"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, August 15, 2012

ഒരു വയലിന്റെ മരണം

ഇവിടെ ചിന്തയിലാണ്ടു കിടപ്പൊരു പാടം..
കരുവെള്ളിക്കനലുകള്‍ തിന്നൊരു പാടം...
അഗ്നിക്കാറ്റാല്‍ വരളും തൊലി പൊട്ടിയ പാടം...
ജലമേഘച്ചുടലകള്‍ പോലൊരു പാടം ...
സിരകളിലെല്ലാം പൊരിയും മണലിന്‍ മുരളലുമായി
മിഴികളിലെല്ലാം നീര്‍വറ്റിയ  കുഴികളുമായി 
കരളില്‍ നിറയെ പടരും   വിഷക്കുമിളയുമായി
മരണത്തിന്‍ വഴിവക്കില്‍ മയങ്ങും വൃദ്ധനാണീപ്പാടം
യന്ത്രക്കൈകള്‍  ഉടല്‍ വെട്ടിനുറുക്കിയ  
ചെളിവണ്ടികള്‍ ചുടലച്ചാരക്കരകളൊരുക്കിയ 
ചുടുകട്ടച്ചൂടില്‍ കരള്‍ വെന്തുരുകിയ
കുഷ്ഠരോഗ ശില്പം എന്റയീ  വൃദ്ധപാടം

കൊയ്ത്തരിവാള്‍ വീറോടെ പിടിച്ചുവാങ്ങി
വിപ്ലവം വിതച്ചവരീ വയല്‍വരമ്പില്‍
കൊടികള്‍ നാട്ടി  വിപ്ലവം വില്‍ക്കുവാന്‍ വയ്ക്കവേ
ഈ വയല്‍വരമ്പോരോന്നും വീതം വച്ചെടുക്കവേ
ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും താളം പിടിച്ചോരീ
വയല്‍ മനസ്സില്‍ നിന്നുയരുന്നൊരായിരം
ജലജീവികള്‍തന്‍ ദീനമാം നിലവിളി
വിസ്മ്രിതിയിലാഴുമൊരു നല്ലകാലത്തിന്‍ മരണമണി

മേലെനോക്കൂ  യന്ത്രക്കഴുകന്റെ  കണ്ണുകള്‍ താവളംതേടുന്നു
താഴെ തേരട്ടകള്‍ അളവുകോലുകള്‍ നിരത്തുന്നു
ഉയരും നാളയിവിടെ യന്ത്രപ്പക്ഷിക്കൊരു  കാഷ്ടപ്പുര
ചുറ്റും നിറയും നക്ഷത്ര വേശ്യകള്‍ക്ക്  പേറ്റുപുര

ഇന്നലവരെയേതോ ധാന്യപ്പുരകള്‍ക്ക്
നിര്‍ത്താതെ ചുരത്തിയ പാല്‍ഞരമ്പുകള്‍
വിശക്കും വയറിനെല്ലാം വാത്സല്യം
മടിയ്ക്കാതെ വിളമ്പിയ ചോറ്റു കലങ്ങള്‍
ഇനിയുമീ  മണ്ണിന്നടിയില്‍ ജന്മം കൊതിച്ചു
കഴിയും  നെല്‍മണികളെല്ലാം  ഭ്രൂണമുടച്ചുമരിക്കും
പ്രാണന്റെ നീരായ നീരുറവകളെല്ലാം
വിഷനാളി പോലെ നമ്മിലേക്കിഴയും
ഒന്നുകരയട്ടെ ഞാനീ  വൃദ്ധനരുകിലിരുന്ന്
പാടട്ടെ കൊയ്ത്തുപാട്ടിന്‍ പഴയ ശീലൊന്ന്
ശ്വാസഗതി നേര്‍ത്തുപോകും മുന്‍പ് നേരട്ടെ
ഞാനൊരു നിത്യശാന്തി .....




16 comments:

  1. മനസ്സില്‍ പോയകാലത്തിന്‍റെ നഷ്ടബോധം ഉണര്‍ത്തുന്ന
    മനോഹരമായ വരികള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. പോയകാലത്തിന്റെ സൗന്ദര്യം അതെന്നുമൊരു നഷ്ടം തന്നെ , വായനക്ക് നന്ദി സര്‍

      Delete
  2. വായന അടയാളപ്പെടുത്തുന്നു.

    ReplyDelete
    Replies

    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. നിത്യശാന്തി! നേരാന്‍ സമയമായി മരണാസന്നയായിരിക്കുന്നു രമണീയമായ പ്രകൃതി... നെല്ലും, നെല്‍പ്പാടവും, വയല്‍ക്കിളിയും ഓര്‍മ്മകള്‍ മാത്രമാകുന്നു...
    ഗൃഹാതുരതയിലേക്ക് നയിക്കുന്നു ഈ വരികള്‍... ഇനിയെന്നെങ്കിലും തിരിച്ചു കിട്ടുമോ?

    ReplyDelete
    Replies
    1. തിരിച്ചു പിടിക്കുക തന്നെ വേണം നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി

      Delete
  4. പ്രകൃതി മനോഹരിയെ തിരിച്ച് പിടിക്കണം
    അല്ലെങ്കില്‍ നിത്യശാന്തി നേര്‍ന്നുകൊണ്ട് നാം കടന്നുപോകും
    അടുത്ത തലമുറ നമ്മെ ശപിച്ചും കൊണ്ടും കടന്നുപോകും

    ReplyDelete
    Replies
    1. തിരിച്ചു പിടിക്കുക തന്നെ വേണം അല്ലങ്കില്‍ വരും തലമുറകള്‍ നമുക്ക് മാപ്പുതരില്ല

      Delete
  5. Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  6. ഉദകം പകര്‍ന്നു വിലപിക്കാന്‍. ..ഇവിടെ അവശേഷിക്കയില്ലയാരുമീ ഞാനും !!!

    ReplyDelete
    Replies
    1. ശേഷിക്കുക ഒരുതുണ്ട് കരിഞ്ഞ മണലും കണ്ണുനീരുറഞ്ഞ ഒരു കരിമേഘവും
      നന്ദി കീയെ ഈ വരവിന്

      Delete
  7. പടവും പാടവും കൂടിക്കുഴഞ്ഞൊരു പടുപാടമായി ജീവിതം...

    ReplyDelete
    Replies
    1. പടുപാടങ്ങള്‍ ജീവിതത്തില്‍ ആകെ നിറയുന്നു
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  8. കരുതലുള്ള മനസ്സിന് നന്ദി!
    ആശംസകളോടെ..

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും വളരെ നന്ദി ഹരിത

      Delete

Thank you