"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, September 25, 2013

രക്ഷപെടല്‍

















 വെട്ടിയറപ്പിച്ച മരത്തിന്റെ
മണവും ശ്വസിച്ച് മരത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
വയല്‍ നികത്തിപണിയിച്ച
വീട്ടിലിരുന്ന്  വയലിനെപ്പറ്റി
കവിത എഴുതുന്നവന്‍.
പുഴയുടെ കണ്ണീര്‍ കിനിയും
മണല്‍ പൊത്തിയ
ചുമരുംചാരി പുഴയെപ്പറ്റി
കവിത എഴുതുന്നവന്‍.
കൈപിടിച്ചവളെ പ്രണയിക്കാതെ
പ്രണയത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
നീട്ടിയ കൈക്ക് മുന്നില്‍
ചില്ലറയില്ലന്നു പറഞ്ഞ്
പാവങ്ങളെപ്പറ്റി
കവിത എഴുതുന്നവന്‍.
നിറഞ്ഞ വയറുമായ്
വിശപ്പിനെപ്പറ്റിയും,
വിശക്കുന്നവനെപ്പറ്റിയും
കവിത എഴുതുന്നവന്‍.

അതേ, ഞാന്‍ കവിയാണ്‌
നരകം മണക്കുന്ന തെരുവില്‍നിന്ന്
സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
സ്വയം രക്ഷപെടാന്‍ അറിയുന്നവന്‍,
പിഴച്ചുപിറന്ന ചിന്തകളെ
കവിതയെന്നു പറഞ്ഞ്
ഊറ്റം കൊള്ളുന്നവന്‍. 

എനിക്ക് നന്നായറിയാം
തലേക്കെട്ടുകള്‍ മാത്രമുള്ള
എന്റെ കവിതകള്‍ ഒരിക്കല്‍
എനിക്കുനേരെ സമരജാഥയും
നയിച്ചുകൊണ്ട്  വരും.
അപ്പോള്‍ ഞാന്‍ മരണത്തെപ്പറ്റി
കവിതകള്‍ എഴുതും
എനിക്ക്, രക്ഷപെട്ടല്ലേ മതിയാകൂ.


Tuesday, August 27, 2013

ഭക്ഷ്യസുരക്ഷ

ഞങ്ങള്‍ക്കും വേണം ഭക്ഷ്യസുരക്ഷ,
പണ്ടത്തെപ്പോലെ ആരും
എച്ചിൽ വലിച്ചെറിയുന്നില്ല,
തൊടിയിലെങ്ങും പഴങ്ങള്‍
പഴുത്തുനില്‍ക്കാറില്ല
എല്ലാം പഴുക്കുംമുന്‍പേ
കടല്‍ കടക്കുകയല്ലേ?
അടച്ചിട്ട മുറിയില്‍നിന്ന്
ഒരു കുട്ടിപോലും ഉണ്ണിയപ്പവുമായി
പുറത്തേക്ക്  വരാറില്ല,
എലിയേയും, പുഴുവിനേയും തിന്നാമെന്നു-
വെച്ചാല്‍ അതിനും വയ്യല്ലോ, 
ഞാങ്ങളായിട്ട് അവരുടെ
കുലം മുടിക്കരുതല്ലോ.
പ്ലാസ്റ്റിക്  പിണ്ഡ ഉരുളകള്‍
ചൈനയില്‍നിന്ന് വരുന്നെന്നു കേട്ടു
അങ്ങനെ ആ ആദരവും നഷ്ടമാകുമല്ലോ
ഈശ്വരാ ഞങ്ങളും ആദിവാസികളേപ്പോലെ
ആകുകയാണോ?
എങ്കില്‍ ഞങ്ങള്‍ക്കും വേണം
ഭക്ഷ്യസുരക്ഷ.

Monday, June 17, 2013

ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്













 ഒരു മഴയോ, കാറ്റോ  
അടര്‍ന്ന് വീണാല്‍
കവിതയുടെ വരികളില്‍
നിന്നെ വരച്ചുവച്ച്
ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഓര്‍മ്മകളാം  മിന്നാമിന്നികള്‍
രാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച്  സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
മോഹഭംഗത്തിന്‍ വെള്ളിടിക്കുലുക്കത്തില്‍
നിശബ്ദശാഖിയായ് നിന്നിലേക്കടരുമ്പോള്‍
നീ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് ,
ചില ജീവിതങ്ങള്‍
ഇങ്ങനെയൊക്കെയാണെന്ന്.
ധ്രുവങ്ങളുടെ പ്രണയവും, വിരഹവും
കടലായിത്തീര്‍ന്ന കഥയും
നീ പറഞ്ഞു തന്നിട്ടുണ്ട്.
എങ്കിലും നീ പറയുംപോലെ
മരണമായ്‌ നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!


Tuesday, May 28, 2013

പിശക്

Painting By : Diego Rivera, The flower carrier (1935)















തുന്നിച്ചേര്‍ക്കാന്‍ വിട്ടുപോയ
എന്റെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ എല്ലാം
കളവുപോയിരിക്കുന്നു.
എന്റെ നോട്ടപ്പിശകാണന്ന്
അവള്‍ക്ക്  പരാതി,
പക്ഷെ എനിക്കറിയാം
അവളിലേക്കുള്ള വഴി
വരച്ചുതീര്‍ക്കുന്ന തിരക്കില്‍
വിട്ടു പോയതാണന്ന്.



Thursday, May 2, 2013

കുലീന

 picture from Google
 painting  by  S.L.Handalkar ( Lady with the lamp)
 














കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ്  അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ. 
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ. 
ചവുട്ടിച്ചുരുട്ടി  വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ