"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, March 15, 2014

പൂമാല

 എന്നെയും, നിന്നെയും
ഒരേ പൂപ്പാത്രത്തിലേക്കാണ്
പിച്ചിയിട്ടത്
ഒരേ വാഴനാരിലാണ്
നമ്മളെ ഇങ്ങനെ
കോര്‍ത്തെടുത്തത്
വരണമാല്ല്യമെന്നും
പൂജാമാല്ല്യമെന്നുമൊക്കെ
പറഞ്ഞാണ്  പരിചരിച്ചത്
എന്നിട്ടും
ചെറുതായൊന്ന് വാടിയപ്പോള്‍
അല്പം മണമൊന്നുകുറഞ്ഞപ്പോള്‍
എന്തിനാണിങ്ങനെ
ചവറുകൂനയിലേക്ക്
വലിച്ചെറിയുന്നത്

Saturday, February 8, 2014

കൊതി











ഒരു പച്ചമുളകും
അല്പം പഴങ്കഞ്ഞിയും
മതിയായിരുന്നു
കേരളത്തിലെ
ചെറ്റക്കുടിലില്‍ നിന്ന്
ഒരു ദിവസം തുടങ്ങാന്‍.
ഒരു വടാപ്പാവും
ഒരു ഗ്ലാസ്‌ പെപ്സിയും
മതിയായിരുന്നു
മുംബൈയിലെ
ചോപ്പടയില്‍
ഒരു രാവ് പുലരാന്‍.
എന്നിട്ടും ഞാനെന്തിനാണ്
താജിലെ തീന്‍മേശകളെനോക്കി
പട്ടിണിയിരിക്കുന്നത്

Wednesday, January 1, 2014

അവിചാരിതം













മതിമറന്ന്  ഉമ്മവെച്ചുനില്‍ക്കുമ്പോഴാകും
ഒരു പൊന്മാന്‍ചുണ്ട്  വാരിയെല്ലുകള്‍തുളച്ച്
ചിലപ്പോള്‍  പാഞ്ഞുകയറുന്നത്.
വിരിയാറായ മുട്ടകള്‍ക്ക്  കാവല്‍ നില്‍ക്കുമ്പോഴാകും
കൂര്‍ത്ത പല്ലുകളുള്ള ഒരു വായ്ക്കുമുന്നില്‍
ചിലപ്പോള്‍ നിസ്സഹായപ്പെട്ടുപോകുന്നത്.
കണ്ടല്‍പ്പൊന്തകളില്‍ കൂടോരുക്കുമ്പോഴാകും
ലോഹക്കൈകള്‍ തീരത്തെയപ്പാടെ
ചിലപ്പോള്‍ വകഞ്ഞെടുക്കുന്നത്.
കൂട്ടുകാരിയുമൊത്ത്  മഴക്കിലുക്കം
കേട്ടിരിക്കുമ്പോഴാകും  ഒരു
മലവെള്ളപ്പാച്ചില്‍  രണ്ടു  കൈവഴികളിലേക്ക്  
ചിലപ്പോള്‍  ഒഴുക്കി വിടുന്നത്..
ഒഴുക്കിന്റെ വേഗം ആസ്വദിച്ച്
ദേശാടനത്തിനിറങ്ങുമ്പോഴാകും
ഒഴുകിക്കൊണ്ടിരുന്ന പുഴ ചിലപ്പോള്‍
പെട്ടന്ന്  നിന്നുപോകുന്നത്.
തണുത്ത പുഴയെ ചെകിളപ്പൂക്കളില്‍
പൊതിഞ്ഞെടുക്കുമ്പോഴാകും  ചിലപ്പോള്‍
പുഴതന്നെ കരിഞ്ഞില്ലാതെയാകുന്നത്.
മോഹങ്ങളെയെല്ലാം പൊതിഞ്ഞെടുത്ത്
ചില്ലുഭരണിയിലെ  ഒരുതുടം ജലത്തിലേക്ക്
കൂടുമാറുമ്പോഴാകും  വാടകക്കാരന്‍
പെട്ടന്ന്  ഉപേക്ഷിച്ചുപോകുന്നതും,
ഇറയത്ത്‌  ഇറ്റുവീണുതോരുന്ന  മഴപോലെ
മരണത്തെ  അടുത്തറിയുന്നതും. 

Saturday, December 21, 2013

ആം പൊയട്രി

കവികള്‍ക്ക് ചിലവിനുകൊടുക്കാന്‍
വിധിക്കപ്പെട്ട കവിതകള്‍
അവരൊരിക്കൽ കാലഹരണപ്പെട്ട
മാമൂലുകള്‍ക്കെതിരെ പ്രതികരിക്കും
ചെകിട് നഷ്ടപ്പെട്ടവരോട്
സംസാരിക്കാന്‍ മടിക്കും
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളുള്ള
കമ്പ്യൂട്ടറുകളിലേക്ക്  ചേക്കേറും
സോഷ്യല്‍ മീഡിയകളിലൂടെ
വിപ്ലവത്തിന്റെ പുതിയ ഭാഷയാകും.
പ്രണയത്തിന്റെ സൌന്ദര്യവും,
സമരത്തിന്റെ അടങ്ങാത്ത വീര്യവും,
സ്നേഹത്തിന്റെ നിലയ്ക്കാത്ത ഉറവയുമായി
കവികളെക്കാള്‍ വലിയ സെലിബ്രിറ്റികളാകും.
റോയല്‍റ്റി വാങ്ങാത്ത സാഹിത്യത്തെപ്പറ്റി
മാത്രം സംസാരിക്കും.

Tuesday, December 3, 2013

വാലറ്റം ശോഷിച്ച ജീവിതങ്ങള്‍


ഇനി നമുക്കുവേണ്ടി ഒരു കവിത,   
ഞാനും നീയും നമ്മുടെ ലോകവും
മാത്രമുള്ള ഒരു കവിത.
മായ്ച്ചുകളയാനല്ല, നമ്മുടെ
മരണക്കിടക്കക്കടിയില്‍
ഒളിപ്പിച്ചു വയ്ക്കാന്‍,
നമുക്കൊപ്പം അതെരിഞ്ഞു
തീരുമെന്ന്  ഉറപ്പിക്കാന്‍.
ആദ്യവരികള്‍ നിനക്കുള്ളതാണ്,
നിന്നെ വരച്ചെടുക്കാന്‍
നിനക്കരുകിലേക്കുതന്നെ വരാം,
ആ വരികള്‍ക്ക് യോജിക്കുന്ന നിറം
പുകയുന്ന കനലിന്റെതാണ്,
യോജിക്കുന്ന മണം മസാലകളുടെതാണ്
അത് നിനക്കരുകിലല്ലാതെ
മറ്റെവിടെയാണു കിട്ടുക,
നിന്നെ ഉപമിക്കാന്‍ ഇവിടെ
നിറയെ കാര്യങ്ങളുണ്ട്
വക്കുപൊട്ടിയ പാത്രങ്ങള്‍,
വഴുവഴുക്കുന്ന കയ്ക്കലത്തുണികള്‍,
അരഞ്ഞുതേഞ്ഞ  അമ്മിക്കല്ല്,
പെറുക്കിക്കളഞ്ഞ കറിവേപ്പിലത്തുണ്ടുകള്‍
ഇതിലേതാകും നിന്നെ
ആഴത്തില്‍ അടയാളപ്പെടുത്തുക?
നീ ചൂണ്ടിക്കാണിച്ചത്  തന്നെമതി
അതാകും ഏറ്റവും യോജിക്കുക,
കരിപിടിച്ച ചുവരില്‍
ആണിയടിച്ച്  തൂക്കിയ
ആ കണ്ണോപ്പയോളം കൃത്യമായി
നിന്നെ അടയാളപ്പെടുത്താന്‍
എന്തിനാണ് കഴിയുക
തിളച്ച എണ്ണയില്‍
ഇറങ്ങിയും, കയറിയും
പുകച്ചുരുളുകള്‍ക്ക് നടുവില്‍
ആണിയടിച്ചു തൂക്കിയതുപോലെ.
മതി അതുതന്നെ മതി.
കണ്ണീരുകൊണ്ട് നീ ഇവിടെ
ഒരു ഒപ്പ് ചാര്‍ത്തിയേക്കു...
ഇത് നിന്റെ വരികളാണ്.

ഇനി എന്നെ പകര്‍ത്തി എഴുതാം
അധികം വരികളൊന്നും വേണ്ട .
എന്നെ കൃത്യമായി പകര്‍ത്താന്‍
പറ്റുന്ന ഒരുപമ അവര്‍
പിന്നാമ്പുറത്തേക്ക് മാറ്റി ഇട്ടിട്ടുണ്ട് ,
കുഴമ്പിന്റെ വഴുവഴുപ്പും
വിയര്‍പ്പിന്റെ ഉപ്പും കലര്‍ന്ന്
മുഷിഞ്ഞ തുണിയുള്ള
ഈ ഇളകിയ ചാരുകസേര,
ഇത്   ഞാന്‍ തന്നെയാണ് .
കാലങ്ങളായി ഇത്
നടുവളച്ച് എന്നെയും
താങ്ങി കിതയ്ക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
ഇതിനൊപ്പമിരുന്നാണ് 
ഞാന്‍ മുറുക്കിത്തുപ്പാറുള്ളത് .
എന്റെ ഓരോ ഹൃദയമിടിപ്പിന്റെയും
അര്‍ഥം വായിച്ചെടുക്കാന്‍
കഴിയുന്ന ഇവനോടല്ലാതെ
മറ്റെന്തിനോടാണ് എന്നെ
ഉപമിക്കാന്‍ കഴിയുക.

ഇനിയും പറയാന്‍ പോകുന്നത്,
നമുക്ക് മുന്‍പേ മരിച്ചു
പോയേക്കാവുന്ന നമ്മുടെ
പൊളിഞ്ഞ ചായ്പ്പിനേപ്പറ്റിയാണ്‌.
തെക്കെപ്പുരയിടം കാണാന്‍
പാകത്തില്‍ എന്നോ പാളികള്‍
അടര്‍ന്നുപോയ ഒരു ജനല്‍ ,
അടയുവാനും തുറക്കുവാനും
മറന്നുപോയ ഒരു വാതില്‍,
ഇരുള്‍ കൂടുവച്ച കറുത്ത മൂലകള്‍,
പൊട്ടിച്ചിരികള്‍ ഉമ്മവെക്കാതെ
പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍,
കണ്ണീരും, കഫവും വീണു
ദ്രവിച്ച തറയോടുകള്‍.
ഉള്ളില്‍ ഞെരിഞ്ഞുപിടയുന്ന
നിശ്വാസങ്ങളെ പൊഴിച്ചിടാന്‍
മാത്രം നമ്മളെത്താറുള്ള ഈ
ചായ്പ്പിനെ ഏതു ലോകത്തോടാണ്
ഞാന്‍ ഉപമിക്കേണ്ടത്‌.
വേണ്ട ഉപമകള്‍ അന്വേഷിച്ച് പോകണ്ട,
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ.
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ