"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, September 26, 2012

കടല്‍ത്തീരത്തെ കുമിള്‍

ഇവിടെയൊരു തീരമുണ്ട് .
ഉപ്പിന്റെ മണമുള്ള കടല്‍ത്തീരമുണ്ട് .
ചെറുവഞ്ചികള്‍  പെരുംതിരകളോടേറ്റ്
എരിവയര്‍ നിറക്കുന്ന തീരമുണ്ട്.
വറുതിയില്‍ കടല്‍ച്ചിപ്പികള്‍ തീര്‍ക്കുന്ന
ചിത്രങ്ങളെനോക്കി ചിരിക്കുന്ന തീരമുണ്ട്.
വരുംകാല ചാകരത്തിരകളെ
സ്വപ്നങ്ങള്‍ കാണുന്ന തീരമുണ്ട്.
ഉയിരിന്റെമേലെ പാഞ്ഞുകയറുന്ന
തിരകളെനോക്കി, അമ്മതന്‍-
തലോടലെന്നാശ്വസിക്കും തീരമുണ്ട്.
തുടക്കവും, ഒടുക്കവും ഇവിടെയെന്നെഴുതിയ
ജാതകം ഇറുകെപ്പിടിക്കുന്ന  തീരമുണ്ട് .
കടലമ്മതന്‍ മാനം കാക്കുവാന്‍
പങ്കായമേന്തി കാവലാകുന്ന തീരമുണ്ട്.
ഇവിടെയൊരു തീരമുണ്ട്
കണ്ണുനീരിലും ഉപ്പു കിനിയുന്ന തീരം...

ഇവിടെയല്ലോ വിശ്വസാഹിതികള്‍ക്ക്
വിഷയങ്ങള്‍ വിരിഞ്ഞത്.
ഇവിടെയല്ലോ അടിമച്ചങ്ങലകളെ
ഉപ്പുകുറുക്കി അറുത്തത്.
ഇവിടെയല്ലോ വിശ്വസംസ്ക്കാരങ്ങള്‍
പായ് വഞ്ചിയടുപ്പിച്ചത്.
ഈ മണല്‍ത്തരികളിലല്ലോ...
പ്രണയങ്ങള്‍ പിച്ചനടന്നത്.

ഇന്നിതാ നോക്കൂ ഇവിടെയൊരു
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
കടല്‍പ്പിശാചിന്റെ  ചുവന്നകണ്ണുള്ള
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
അഗ്നിച്ചീളുകള്‍ ചിതറുന്ന ചിറകുകള്‍
കുടഞ്ഞത്  തീരം വികൃതമാക്കുന്നു.
വെള്ളാരംമണലിനെ  വിഷംചീറ്റുന്ന
വേരുകളാഴ്ത്തി മലിനമാക്കുന്നു.
അദൃശ്യ വിഷസൂചികളേറ്റ്
കടല്‍ക്കാറ്റിന്റെ കരളും പിടയുന്നു.
പൊട്ടുവാന്‍ വെമ്പിനില്‍ക്കുമീയഗ്നിഗോളം 
കണ്ടു തിരകളും  പിന്തിരിയുന്നു.
വയറോട്ടിയ വഞ്ചികള്‍ തീരമണയുന്നു.
സ്വപ്നങ്ങളിലെല്ലാം ഒരണുവിസ്ഫോടനത്തില്‍
പൊട്ടിച്ചിതറുന്ന ബാല്യങ്ങള്‍ നിറയുന്നു.
കടല്‍ക്കാറ്റിലും കണ്ണുനീരുപ്പു കലരുന്നു.
ഈ വിഷക്കുമിളിന്‍ വിത്തുപാകിയവര്‍
ദൂരെയെങ്ങോ നിന്നാര്‍ത്തുചിരിക്കുന്നു,  
അതിന്‍ മാറ്റൊലികളീതീരത്തെ അശാന്തമാക്കുന്നു
അധികാര ഗര്‍വ്വില്‍  ഓരോ മണല്‍ത്തരിയും
പകച്ചു നില്‍ക്കുന്നു.

ഈവിഷക്കുമിളിന്‍ വേരറുക്കുവാന്‍ കോര്‍ത്ത
കരങ്ങളില്‍ ഞാനുമെന്‍ കരം ചേര്‍ക്കുന്നു.
ഈ തീരം കാക്കുവാന്‍ ഞാനുമുണര്‍ന്നിരിക്കുന്നു.

22 comments:

 1. Replies
  1. അഭിപ്രായത്തിന് വളരെ നന്ദി

   Delete
 2. ഗോപന്‍, ഈ വിഷയം കവിതയ്ക്ക് തിരഞ്ഞെടുത്തത് എന്തായാലും ഉചിതമായി, കവിതയും വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഈ വരവിനും വായനക്കും വളരെ നന്ദി

   Delete
 3. പ്രിയ സുഹൃത്തെ,

  വളരെ നല്ല കവിത. ഓരോ വരികള്‍ക്കും ശക്ത്തി ഉണ്ട്. അഭിനന്തനങ്ങള്‍.

  സ്നേഹത്തോടെ,
  ഗിരീഷ്

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി ഗിരീഷ്‌

   Delete
 4. കാലികപ്രസക്തിയുള്ള വിഷയം
  വളരെ മനോഹരമായി അവതരിപ്പിച്ചു.
  ശക്തിയുള്ള വരികള്‍.
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി തങ്കപ്പന്‍ സര്‍

   Delete
 5. കാലികപ്രസക്തിയുള്ള പ്രമേയം,നല്ല വരികള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി മുഹമ്മദ്‌ സര്‍

   Delete
 6. നന്നായിരിക്കുന്നു.. ഈ തീരങ്ങളില്‍ ഒന്ന് കാറ്റ് കൊള്ളാന്‍ ആയെങ്കില്‍

  ReplyDelete
  Replies
  1. നന്ദി അബൂതി ,എല്ലാം നമുക്ക് നഷ്ടപ്പെടുന്നു

   Delete
 7. ഒരുമിച്ചു ചേര്‍ക്കട്ടെ ഞാനുമെന്‍ കരങ്ങള്‍
  വേരറുത്തീ തീരത്തെ കാക്കാന്‍...

  നല്ല വരികള്‍ ഗോപാ.. ഓരോ കവിതയും ധര്‍മ്മ/ആത്മരോഷം കൊണ്ട് പിറക്കുന്നെന്നു തോന്നുന്നു ഈയിടെ..

  ReplyDelete
  Replies
  1. നന്ദി നിത്യഹരിത , ആത്മരോഷം തോനുന്ന കാഴ്ചകളല്ലേ ചുറ്റും

   Delete
 8. "ഇവിടെയല്ലോ അടിമച്ചങ്ങലകളെ
  ഉപ്പുകുറുക്കി അറുത്തത്.
  ഇവിടെയല്ലോ വിശ്വസംസ്ക്കാരങ്ങള്‍
  പായ് വഞ്ചിയടുപ്പിച്ചത്.
  ഈ മണല്‍ത്തരികളിലല്ലോ...
  പ്രണയങ്ങള്‍ പിച്ചനടന്നത്."
  എത്ര നന്നായി പ്രതികരിക്കുന്നു ക്ഷയങ്ങള്‍ക്ക് എതിരെ ... അഭിനന്ദനം !!!

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വളരെ നന്ദി കീയ
   ക്ഷയങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ വയ്യല്ലോ

   Delete
 9. ഭരണകൂട ഭീകരതയുടെ കുമ്മില്‍ മുഖം ..
  കാലകാലങ്ങളില്‍ അവതരിച്ചു പൊരുന്നത് ..
  അകലേയെവിടെയോ ആ കണ്ണുകള്‍ ചിരി തൂകുന്നു ..
  പക്ഷേ ഒരേ ഭൂമീ , ഒരേ ലോകം എന്ന ചിന്തയില്ലാതെ
  അതിര്‍ത്തി കെട്ടി തിരിച്ചത് അന്യരെന്ന് ഓര്‍ത്ത് ചെയ്യുന്നതെല്ലാം
  നമ്മുക്ക് തന്നെ ഭവിക്കുന്നതും കാലം കാണിച്ചു തരും ..
  തളരുന്ന കൈകള്‍ക്ക് ശക്തിയേകുവാന്‍ നമ്മുക്കാകണം
  വരികള്‍ കൊണ്ട് , അക്ഷരങ്ങള്‍ കൊണ്ട് പൊലും ..
  ആത്മാവിന്റെ ഉള്ളം നെഞ്ചു വിരിച്ചു
  നില കൊള്ളുന്നത് വരികളില്‍ കാണാം ഗോപാ ........

  ReplyDelete
  Replies
  1. വളരെ ശരിയാണ് റിനി പറഞ്ഞത്
   അഭിപ്രായത്തിനു വളരെ നന്ദി

   Delete
 10. "ഈവിഷക്കുമിളിന്‍ വേരറുക്കുവാന്‍ കോര്‍ത്ത
  കരങ്ങളില്‍ ഞാനുമെന്‍ കരം ചേര്‍ക്കുന്നു.
  ഈ തീരം കാക്കുവാന്‍ ഞാനുമുണര്‍ന്നിരിക്കുന്നു."

  ഞാനുമുണ്ട്. എന്നെയും നിന്നെയും പോലെ ആയിരങ്ങളുണ്ട്........

  ReplyDelete
 11. നല്ല കവിത. അവസാന ഭാഗം ഒന്നുകൂടി കുറുക്കിയാല്‍ കുറച്ചുകൂടി നന്നാവില്ലേന്ന്‌ ഒരു തോന്നല്‍.

  ReplyDelete
 12. കവിതയില്‍ ഹൃദയത്തിന്‍റെ ഭാഷ നന്നായി... ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം വിശ്വസിക്കാന്‍ പ്രയാസം... സത്യങ്ങള്‍ കാഴ്ചകള്‍ക്ക് അതീതം...

  ReplyDelete

Thank you