"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, May 21, 2012

നൊസ്റ്റാള്‍ജി മരം

ഈ മണല്‍ നാട്ടില്‍ തണലിനായി
ഞാനൊരു മരം നട്ടു
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം
തണുപ്പും തണലും തന്നത്
എനിക്ക് ചുറ്റും പടര്‍ന്നു
മണല്‍ പൊരിയും ചൂടിലും
എനിക്കത് കുളിരുന്ന സുഖം തന്നു
കാറ്റിലുലയുമതിന്‍ തുഞ്ചത്തിരുന്നു
ഞാറ്റു പാട്ടിന്‍ ഈണം നുകര്‍ന്നു
നിറയെ
പൂത്തൊരീ മരമെന്‍
സ്വപ്നത്തില്‍ വര്‍ണം വിതച്ചു
പൂഞ്ചില്ലയില്‍ നിന്ന് എന്നുമൊരു കിളി
എന്നമ്മക്കരുകിലെക്ക് പറന്നു
എന്നുമെനിക്കത്താഴം  കുബ്ബൂസും
കൂട്ടിന്നൊരു  നൊസ്റ്റാള്‍ജിപ്പഴവും
എന്നുമെനിക്കീമരം  തണുപ്പും തണലും
അമ്മതന്‍ തലോടലിന്‍ സുഖവും
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം.

Sunday, May 20, 2012

ചത്ത മത്സ്യങ്ങള്‍

ചത്ത മത്സ്യങ്ങള്‍ ആരെ പോലെയാണ്
അവര്‍ സന്ന്യാസിമാര്‍ വേദകാലതുനിന്നും
തെറിച്ചു വീണ മീന്‍ ചെതുമ്പലുകള്‍
അല്ലെങ്കില്‍ അവര്‍ ബുദ്ധഭിക്ഷുക്കളാകും
പരിത്യാഗത്തിന്റെ തോലുപോളിച്ചു വന്ന
വൃത്തിയില്ലാത്ത  മോട്ടത്തലയന്മാര്‍
അഹിംസയുടെ ഊന്നുവടി പിടിച്ചു നടന്ന
വിഡ്ഢിയായ ആ വൃ
ദ്ധനുമാകാം , അതുമല്ലെങ്കില്‍
ഭ്രൂണത്തില്‍ കുടിയിരുന്നു ജീവനുവേണ്ടി
തപസ്സു ചെയ്യും മനുഷ്യന്റെ പുതിയ പതിപ്പാകും
എന്താണെങ്കിലും ചത്ത
മത്സ്യങ്ങള്‍
ധ്യാനത്തിലാണ് മിഴികളടച്ച്  ലോകനന്മാക്കായി
ജെലപ്പരപ്പില്‍ ജെലസമാധിയിലാണ്
"ലോകാ സമസ്താ സുഖിനോഭവന്തു"

ഗാന്ധിജിയുടെ പരാതി

ഗാന്ധിജി തിരികെ വന്ന്
ഒരന്യായം ഫയല്‍ ചെയ്തിരിക്കുന്നു
എന്റെ ചിത്രം അനുവാദമില്ലാതെ
ദുരുപയോഗം ചെയുന്നു എന്ന്
എവിടെയൊക്കെ എന്ന് വിശദീകരണം
മനുഷ്യത്വത്തിന്റെ  മുഖം വെട്ടിപ്പൊളിക്കാന്‍
കൊട്ടേഷന്‍ കൊടുക്കുന്നിടത്ത്
അധിക്കാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക്
വിലപേശുന്നിടത്
പട്ടിണി കിടക്കുന്ന ഭാര്യയെ പ്രാപിക്കാതെ
വേശ്യയുടെ  മടിക്കുത്ത് ആഴിക്കുന്നിടത്ത്
രോഗം കുത്തിവച്ച് ആരോഗ്യം സംരക്ഷ്ക്കുന്നിടത്ത്
അറിവ് അളന്നു നല്‍കുന്നിടത്ത്
അന്നം തന്ന ഭൂവിന്റെ നാഭിയില്‍ നുകം ഇറക്കുന്നിടത്ത്
വെള്ളവും വായുവും
ലേബലിട്ടു വില്‍ക്കുന്നിടത്ത്
അങ്ങനെ എല്ലാ ഇടനാഴിയിലും
എന്റെ ചിത്രം വിക്രിതമാക്കപെടുന്നു
ഇതന്ന്യായം തന്നെയല്ലേ ?

ഒരു മോഹം

ഒരുപാടുനാളായി എവിടെനിന്നോ ഒഴുകിവന്നു
 ഈ ഒറ്റ മുറിക്കുള്ളില്‍ തളം കെട്ടികിടക്കാന്‍ തുടങ്ങിയിട്ട്
ദുര്‍ഗന്തം വമിച്ചു തുടങ്ങിയിരിക്കുന്നു
൧൫ ഇഞ്ച് വലിപ്പം മാത്രമുള്ള ഈ ഇടനാഴിയിലൂടെ
 ലോകത്തെ കാണാന്‍ തുടങ്ങിയിട്ട് ഏറെ നാളായി
ഇന്നെന്റെ കാഴ്ച ആ വലിപ്പത്തിലേക്ക് ചുരുങ്ങിയിരിക്കുന്നുവോ
രണ്ടു വിരലുകൊണ്ടുമാത്രം ലോകത്തെ തൊട്ടു
ബാക്കി വിരലുകളെല്ലാം ഉപയോഗശൂന്യമായിരിക്കുന്നു
ചതുര വടിവുള്ള കീബോര്‍ഡ് അക്ഷരങ്ങളിലൂടെ
മാത്രം സംസാരിച്ച്‌
നാവില്‍ നിന്ന് അക്ഷരങ്ങള്‍ എല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു
ബന്ധനങ്ങളാല്‍ വലിച്ചു മുറുക്കപ്പെട്ട ഈ ചുവരുകള്‍ക്ക്
ഇന്നെന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു
ഓര്‍മകളുടെ ശിഘരത്തില്‍ ഉറങ്ങാതെ ഇരിക്കുന്ന ആ പക്ഷി
അതിന്റെ പാട്ടെന്നെ വല്ലാതെ മോഹിപ്പിക്കുന്നു
ഈ ചുവരുകള്‍ക്ക് നാണം തോണി എന്നാകും മോചിപ്പിക്കുക
എന്നിലെ അഴുക്കുകള്‍
എല്ലാം ഇവിടെ ഉപേക്ഷിച്ചു
തെളിഞ്ഞ പുഴയായി, ചിരിക്കുന്ന ഓളങ്ങളായി ഒഴുകണം
ഇവിടെ ഒരഴുക്കുചാലായി ഉറഞ്ഞു നശിക്കാതെ
മരണമാം മഹാസാഗരത്തില്‍ തെളിനീരായി അലിഞ്ഞ്
അമ്രതത്വം നേടണം

Thursday, May 10, 2012

കവി ജന്മം

 ഒറ്റക്കിരിക്കുമ്പോള്‍ ഉയിരിന്റെ ഉല്പത്തി തിരയുക
 ശേഷം ഉയിര്‍തന്നവരെ അടക്കം ചീത്ത പറയുക
പിന്നെ എല്ലാം കൂട്ടിച്ചേര്‍ത്തു ഒരു കവിതയാക്കുക
നീട്ടി കുറുക്കി അത് ചൊല്ലി ഒരു കവിയാകുക
അപ്പോള്‍ ആരെങ്കിലും വിളിച്ചോരവാര്ടു  തരും
പിന്നെ ചാനല്‍ ചര്‍ച്ചയും, കവിയരങ്ങുമായി
ജീവിതം സുഖം