സാവധാനം മാത്രം സഞ്ചരിക്കുന്ന
ഒരു പാതിരാവണ്ടിയുണ്ട്
ടിക്കറ്റ് ചോദിക്കാനോ
ചായവില്‍ക്കാനോ ഇന്നേവരെ
ആരും കയറാത്ത അതിന്റെ
അവസാനത്തെ ബോഗിയില്‍
നിന്നെമാത്രം സ്വപ്നം കണ്ട്,
നീയുപേക്ഷിച്ചുപോയ കവിതകൾ
വായിച്ച് ഞാനിരിക്കുന്നുണ്ട്
ആരും കയറാനില്ലാത്തെ സ്റ്റേഷനുകള്‍
ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍ പോലെ
കടന്ന് പോകുന്നുണ്ട്
കരിപിടിച്ച ചുവന്നസിഗ്നലുകള്‍
പച്ചയാണെന്നുറപ്പിച്ച്
പാതിരാവണ്ടി പാതിരായും കടന്ന്
മുന്നോട്ടുതന്നെ പോകുകയാണ്
എഞ്ചിന്‍ നിശബ്ദമാകുന്ന
ഏതോ സ്റ്റേഷനില്‍
അതെന്നെ ഇറക്കിവിടും
ഇറങ്ങാൻ കൂട്ടാക്കാതെ ഞാന്‍
നിന്നിലൂടെ വീണ്ടും
മുന്നോട്ടുതന്നെ പോകും
No comments:
Post a Comment
Thank you