ഭ്രാന്തിലേക്കുള്ള
ദൂരം വളരെ നേര്‍ത്തതാണ്
അതിന്റെ
പുറംതോട് ആമയുടേതുപോലെ അല്ല
മുറ്റിയിട്ടില്ലാത്ത
മുട്ടയുടേതിനും,
നിമിഷങ്ങളില്‍
പൊലിയുന്ന
കുമിളയുടേതിനും സമമാണ് .
ഭ്രാന്തിന്റെ നിറം ഇരുളിനേപ്പോലെ കറുത്തിട്ടല്ല
ജ്വലിക്കുന്ന
അഗ്നിപോലെ കടുത്തതും,
ഉദിച്ചുയരുന്ന
സൂര്യന്റെതുപോലെ ശാന്തവുമാണ്.
അതിന്റെസംഗീതം
ശ്രുതിവലിച്ചുകെട്ടിയ വീണയുടേതല്ല
അക്ഷരങ്ങളില്ലാതെ
പാടുന്ന കുയിലിന്റെതുപോലെയും,
നിര്‍ത്താതെ
കരയുന്ന ചീവീടിന്റെതുപോലെയുമാണ്.
'ഭ്രാന്ത്' അതെപ്പോഴും കൂടെത്തന്നെയുണ്ട്.
ഉറങ്ങുമ്പോള്‍
സ്വപ്നത്തില്‍വന്ന് ഒളിച്ചുനോക്കാറുണ്ട്
ഉണര്‍ന്നിരിക്കുമ്പോള്‍
പിന്നില്‍ ഒളിച്ചുനില്‍ക്കാറുണ്ട്
ചിരിക്കുമ്പോള്‍
കൂടെ പൊട്ടിച്ചിരിക്കാറുണ്ട്
കരയുമ്പോള്‍
പൊട്ടിക്കരഞ്ഞ് കൂടെത്തന്നെയുണ്ട്
പറയുന്ന
വാക്കുകളില്‍ വഴിപിഴച്ച് എങ്ങോട്ടോ പോകും
ചിന്തകളില്‍
ലക്ഷ്യങ്ങളില്ലാതെ കാടുകയറും
മോഹങ്ങളില്‍
അതിരുകളില്ലാതെ പായും
കാമനകളില്‍
വന്യതയോടെ കുതറിയോടും
കടിഞ്ഞാണുണ്ടെങ്കിലും
ഈ കുതിര അശാന്തനാണ്.
ഭ്രാന്തിലേക്കുള്ള
ദൂരം നേര്‍ത്തതും, മൃദുലവുമാണ്.
അത്
തമോദ്വാരതിലെക്കുള്ള യാത്രപോലെയാണ്
ഭാരമില്ലാതെ, രൂപമില്ലാതെ ,ഗന്ധമില്ലാതെ, നിറമില്ലാതെ
പരമാണുവിന്റെ
പരമാംശത്തിലേക്ക് ചുരുങ്ങുന്ന മാറ്റം.
പിന്നെ
'മനസ്സ്' അകംപുറം കാണാവുന്ന വെറും പുറംതോട്.
അതിനുള്ളില്‍
ശാന്തമായ ഒരു ശൂന്യാകാശം
അവിടെ
വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെ.
തമോദ്വാരത്തിന്റെ
വക്കില്‍ നില്‍ക്കുന്ന എന്നെ
നീ
എന്തുവിളിക്കും ഭ്രാന്തനെന്നോ,
അതോ....?