"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, September 25, 2013

രക്ഷപെടല്‍

 വെട്ടിയറപ്പിച്ച മരത്തിന്റെ
മണവും ശ്വസിച്ച് മരത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
വയല്‍ നികത്തിപണിയിച്ച
വീട്ടിലിരുന്ന്  വയലിനെപ്പറ്റി
കവിത എഴുതുന്നവന്‍.
പുഴയുടെ കണ്ണീര്‍ കിനിയും
മണല്‍ പൊത്തിയ
ചുമരുംചാരി പുഴയെപ്പറ്റി
കവിത എഴുതുന്നവന്‍.
കൈപിടിച്ചവളെ പ്രണയിക്കാതെ
പ്രണയത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
നീട്ടിയ കൈക്ക് മുന്നില്‍
ചില്ലറയില്ലന്നു പറഞ്ഞ്
പാവങ്ങളെപ്പറ്റി
കവിത എഴുതുന്നവന്‍.
നിറഞ്ഞ വയറുമായ്
വിശപ്പിനെപ്പറ്റിയും,
വിശക്കുന്നവനെപ്പറ്റിയും
കവിത എഴുതുന്നവന്‍.

അതേ, ഞാന്‍ കവിയാണ്‌
നരകം മണക്കുന്ന തെരുവില്‍നിന്ന്
സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
സ്വയം രക്ഷപെടാന്‍ അറിയുന്നവന്‍,
പിഴച്ചുപിറന്ന ചിന്തകളെ
കവിതയെന്നു പറഞ്ഞ്
ഊറ്റം കൊള്ളുന്നവന്‍. 

എനിക്ക് നന്നായറിയാം
തലേക്കെട്ടുകള്‍ മാത്രമുള്ള
എന്റെ കവിതകള്‍ ഒരിക്കല്‍
എനിക്കുനേരെ സമരജാഥയും
നയിച്ചുകൊണ്ട്  വരും.
അപ്പോള്‍ ഞാന്‍ മരണത്തെപ്പറ്റി
കവിതകള്‍ എഴുതും
എനിക്ക്, രക്ഷപെട്ടല്ലേ മതിയാകൂ.


21 comments:

  1. കവി - കള്ളം :)

    വരികളോട് ഇഷ്ടം .സ്നേഹാശംസകൾ

    ReplyDelete
  2. പൊസ്റ്റ്മൊർട്ടെം ചെയ്യപ്പെടുന്ന വരികൾ
    ചില സത്യങ്ങൾ മാത്രം

    ReplyDelete
  3. വിധിയെ പഴിക്കുന്നവര്‍,പിന്നെ പാടിപുകഴ്ത്തുന്നവര്‍ മ്മളങ്ങനെയായി പോയില്ലേ.നന്നായി എല്ലാം വസ്തുതയാണ്.

    ReplyDelete
  4. ആത്മഹത്യ ചെയ്യാൻ തോന്നുന്നു.
    നല്ല വരികൾ നല്ല കവിത.
    പറഞ്ഞതെല്ലാം നൂറുവട്ടം ശരി !

    ReplyDelete
  5. കവിയും കവിതയും...
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  6. ചിന്തനീയം ഈ വരികള്‍; അടിസ്ഥാനപരമായി നമ്മള്‍ എല്ലാവരും ഇങ്ങനെ തന്നെ;
    ADGP ശ്രീ. ബി. സന്ധ്യയുടെ കവിതയിലെ വരികള്‍ കടമെടുത്താല്‍ 'നമുക്കിങ്ങനെയേ ആവാന്‍ കഴിയൂ' കാരണം ലോകം അങ്ങനെയാണ്.
    ആശംസകള്‍..

    ReplyDelete
  7. നന്നായി എഴുതി ഗോപാ... ആശംസകൾ

    ReplyDelete
  8. ""നരകം മണക്കുന്ന തെരുവില്‍നിന്ന്
    സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
    സ്വയം രക്ഷപെടാന്‍ അറിയുന്നവര്‍,
    പിഴച്ചുപിറന്ന ചിന്തകളെ
    കവിതയെന്നു പറഞ്ഞ്
    ഊറ്റം കൊള്ളുന്നവര്‍ ! ""

    ReplyDelete
  9. Good one Gooan, Yes, we are like this only.😊

    ReplyDelete
  10. കണ്ണുക്ക് മയ്യഴക്
    കവിതയ്ക്ക് പൊയ്യഴക്

    ReplyDelete
  11. ഒഹ്.. മനോഹരമായ വരികൾ.. ഒരുപാടിഷ്ടായി.. ഭാവുകങ്ങൾ.. :)

    ReplyDelete
  12. നമ്മിളിങ്ങനെയൊക്കെയണ്. എന്നാല്‍, ഇങ്ങനെയല്ലാത്തവരുമുണ്ട്. അതുകൊണ്ടാണല്ലോ നമ്മള്‍ ഇതേ കുറിച്ചു പറയുന്നത്.?

    ReplyDelete
  13. വളരെ നല്ലൊരു കവിത.അതു പറയുന്നതെല്ലാം സത്യം തന്നെ.

    ശുഭാശംസകൾ....

    ReplyDelete
  14. അപ്പോള്‍ കവി എന്നാല്‍ കള്ളത്തരങ്ങള്‍ പറയുന്നവര്‍ക്കിടയില്‍ ഏറ്റവും നല്ല കള്ളത്തരക്കാരന്‍---- നന്നായി എഴുതി-- ആശംസകള്‍--

    ReplyDelete
  15. പൊയ്മുഖങ്ങളാണ് ചുറ്റും.....
    കവിതമാത്രം ഒറ്റപ്പെട്ടു നില്‍ക്കുന്നില്ല....

    നല്ല വരികള്‍.....

    ReplyDelete
  16. പറയുന്നത് പ്രവര്‍ത്തിക്കാതെ ചിലര്‍ ....ആത്മവിമര്‍ശനം ഇവിടെ വളരെ സംഗതം .നല്ല കവിതക്ക്‌ അഭിനന്ദനങ്ങള്‍ !

    ReplyDelete
  17. "നരകം മണക്കുന്ന തെരുവില്‍നിന്ന്
    സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
    സ്വയം രക്ഷപെടാന്‍ അറിയുന്നവന്‍....."
    വളരെ നന്നായി. കാര്യങ്ങൾ ലളിതമായി പറഞ്ഞു. എന്നാൽ പറഞ്ഞതോ ... വലിയ കാര്യങ്ങളും
    ആശംസകൾ .

    ReplyDelete
  18. വരികൾക്കിടയില് സ്വയമൊരു ഏറ്റുപറച്ചിലുണ്ടോ,..
    അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു..

    ReplyDelete
  19. സത്യം പറയുന്ന കവിത. പ്രതികരണശേഷി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന കുറ്റബോധവും ആത്മനിന്ദയും നല്ല കവിതകളെ സൃഷ്ടിക്കും.

    ReplyDelete
  20. സത്യബോധമുള്‍ക്കൊണ്ട വരികള്‍ .സമൂഹം ഉദാത്ത ചിന്തകള്‍ ഇതായിരിക്കണം എന്ന് കരുതപ്പെടുന്ന തോന്നലില്‍ നിന്നാണ് ഇന്ന് പല കവിതകളും ജനിക്കുന്നത്. അവ തല്ലിപ്പഴിപ്പിച്ചെടുക്കുന്നവയാണ്.

    ReplyDelete

Thank you