ഒരു മഴയോ, കാറ്റോ
അടര്‍ന്ന് വീണാല്‍
കവിതയുടെ വരികളില്‍
നിന്നെ വരച്ചുവച്ച്
ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഓര്‍മ്മകളാം മിന്നാമിന്നികള്‍
രാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച് സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
മോഹഭംഗത്തിന്‍ വെള്ളിടിക്കുലുക്കത്തില്‍
നിശബ്ദശാഖിയായ് നിന്നിലേക്കടരുമ്പോള്‍
നീ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് ,
ചില ജീവിതങ്ങള്‍
ഇങ്ങനെയൊക്കെയാണെന്ന്.
ധ്രുവങ്ങളുടെ പ്രണയവും, വിരഹവും
കടലായിത്തീര്‍ന്ന കഥയും
നീ പറഞ്ഞു തന്നിട്ടുണ്ട്.
എങ്കിലും നീ പറയുംപോലെ
മരണമായ് നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!