"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, January 1, 2013

കനല്‍

പകലോന്‍  പാതിമയക്കം തുടങ്ങിയല്ലോ
ഭയമാകുന്നെനിക്കെന്റെ തെരുവില്‍ നില്‍ക്കുവാന്‍
ആരോ പിന്നില്‍ പതുങ്ങുന്ന പോലെ,
മാര്‍ജ്ജാര നടത്തം പഠിക്കുന്ന പോലെ.

ഓര്‍ത്തുപോകുന്നു ഞാന്‍ അമ്മ ചൊന്ന വാക്കുകള്‍
'അന്തി ചുവക്കും മുന്‍പ് നീ കൂടണയണം
വേവുതിന്നുവാന്‍ വയ്യെനിക്കെന്റെ പെണ്ണെ'
വേവുതിന്നുവാന്‍... വയ്യെനിക്കെന്റെ പെണ്ണെ.

കുസൃതിതെന്നലേ നീയെന്‍  ചെലയെങ്ങുമുലയ്ക്കല്ലേ.
കാത്തിരിപ്പുണ്ടാ മറവില്‍ കഴുകന്റെ ക്യാമറക്കണ്ണുകള്‍
ലോകവലയില്‍ വീണുപിടയും ഇരയാകുവാന്‍ വയ്യ
വാര്‍ത്തയില്‍ നിറയുന്ന  ബലിമൃഗമാകുവാന്‍  വയ്യ.

ആള്‍ത്തിരക്കിലും  കൊത്തിവലിക്കുന്നു
കാമാന്ധകാരം പുളയ്ക്കുന്ന കണ്ണുകള്‍
ആളൊഴിഞ്ഞാല്‍ പിന്നെ ആര്‍ത്തിയോടെ
പാഞ്ഞടുക്കുന്നു കൂര്‍ത്ത കോമ്പല്ലുകള്‍ .

കുടലുവീര്‍ത്ത കൊതിപ്പിശാചിന്‍ ചുടലനൃത്തം
തെരുവിലാകെ നിറയും   ഇരുളിന്റെ  മറവില്‍
കല്ലില്‍ കൊത്തിയ  പെണ്‍ശില്‍പ്പത്തിലും
കാമക്കറ തേക്കുന്നു കലിമുഖങ്ങള്‍.

കറുപ്പുറങ്ങുന്ന കാമക്കണ്ണുകള്‍ക്ക്‌
അമ്മയും, പെങ്ങളും, പുത്രിയും
വെറും ലിംഗസുഷുപ്തിക്കുതകുമാറുള്ള
മാംസപിന്ധങ്ങള്‍ മാത്രമല്ലോ .

ഇവിടെയൊരു കരിന്തിരി ചുടലയുണ്ട്
കരളുകത്തി മരിച്ച കുഞ്ഞിന്റെ ചുടലയുണ്ട്
ചാരം മറയ്ക്കാത്ത കനലതിലേറെയുണ്ട്
കനലുകെടാ കരളുകള്‍ കൂട്ടിനുണ്ട്.

അലയടങ്ങാ നൊമ്പരം നിറയുന്നുവല്ലോ
സിരകളില്‍ അഗ്നിസര്‍പ്പം പുളയുന്നുവല്ലോ
ജന്മംതന്ന പെരും ചതിയാണോ
പെണ്‍പിറപ്പായതീ ഞങ്ങള്‍?

കരളുപൊട്ടിച്ചിതറും തേങ്ങലില്‍പ്പോലും
കാമംപെരുകുന്ന കരിനാഗങ്ങളെ.
തിറകൂട്ടി പോറ്റിവളര്‍ത്തുന്ന നീതിപീഠങ്ങളേ....
ചാരംപോലും പകുത്തുതിന്നും അധികാരദുര്‍ഗ്ഗങ്ങളേ....

ഓര്‍ക്കുക നിങ്ങള്‍, ഓര്‍ക്കുക നിങ്ങള്‍
കൂന്തലില്‍ ചോരമണമുള്ള പാഞ്ചാലപുത്രിയെ .
അഗ്നിവര്‍ഷമായി പെയ്തൊരാ കണ്ണകീശാപത്തെ..!



20 comments:

  1. അതി മനോഹരമായി പറഞ്ഞിരിക്കുന്നു ....
    നല്ല കവിത ഗോപാ .......

    ReplyDelete
  2. വിലാപങ്ങളെ വില്‍പ്പനക്ക് വെക്കുന്ന പുത്തന്‍ മാധ്യമ സംസ്കാരത്തില്‍ ആയുസ്സില്ലാതെ പോകുന്ന നിരവധി വാര്‌ത്തകളിലൊന്നായി ഇതും മാറും

    കനലുകെടാത്ത കരളുകള്‍ കൂട്ടിനുണ്ട് ഗോപന്‍ ...

    ReplyDelete
  3. നന്നായിരിക്കുന്നു തീക്ഷ്ണമായ വരികള്‍
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  4. മുടിയഴിച്ചുലച്ച്.....മുലപറിച്ചെറിഞ്ഞ് ഞാന് വരും ദുര്ഗ്ഗയായി........ആശംസകള്

    ReplyDelete
  5. എല്ലാ വരികളും ഇഷ്ടായി ഗോപാ...ഹൃദയത്തില്‍ നീറുന്ന കനലും ആ വേവും അത് പോലെ തന്നെ പകര്‍ത്തിയിരിയ്ക്കുന്നു... ആശംസകള്‍ ഗോപാ... ഒപ്പം ഇനിയും ഒരുപാട് കവിതകള്‍ ഈ ആത്മദളങ്ങളില്‍ പൂക്കാന്‍ ഈ പുതുവര്‍ഷത്തില്‍ പ്രാര്‍ഥിയ്ക്കുന്നു...

    ReplyDelete
  6. നന്നായിരിക്കുന്നു തീക്ഷ്ണമായ വരികള്‍
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  7. ഓര്‍ക്കുക നിങ്ങള്‍, ഓര്‍ക്കുക നിങ്ങള്‍
    കൂന്തലില്‍ ചോരമണമുള്ള പാഞ്ചാലപുത്രിയെ .
    അഗ്നിവര്‍ഷമായി പെയ്തൊരാ കണ്ണകീശാപത്തെ..!

    ശക്തമായ രചന.....
    നന്നായി......
    ശുഭാശംസകൾ.......

    ReplyDelete
  8. നല്ലതാ ഗോപാ ............
    കൂടുതല്‍ പറയാന്‍ അറിയില്ല

    ReplyDelete
  9. വേവ് തിന്നാന്‍ വയ്യെനിക്കെന്റെ പെണ്ണേ..


    വളരെ ശക്തമായിട്ടുണ്ട്

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട് ഗോപാ.. വാക്കുകളും കനല്‍ പോലെ തീഷ്ണം...
    മനസ്സില്‍ കനലുമായി...

    ReplyDelete
  11. 'വേവുതിന്നുവാന്‍ വയ്യെനിക്കെന്റെ പെണ്ണെ...' വളരെ ശക്തമായ വാക്കുകളും പ്രമേയവും. അഭിനന്ദനങ്ങള്‍...

    ReplyDelete
  12. ചിറകിനടിയില്‍ ഇട്ടു വളര്‍ത്തിയിട്ടും കാര്യമില്ലാത്ത ദുനിയാവ് പടച്ചോന്‍ കാക്കട്ടെ

    ReplyDelete
  13. ചൂടുണ്ട് പുകയുണ്ട് വരികളിൽ വേവുണ്ട് നന്നായി
    ആശംസകൾ

    ReplyDelete
  14. മ്മനോഹരമായ വരികള്‍. വായിക്കുവാനും ഒരു ഈണം തോന്നി. ആശംസകള്‍ @PRAVAAHINY

    ReplyDelete
  15. മനോഹരമായിരിക്കുന്നു.. ഗോപന്‍
    ആശംസകള്‍

    ReplyDelete
  16. ഗോപാ, കവിത ഇഷ്ടമായി. ആശംസകള്‍

    ReplyDelete
  17. പ്രിയപ്പെട്ട ഗോപകുമാര്‍,
    ശക്തിയേറിയ വാക്കുകള്‍
    വളരെ വളരെ നന്നായി കവിത
    ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  18. അവസരോചിതമായ തീക്ഷ്ണമായ കവിത. പറയേണ്ടതൊക്കെ പറഞ്ഞു, കേൾക്കേണ്ടവർ കേൾക്കുമാറാകട്ടെ. നന്നായി എഴുതി ഗോപൻ

    ReplyDelete
  19. തീക്ഷ്ണമായ വാക്കുകളിലൂടെ സമൂഹത്തെ തുറന്നുകാട്ടിയ നല്ല വരികള്‍... ആശംസകള് ‍ഗോപന്‍...

    ReplyDelete

Thank you