"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, October 14, 2012

ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്







ചിറകൊടിഞ്ഞൊരു പക്ഷിക്കുഞ്ഞ്
കിടക്കുന്നുണ്ടീ വൃക്ഷച്ചുവട്ടില്‍.
'മലാല' എന്നാണവള്‍ക്കുപേര് .
പറക്കുവാന്‍ പഠിച്ചതിനവര്‍
എറിഞ്ഞൊടിച്ചതാണീ ചിറകുകള്‍.
അവര്‍ മറച്ച കാഴ്ചയിലേക്ക്
മിഴിനീട്ടിയപ്പോള്‍ കുത്തിമുറിച്ചതാണീ
നക്ഷത്രങ്ങള്‍ തോല്‍ക്കും കണ്ണുകള്‍.
കറുത്തതെന്ന് അവര്‍  പറഞ്ഞ
മുഖങ്ങളെ നോക്കിച്ചിരിച്ചതിന്നു-
തല്ലിയുടച്ചതാണീ ചുവന്ന ചുണ്ടുകള്‍.
അവരെഴുതാത്ത വരികള്‍ ഉറക്കെ
ചൊല്ലിയതിനറുത്തതാണീ നാവും.
സ്നേഹഗീതം കേള്‍ക്കാതിരിക്കാന്‍
വെടിയോച്ച തകര്‍ത്തതീ കര്‍ണ്ണങ്ങളും.
അവര്‍നയിച്ച വഴികളില്‍ പിന്തിരിഞ്ഞതിനു 
കാലില്‍ കെട്ടിയതാണീ ചങ്ങലക്കിലുക്കം.
ആരുനല്‍കി ഇവര്‍ക്കെറിയാന്‍ കല്ലും,
രുധിരസ്നാനം നടത്തുവാന്‍ വാളും.
വിധാതാവല്ലെന്നു നിസംശയം ചൊല്ലിടാം.
അറ്റുപോകാതിന്നുമീ ഹൃദയത്തില്‍
തുടിക്കും ജീവന്‍ തന്നെയതിന്നുത്തരം.
അവര്‍ക്കുമുന്നിലൊരു ചോദ്യമായി തൂങ്ങും
മലാലതന്‍ ജീവന്‍തന്നെ അതിനുത്തരം.

26 comments:

  1. ലോകത്തെമ്പാടും മുതിര്‍ന്നവരുടെ അധികാര , മത ഭ്രാന്തിനാല്‍ പിടഞ്ഞു മരിക്കുന്ന ഒരായിരം മലാലമാരെ ഓര്‍ത്തുകൊണ്ട് .........

    ReplyDelete
    Replies
    1. വായനക്ക് വളരെ നന്ദി നിദീഷ്

      Delete
  2. വിധാതാവല്ലെന്നു നിസംശയം ചൊല്ലിടാം..
    അറ്റുപോകാതിന്നുമീ ഹൃദയത്തില്‍
    തുടിക്കും ജീവന്‍ തന്നെയതിന്നുത്തരം.

    പ്രാര്‍ത്ഥിക്കാം മലാലയ്ക്ക് വേണ്ടി..
    നന്നായിട്ടുണ്ട് ഗോപാ, പറക്കാനിനിയും അനുവദിക്കില്ലെന്ന ചെകുത്താന്‍മാരുടെ ഭീഷണിയെ നേരിടാന്‍ ഒരു ലോകം മുഴുവനും മലാലയ്ക്കൊപ്പം..

    ReplyDelete
    Replies
    1. പ്രാര്‍ത്ഥനയോടെ ലോകം
      വായനക്കും അഭിപ്രായത്തിനും നന്ദി നിത്യ

      Delete
  3. ഈ വിഷയങ്ങളില്‍ കവിതകള്‍ കാണുന്നത്‌ സന്തോഷമുണ്ടാക്കുന്നു. കുറച്ചു മുമ്പ്‌ വേറൊന്ന്‌ വായിച്ചതേയുള്ളു.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി വിനോദ്

      Delete
  4. പൂക്കുന്നതിന്‍ മുന്നേ പറിച്ചെറിഞ്ഞു കളഞ്ഞ പൂമൊട്ട്..
    എങ്ങനെ തൊന്നുന്നു ഈ ക്രൂരതകള്‍ക്ക് ..?
    വാക്കുകള്‍ പൊലും മറ്റുള്ളവര്‍ക്ക് ഇത്രക്ക്
    ക്രൂരതകള്‍ കാണിക്കുവാന്‍ പ്രാപ്തമാകുന്നെങ്കില്‍
    ഈ ലോകം എങ്ങോട്ടാണ് , ഭീകരത എന്നത്
    വലിയ ശാപമായി മാറുന്ന വരണ്ട കാലം ..
    ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ ..
    ഒരു വരി എഴുതുവാന്‍ കാണിച്ച മനസ്സിനും ..

    ReplyDelete
    Replies
    1. ക്രൂരമാകുന്നു മനുഷ്യ മനസ്സുകള്‍
      വളരെ നന്ദി റിനി വായനക്കും അഭിപ്രായത്തിനും

      Delete
  5. മലാലയും അന്ധകാരത്തിന്‍
    മാലുമൂത്തപ്പൊള്‍ ഇരയായ്..
    അറിവിന്റെ വെട്ടം കെടുത്താന്‍
    അറക്കുന്നവന്നു കഴിയില്ല
    ജ്വലിക്കുന്ന വെട്ടമായ്
    പൊലിക്കട്ടെ മലാലതന്‍
    ഡയറിക്കുപ്പുകള്‍...
    പ്രാര്‍ത്ഥിക്കുന്നു..ഞാനും....

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി രാജീവ്

      Delete
  6. നല്ല കവിത.

    പറക്കുവാന്‍ പഠിച്ചതിനവര്‍
    എറിഞ്ഞൊടിച്ചതാണീ ചിറകുകള്‍.

    പ്രർത്ഥനകളിലൂടെ മലാല തിരിച്ച് വരട്ടെ,

    ReplyDelete
    Replies
    1. തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കാം
      വായനക്ക് നന്ദി സുമേഷ്

      Delete
  7. അവള്‍ വരും. വരാതിരിക്കാനാവില്ല.....പ്രതീക്ഷകളോടെ ഞാനും.

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
    www.vinerahman.blogspot.com

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി വിനീത്
      ബ്ലോഗ്‌ ഞാന്‍ സന്ദര്‍ശിച്ചിരുന്നു

      Delete
  8. പ്രിയപ്പെട്ട ഗോപകുമാര്‍,
    കവിത വളരെ നന്നായി. ഞാനും പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ഗിരീഷ്‌

      Delete
  9. അവര്‍ മറച്ച കാഴ്ചയിലേക്ക്
    മിഴിനീട്ടിയപ്പോള്‍ കുത്തിമുറിച്ചതാണീ
    നക്ഷത്രങ്ങള്‍ തോല്‍ക്കും കണ്ണുകള്‍.
    കറുത്തതെന്ന് അവര്‍ പറഞ്ഞ
    മുഖങ്ങളെ നോക്കിച്ചിരിച്ചതിന്നു-
    തല്ലിയുടച്ചതാണീ ചുവന്ന ചുണ്ടുകള്‍.

    കവിത ഇഷ്ടായി ഗോപാ...

    മലാലയുടെ ഡയറിക്കുറിപ്പിനു മുന്നില്‍ പ്രാര്‍ഥനയോടെ... ഹൃദയത്തില്‍ ആ തിരിച്ചു വരവിന്‍ തിരിനാളവുമായി ഞാനും...


    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ആശ

      Delete
  10. കവിത നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സര്‍

      Delete
  11. ഈ പക്ഷി ഇനിയും പറക്കട്ടെ

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

      Delete
  12. എന്റെ മകൾ മലാല...

    ReplyDelete
    Replies
    1. വായനക്ക് വളരെ നന്ദി

      Delete
  13. അവരെഴുതാത്ത വരികള്‍ ഉറക്കെ
    ചൊല്ലിയതിനറുത്തതാണീ നാവും.

    അതാണ് സത്യം... ഇഷ്ടമായി ചേട്ടാ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി അനിയ

      Delete

Thank you