"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, April 15, 2013

ശവശില്‍പ്പികള്‍

കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്
പട്ടുചേലപോലെ  വിരിഞ്ഞുകിടന്ന
പച്ചപ്പിനെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ്
എഴുതിക്കൂട്ടിയത് , എങ്ങനെയൊക്കെയാണ്
നിങ്ങള്‍ ആ ഹരിതാഭയെ വര്‍ണ്ണിച്ചത്,
അവയുടെ സൌന്ദര്യം വര്‍ണ്ണിച്ച്  എന്തൊക്കെ
പാരിതോഷികങ്ങളാണ് നിങ്ങള്‍ നേടിയത് ?
കവികളേ  നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
മലദൈവങ്ങള്‍ കാവല്‍നിന്ന കാനനത്തെപ്പറ്റിയും,
ആകാശംതൊട്ട വന്‍മരങ്ങളെപ്പറ്റിയും പറയാന്‍
നിങ്ങള്‍ ഒട്ടുംതന്നെ മടികാണിച്ചില്ലല്ലോ?
മലയത്തിപ്പെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ച്
മലയിറങ്ങിവന്ന കാട്ടാറിനെക്കുറിച്ച്  നിങ്ങള്‍
പാട്ടുപാടി നാടുനീളെ നടന്നില്ലേ?
കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
നാട്ടുവഴിയുടെ ഓരം ചേര്‍ന്നുനിന്ന
കാട്ടുചെടികളെപ്പറ്റി നിങ്ങള്‍ പയ്യാരം പറഞ്ഞില്ലേ?
പൊന്നാമ്പല്‍ നിറഞ്ഞ പോയ്കകളേയും,
ജീവനാഡിയായി നിറഞ്ഞൊഴുകിയ പുഴകളേയും
പുസ്തകങ്ങളില്‍ നിങ്ങള്‍ കുത്തിനിറച്ചില്ലേ?
നിറഞ്ഞുപെയ്യുന്ന നിലാവും, കുളിര്‍ത്ത മഴയും
നിങ്ങള്‍ക്കെന്നും  പ്രണയകാവ്യങ്ങള്‍ ആയിരുന്നില്ലേ ?
കവികളേ നിങ്ങള്‍  കരിങ്കണ്ണന്മാരാണ് .
കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
ഹാ...  കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .
കവികളേ നിങ്ങളുടെ കരിങ്കണ്ണുകൊത്താത്ത
ഒന്നുമാത്രമേ ഇനി ഇവിടെ ബാക്കിയുള്ളൂ
നിങ്ങള്‍ക്കുചുറ്റും നില്‍ക്കുന്ന ആ 
ശവശില്‍പ്പികളായ  നല്ല  കലാകാരന്‍മാര്‍. 
അവരെപ്പറ്റി എന്തേ നിങ്ങള്‍ കവിത എഴുതുന്നില്ല?
അവരെ പുകഴ്ത്തി പാട്ടുപാടാത്തതെന്തേ?
ജീവനുള്ളതിനെ എല്ലാം കൊന്ന് എന്തുമാനോഹര-
മായാണവര്‍ ശവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്,
ആ ശവശില്‍പ്പങ്ങള്‍ക്കുള്ളില്‍ കയറി
എന്ത് സുഖമായാണ് അവര്‍ ഉറങ്ങുന്നത് .
കവികളേ നിങ്ങള്‍ അവരെക്കുറിച്ച്  കവിത ചമയ്ക്കുക,
അവരുടെ കഴിവുകള്‍ വാഴ്ത്തി പാട്ടുപാടുക.
കരിങ്കണ്ണന്മാരായ കവികളേ...  നിങ്ങള്‍
ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
ഉറക്കെ ഉറക്കെ ചൊല്ലി  നടക്കുക!!!



Sunday, March 10, 2013

വേശ്യയെ വില്‍ക്കുന്നവര്‍
















ചുവന്ന തെരുവിലെ അടച്ചിട്ട മുറികളില്‍
ഒന്നില്‍  ഇരയും ഞാനും മാത്രം.
എന്റെ കീശ അറുത്തുവാങ്ങിയവര്‍
പുറ
ത്ത്  നിലപ്പുണ്ട്.
മുറിക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍
അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു.
നീ അവളുടെ കലങ്ങിയ കണ്ണുകളില്‍  നോക്കരുത്
അവളുടെ കഥകള്‍ അവളോട്‌ ചോദിക്കരുത്
നീ യജമാനനും അവള്‍ ഭൃത്യയുമാണ്
നീ വേട്ടമൃഗവും  അവള്‍ ഇരയുമാണ്
അവളുടെ ശിരസ്സിന്റെ സ്ഥാനം  നിന്റെ
കാല്‍നഖങ്ങളേക്കാള്‍  താഴെയാണ്.
അവളുടെ മാംസം മതിയാവോളം
നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം, 
അവളുടെ അധരങ്ങളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍ നക്കിക്കുടിക്കാം,
എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ
ഉപ്പുരസംമാത്രം  നീ  നുണയരുത്.
പക്ഷേ, ഈ അരണ്ട നീലവെളിച്ചത്തില്‍
ഞാന്‍ ആദ്യം നോക്കിയത്  അവളുടെ
കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ്,
അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ
പിടയ്ക്കുന്ന  ഹൃദയത്തിലേക്കാണ്.
എന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ
അവളുടെ കഥകളെ കാമിച്ചല്ലേ ഞാന്‍ വന്നത് .
പേടിച്ചരണ്ട പേടമാനേ... നീ
നിന്റെ കഥകള്‍ എന്നോട് പറയുക.
നിന്റെ മടിക്കുത്തില്‍ ആദ്യംവീണ
കൈകളേപ്പറ്റി പറയുക,
നിന്റെ നാഭിയില്‍ മുഖംകുത്തിവീണ്
മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,
നിന്റെ മാറിടത്തില്‍ പതിഞ്ഞ
പുലിനഖങ്ങളേപ്പറ്റി പറയുക,
നിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം.

Monday, February 18, 2013

കരിയിലകള്‍

കറുപ്പും, ചുവപ്പും കലര്‍ന്ന്
തവിട്ടുനിറമുള്ള കുറെ ഇലകള്‍.
കുടിച്ചുതീര്‍ത്ത കൈപ്പുനീരിന്റെ
ചവര്‍പ്പിനാലോ, കരുതിവച്ചതൊക്കെ
നഷ്ടമായതിന്റെ വേദനയാലോ
ഹരിതാഭമകന്ന് ആകെ ശുഷ്ക്കിച്ചിരിക്കുന്നു.
അധികപ്പറ്റായി അവര്‍ ചില്ലകളില്‍
അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്നു.
അടര്‍ന്നു  പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
മുന്‍പേ അടര്‍ന്നുപോയവരല്ലേ
വേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?

Thursday, January 31, 2013

പിരാനകളുടെ പുഞ്ചിരി

നാം നമുക്ക് ചുറ്റും തീര്‍ക്കുന്ന ഒരു ലോകമുണ്ട്
അവിടെ ബീഡിപ്പുകയും,രതിക്രീഡയും ,
ചോരമണവുമാണെങ്കിലും
നാം അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കാറുണ്ട് .
നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന
ചില ആഴുക്കുചാലുകളുണ്ട്
ഗംഗയെന്നും,യമുനയെന്നും,സരസ്വതി-
യെന്നും നാം അതിനെ വിളിച്ചേക്കാം.
പിശാചിനേക്കാള്‍ വികൃതമായി
നാം നമ്മെ വരക്കാറുണ്ട്,
അതിന്  ദൈവത്തിന്റെ പര്യായങ്ങള്‍
കൊടുത്ത്  ഉല്‍ക്രിഷ്ടമെന്നു പറയാറുമുണ്ട്
നിറംതേച്ച് വൈകൃതങ്ങള്‍ മറച്ച
വാക്കുകള്‍  നാം കൊടുക്കാറുണ്ട്,
അതിനെയാണ് നാം സൗഹൃതമെന്നും,
അനുകമ്പയെന്നും പറയാറ് .
ചിരിയുടെ പിന്നാമ്പുറത്ത് ഞെരിഞ്ഞിലുകള്‍
വിതറി നാം ഇരപിടിക്കാറുണ്ട്,
അതിനെ നാം സ്നേഹമെന്ന
ഒറ്റവാക്കിലാണ് പറയുക.
എന്‍റെ അശുദ്ധിയിലേക്ക് മരണ തീര്‍ഥം
പൊഴിയും വരെ ഇവിടെ ഞാന്‍ ഇല്ലായിരുന്നു,
ഇത്, എന്റെ മരണത്തിന്റെ നാലാം ദിവസം.
അനുശോചനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും
ശേഷം എന്റെ ശവം എനിക്ക്
തിരികെ കിട്ടിയ ദിവസം.
ഇനി ഞാന്‍ ഇതിനെ എന്റെ  
പ്രീയപ്പെട്ട   പിരാനകള്‍ക്ക്
ആവോളം ഭോഗിക്കുവാന്‍  എറിഞ്ഞുകൊടുക്കും.
 
സങ്കോചമില്ലാതെ   അത്
 
അവര്‍ക്കിടയില്‍ ഒഴുകിനടക്കും.
ഭിക്ഷയാചിച്ചലഞ്ഞ ബാല്യത്തോടും,
 
നിഷേധിയായ കൌമാരത്തോടും,
നിസ്സംഗനായ ക്ഷുഭിതയൌവ്വനത്തോടും,
പരിചയമില്ലാത്ത എന്റെ വാര്‍ദ്ധക്യത്തോടും
അങ്ങനെ ഞാന്‍ പ്രതികാരം വീട്ടും.
ഇനിയും, ഒരു പുനര്‍ജ്ജന്മം നിഷേധിച്ച്
മോക്ഷത്തിലേക്ക് പറക്കുന്ന ആത്മാവിന്
പിരാനകളുടെ മുഖത്തെ കൂര്‍ത്ത പല്ലിന്റെ
പുഞ്ചിരി മാത്രം ഒരു മറുപടി.

Tuesday, January 1, 2013

കനല്‍

പകലോന്‍  പാതിമയക്കം തുടങ്ങിയല്ലോ
ഭയമാകുന്നെനിക്കെന്റെ തെരുവില്‍ നില്‍ക്കുവാന്‍
ആരോ പിന്നില്‍ പതുങ്ങുന്ന പോലെ,
മാര്‍ജ്ജാര നടത്തം പഠിക്കുന്ന പോലെ.

ഓര്‍ത്തുപോകുന്നു ഞാന്‍ അമ്മ ചൊന്ന വാക്കുകള്‍
'അന്തി ചുവക്കും മുന്‍പ് നീ കൂടണയണം
വേവുതിന്നുവാന്‍ വയ്യെനിക്കെന്റെ പെണ്ണെ'
വേവുതിന്നുവാന്‍... വയ്യെനിക്കെന്റെ പെണ്ണെ.

കുസൃതിതെന്നലേ നീയെന്‍  ചെലയെങ്ങുമുലയ്ക്കല്ലേ.
കാത്തിരിപ്പുണ്ടാ മറവില്‍ കഴുകന്റെ ക്യാമറക്കണ്ണുകള്‍
ലോകവലയില്‍ വീണുപിടയും ഇരയാകുവാന്‍ വയ്യ
വാര്‍ത്തയില്‍ നിറയുന്ന  ബലിമൃഗമാകുവാന്‍  വയ്യ.

ആള്‍ത്തിരക്കിലും  കൊത്തിവലിക്കുന്നു
കാമാന്ധകാരം പുളയ്ക്കുന്ന കണ്ണുകള്‍
ആളൊഴിഞ്ഞാല്‍ പിന്നെ ആര്‍ത്തിയോടെ
പാഞ്ഞടുക്കുന്നു കൂര്‍ത്ത കോമ്പല്ലുകള്‍ .

കുടലുവീര്‍ത്ത കൊതിപ്പിശാചിന്‍ ചുടലനൃത്തം
തെരുവിലാകെ നിറയും   ഇരുളിന്റെ  മറവില്‍
കല്ലില്‍ കൊത്തിയ  പെണ്‍ശില്‍പ്പത്തിലും
കാമക്കറ തേക്കുന്നു കലിമുഖങ്ങള്‍.

കറുപ്പുറങ്ങുന്ന കാമക്കണ്ണുകള്‍ക്ക്‌
അമ്മയും, പെങ്ങളും, പുത്രിയും
വെറും ലിംഗസുഷുപ്തിക്കുതകുമാറുള്ള
മാംസപിന്ധങ്ങള്‍ മാത്രമല്ലോ .

ഇവിടെയൊരു കരിന്തിരി ചുടലയുണ്ട്
കരളുകത്തി മരിച്ച കുഞ്ഞിന്റെ ചുടലയുണ്ട്
ചാരം മറയ്ക്കാത്ത കനലതിലേറെയുണ്ട്
കനലുകെടാ കരളുകള്‍ കൂട്ടിനുണ്ട്.

അലയടങ്ങാ നൊമ്പരം നിറയുന്നുവല്ലോ
സിരകളില്‍ അഗ്നിസര്‍പ്പം പുളയുന്നുവല്ലോ
ജന്മംതന്ന പെരും ചതിയാണോ
പെണ്‍പിറപ്പായതീ ഞങ്ങള്‍?

കരളുപൊട്ടിച്ചിതറും തേങ്ങലില്‍പ്പോലും
കാമംപെരുകുന്ന കരിനാഗങ്ങളെ.
തിറകൂട്ടി പോറ്റിവളര്‍ത്തുന്ന നീതിപീഠങ്ങളേ....
ചാരംപോലും പകുത്തുതിന്നും അധികാരദുര്‍ഗ്ഗങ്ങളേ....

ഓര്‍ക്കുക നിങ്ങള്‍, ഓര്‍ക്കുക നിങ്ങള്‍
കൂന്തലില്‍ ചോരമണമുള്ള പാഞ്ചാലപുത്രിയെ .
അഗ്നിവര്‍ഷമായി പെയ്തൊരാ കണ്ണകീശാപത്തെ..!