"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, June 19, 2012

ചിലന്തിവലകള്‍

നിന്റെ  എഴുത്തുകളും വാക്കുകളും
എനിക്ക് മടുക്കുന്നു. 
നിന്റെ എഴുത്തുകളില്‍  നിന്ന്
അലങ്കാരങ്ങള്‍ പറിച്ചുമാറ്റുക 
വാക്കുകളിലെ വിഗ്രഹങ്ങള്‍
 തച്ചു തകര്‍ക്കുക
പച്ചക്ക് തന്നെ പറയുകയും
എഴുതുകയും ചെയുക.
പ്രണയത്തെപ്പറ്റി പറയുമ്പോള്‍
എന്തിനാണ് ഇത്ര അലങ്കാരങ്ങള്‍?.
കുന്നിറങ്ങിവരുന്ന കാമത്തിന്റെ
ചൂടുള്ള   കൊടുങ്കാറ്റായും,
ചിരിക്കുന്ന മുഖമുള്ള വിഷം മുറ്റിയ
കരിനാഗമായും വര്‍ണിക്കുക.
വിഷം തീണ്ടി മരിച്ച നിന്റെ
മോഹങ്ങളെ മറയ്ക്കാതിരിക്കുക.
പ്രണയത്തെ കാമത്തിന്റെ
ചതുപ്പില്‍ വളരുന്ന താമരയാക്കാം,
നിന്റെ ജാരസ്വപ്നത്തില്‍ മരിച്ചുവീഴുന്ന
ശീഘ്രസ്കലനങ്ങളായും  വര്‍ണിക്കാം.
പ്രണയിക്കാന്‍ നീ തിരഞ്ഞത്
ഉടലളവുകളിലെ ശൂദ്രനെയല്ലല്ലോ?.
മേനിയഴകിന്റെ മുഴുമുഴുപ്പുകളെ
ധ്യാനിച്ച്‌  നീ  അവളെ
പനിനീര്‍പ്പൂവാക്കാതിരിക്കൂ.
അവളുടെ നയനങ്ങളെ
 നീലജലാശയമാക്കുന്നത് എന്തിന്
കാമത്തിന്റെ തിരയിളകുന്ന
കരിങ്കടലല്ലേ നിനക്കിഷ്ടം.
ചുണ്ടുകളെ വര്‍ണ്ണിക്കാന്‍
ചെന്തോണ്ടിപ്പഴമെന്തിന്
തുപ്പലുണങ്ങിയ പാകമാകാത്ത
ചെറിപ്പഴമല്ലേ  നല്ലത്.
വസ്ത്രമുരിഞ്ഞ്‌ അവളെ വര്‍ണ്ണിക്കാന്‍
നീ മടിക്കുന്നത് എന്തിന്
നാഭിയില്‍ വിഷം മുറ്റി ഞരമ്പുകള്‍
മുറുകുമ്പോള്‍ അവളുടെ കണ്ണിലെ
ദൈന്യത  നീ  കാണാറില്ലല്ലോ.
നിന്റെ വിയര്‍പ്പില്‍ കുതിര്‍ന്നുപോകുന്ന
ഈ ജലച്ഛായ  ചിത്രത്തിന്
നീ എന്ത് പേരിട്ടുവിളിക്കും?.
തൊങ്ങലുകള്‍ ചാര്‍ത്തിയ
വാക്കുകളും എഴുത്തുകളും
ചിലന്തിവലകള്‍ പോലെ
വിരിഞ്ഞു നില്‍ക്കും,
നഗ്നമായ നിന്റെ  ചിന്തകള്‍
കള്ളിമുള്‍ ചെടിപോലെ ക്രൂരവും.
നിന്റെ വാക്കിന്റെയും എഴുത്തിന്റെയും
വസ്ത്രമുരിഞ്ഞ്‌ നോക്കുക
ആര്‍ക്കും കാമം തോന്നാത്ത
ഉടലളവില്‍ കൃത്യതയുള്ള
നഗ്നമായ നിന്റെ അസ്ഥികൂടം കാണാം.



7 comments:

  1. അതുകൊണ്ടാണ് അസ്ഥികൂടം മറയ്ക്കപ്പെട്ടിരിയ്ക്കുന്നത്. (വേര്‍ഡ് വെരിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യൂ)

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി

      Delete
  2. വര്‍ണ്ണനകള്‍ ഉപമകള്‍ എല്ലാം അസ്ഥികൂടത്തില്‍ അവസാനിക്കുന്നു ..

    ആറടി മണ്ണില്‍ അലിയുന്ന ആ കുപ്പായം ഭംഗി നിറഞ്ഞാലും ഇല്ലെങ്കിലും

    മണ്ണിനും പുഴുക്കള്‍ക്കും പ്രിയം .....

    അത് ഈ ലോകം മനസ്സിലാക്കിയാല്‍ നല്ലത് ...

    എല്ലാ നന്മകളും

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി

      Delete
  3. ആലോചിച്ചാല്‍ പ്രണയവും ഒരു ചിലന്തിവല.എത്രപേരാണ് വേറിടാതെ ജീവന് വേണ്ടി കെഞ്ചുന്നത്.
    കവിത പല ബിംബകല്പനകളിലും വേറിട്ടുനില്‍ക്കുന്നു .അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി

      Delete
  4. നിന്റെ വാകിന്റെയും എഴുത്തിന്റെയും
    വസ്ത്രമുരിഞ്ഞ്‌ നോക്കുക
    ആര്‍ക്കും കാമം തോനാത്ത
    ഉടലളവില്‍ ക്രിത്ത്യതയുള്ള
    നഗ്നമായ നിന്റെ അസ്ഥികൂടം കാണാം
    :)

    ReplyDelete

Thank you