെറും  ശബ്ദമല്ല
വാത്സല്യത്തിന്‍ വന്‍തിരപോലൊരു  ദൈവരൂപം

ഇന്നലെ ഞങ്ങളീ തൊടിയിലാകെ ഓടിക്കളിച്ചു
ചിന്നിച്ചിതറുന്ന ചാറ്റല്‍മഴ നനഞ്ഞു നടന്നു
മറുപാട്ടുകേട്ട്  പിണങ്ങിപ്പറന്നുപോം കുയിലിനെ
കളിയാക്കി ഞങ്ങള്‍ ആര്‍ത്തുചിരിച്ചു .
പൂവിനെ മുത്തിപ്പറക്കുന്ന തുമ്പിയെ കല്ലെടുപ്പിച്ചു.
അണ്ണാറക്കണ്ണന്റെ പള്ളുപറച്ചില്‍ കേട്ടുചിരിച്ചു.
തവളകള്‍ക്കൊപ്പമീ  കുളത്തില്‍ മുങ്ങാങ്കുഴിയിട്ടു.
പരല്‍മീനിനെ കണ്ണിവലത്തോര്‍ത്തില്‍ കൊരിപ്പിടിച്ചു.
തേന്മാവിന്‍കൊമ്പത്തെ ഊഞ്ഞാലില്‍ ചില്ലാട്ടം പറന്നു.
ദൂരെമറയുന്ന സൂര്യനെ നോക്കി പുഴയുടെ-
തീരത്തെ വെള്ളാരംമണലിലിരുന്നു.
അന്തിതിരിതെളിച്ച് അമ്മവന്നു വിളിച്ചപ്പോള്‍
കാലും മുഖവും കഴുകി  രാമനാമം ജപിച്ചു.
പിന്നെയച്ഛന്റെ  ഉരുളവാങ്ങിക്കഴിച്ച്  വയറുനിറച്ചു.
ആ നെഞ്ചില്‍ക്കിടന്ന് നക്ഷത്രങ്ങളെ എണ്ണിക്കളിച്ചു.
അമ്പിളിമാമന്റെ കണ്ണില്‍നോക്കി കഥകള്‍പറഞ്ഞു.
പിന്നെയച്ഛന്റെ മാറിലെ താരാട്ടിന്റെയീണം
എന്റെ മിഴികളില്‍ നിദ്രയായി വന്നു മയങ്ങും.
സ്വപ്നങ്ങളെ  സുന്ദരസ്വപ്നങ്ങളെ..... 
എന്നെനിക്കാകുമാ നെഞ്ചിന്റെ ചൂടേറ്റൊരു  കുഞ്ഞുറക്കം.
ആ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം.