"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, October 22, 2012

എന്‍ഡോസള്‍ഫാന്‍

വിഷം തേച്ച മുലകളുമായി പൂതന ഉറഞ്ഞാടുന്നു.
കാരിനാഗഫണം പോലെ  അവളുറഞ്ഞാടുന്നു
നിലംതൊടും മുടിയഴിച്ചവള്‍ നിറഞ്ഞാടുന്നു
വൃന്ദാവനത്തിന്‍ വീഥിയാകെ നിറഞ്ഞാടുന്നു
കനലെരിയും കണ്ണുമായവള്‍ ഇരതേടുന്നു
ഇലയിലും പൂവിലും വിഷംചീറ്റി തിമിര്‍ത്താടുന്നു
കംസനീതിക്കായവള്‍ നോമ്പ് നോല്‍ക്കുന്നു
പിഞ്ചുനാവില്‍ വിഷപ്പാല്‍ ചവര്‍പ്പ്  കിനിയുന്നു
രൌദ്രമാം മിഴിയുമായവള്‍ ഉറഞ്ഞാടുന്നു.
കിരാത നൃത്തച്ചുവടുകള്‍ തിമിര്‍ത്താടുന്നു.
അവള്‍തന്‍ വിയര്‍പ്പു കിനിയുന്ന  മണ്ണില്‍
മനുഷ്യഭ്രൂണങ്ങള്‍ ഉരഗങ്ങളായി പിറക്കുന്നു.
ജനിയിലെക്കോഴുകുന്ന ബീജങ്ങളും വികൃതമാകുന്നു.
ഭിക്ഷതേടുവാന്‍ വിരലുകളില്ലാതെ ജന്മങ്ങള്‍
നിഴലുകളായി തെരുവിലാകെ നിറയുന്നു
നീതിക്കുവേണ്ടിയവര്‍ ചുടലപ്പറമ്പില്‍ കാത്തുനില്‍ക്കുന്നു
അവരെവെറും വിഴുപ്പുകളാക്കുന്നു വികടസിംഹാസനങ്ങള്‍.
വിരുതിനാല്‍ തട്ടിപ്പറിക്കുന്നു ഭിക്ഷാപാത്രങ്ങള്‍.
ഇടറുന്നകാലുകള്‍ ഉറപ്പിനായ് ഇടംതേടവേ
എരിയുന്ന കരളുകള്‍ കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ക്കവെ
മുന്നില്‍നിറയും ദുരിതക്കടല്‍ കണ്ടുപകച്ചുനിക്കവേ
കണ്ണിലഗ്നിയുമായവള്‍ ചുടലനൃത്തം  തുടരുന്നു
നീര്‍നാടി മരവിച്ച മണ്ണില്‍ ചുടലനൃത്തം  തുടരുന്നു
ആരുണ്ടിവളെ തടുക്കുവാന്‍ ,ഗോകുലം കാക്കുവാന്‍.
എങ്ങാനും കേള്‍ക്കുന്നുവോ ഒരു പുല്ലാങ്കുഴല്‍നാദം
ദൂരെയെങ്ങാനും കണ്ടുവോ ഒരു പീതവര്‍ണ്ണം.
വരിക കണ്ണാ നീയീ ഗോകുലം കാക്കുവാന്‍
വീണ്ടും വരിക നീയീഗോക്കളെ മേയ്ക്കുവാന്‍