"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, July 11, 2012

ഓര്‍മ്മകള്‍ കൊഴിഞ്ഞ മരം

ഓര്‍മകളുടെ ചിതയില്‍നിന്നൊരു
കൊള്ളി അടര്‍ത്തി വയ്ക്കുക
ഗംഗയില്‍ ഒരുപിടി ചാരമായി
ഒഴുകുമ്പോള്‍ പുണ്യത്തിനായി

തപിക്കും ഹൃദയത്തിനായി ഒരു
കുടന്ന തീര്‍ത്ഥം കരുതിവയ്ക്കുക
അന്ത്യത്തിലൊരു ശാന്തിയായി
തുളസീദളത്തില്‍   തൊട്ടിറക്കുവാന്‍

ചിതല്‍ വരകള്‍ വീണ പുസ്തകത്തില്‍ -
നിന്നക്ഷരങ്ങള്‍ കൊഴിയുന്ന പോലെ
ഓര്‍മതന്‍  ചില്ലയില്‍ നിന്നോരോ
കിളിയും പറന്നു പോകുന്നു

സ്മ്രിതിയില്‍ നിന്ന് വേരറ്റു പറക്കുന്നു 
ചിന്തകള്‍   ലക്ഷ്യങ്ങളറിയാതെ
തലവരകള്‍ ഓരോന്നും തനിയെ
നിവരുന്നത്‌ അറിയുന്നു ഞാന്‍

നീയെനിക്കാരായിരുന്നെന്നു ഞാന്‍
നാളെ മറന്നെന്നിരിക്കാം
ഞാന്‍തന്നെ ആരാണെന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ ഇതളുകള്‍ ഇല്ലന്നിരിക്കാം

എന്തിനായിരുന്നെനിക്കൊരു
പേരും വിലാസവും ഓര്‍മക്കുറിപ്പും
എന്നെ ഓര്‍ത്തുവെക്കുവാന്‍  നിനക്ക്
ഓര്‍മ്മകള്‍ മരിക്കും വരെ മാത്രം

ഇന്നലകളില്‍ മാത്രം ഇഴയുന്ന
ഉരഗങ്ങള്‍  നമ്മള്‍
ഇന്നലകള്‍ മരിച്ചാല്‍ പിന്നെ
എല്ലാം  ശൂന്യമാം തുടക്കം മാത്രം

ഇനി മഷി പതിയാത്ത കടലാസില്‍
ചിത്രങ്ങള്‍ വരച്ചു പഠിക്കാം
പിച്ച വച്ച കാലത്തിന്‍ പാഠം
വീണ്ടും പഠിച്ചു തുടങ്ങാം

ഇന്നെന്റെ സ്വപ്നങ്ങളെല്ലാം വെറും
നിറമില്ലാത്ത നിഴല്‍ ചിത്രങ്ങള്‍
കാഴ്ച്ചയില്‍ തറയുന്നതെല്ലാം
പേരറിയാത്ത രൂപങ്ങള്‍

പാട്ടും പുലഭ്യങ്ങളും ശ്രുതിയില്ലാത്ത
മരിച്ച ശബ്ദങ്ങള്‍
പ്രണയവും പരിഭവങ്ങളും
പാഴാകുന്ന മഴ മേഘങ്ങള്‍

ഓര്‍മകളുടെ ദ്യുപുകളെല്ലാം
കടലെടുത്തു പോകുമ്പോള്‍
കരകാണാതലയുന്നൊരു
പായ്ക്ക്പ്പലിന്‍   ജഡമാകുന്നു ഞാന്‍

മാറ്റുക നിന്‍ പ്രാര്‍ത്ഥനകളില്‍നിന്നെന്നെ
ഇന്നലകള്‍ മരിച്ച ഞാന്‍ പാപമോചിതന്‍
വേണ്ടെനിക്കൊരു  ബലിയും ശ്രാദ്ധവും
ഞാന്‍ മരിക്കും മുന്‍പേ മോക്ഷപ്രാപ്തന്‍

ഓര്‍മകളില്ലാതിരിക്കുന്നതും പുണ്യം
ഓര്‍മകളില്‍ ഇല്ലാതിരിക്കുന്നതും പുണ്യം
സ്മരണകള്‍ നശിക്കുമീ രോഗമേ സുകൃതം

12 comments:

  1. "ഓര്‍മകളില്ലാതിരിക്കുന്നതും പുണ്യം
    ഓര്‍മകളില്‍ ഇല്ലാതിരിക്കുന്നതും പുണ്യം"

    എന്‍റെ വാക്കുകള്‍ക്കതീതമാണ് ഗോപാ വരികള്‍...

    ഓര്‍മ്മകള്‍ എപ്പോഴും നോവായിരിക്കുമല്ലേ...? അടുത്തിരിക്കുമ്പോള്‍ ഓര്‍ക്കാറില്ലല്ലോ ഞാന്‍ നിന്നെ,
    അകലങ്ങളില്‍ നീ മായുന്നതെന്‍റെ
    നോവെന്നറിയാതെ നീ പോകുമ്പോളും
    ഞാനറിഞ്ഞില്ല
    ഓര്‍മ്മകള്‍ക്കിത്രമേല്‍ നോവെന്നു..

    ReplyDelete
  2. എന്തിനായിരുന്നെനിക്കൊരു
    പേരും വിലാസവും ഓര്‍മക്കുറിപ്പും
    എന്നെ ഓര്‍ത്തുവെക്കുവാന്‍ നിനക്ക് !!!

    ReplyDelete
  3. നല്ല ഒഴുക്കുള്ള കവിത.. വാക്കുകളില്‍ നേരിന്‍റെ മൂര്‍ച്ച..
    ഭാവുകങ്ങള്‍.. :)
    http://kannurpassenger.blogspot.in/2012/07/blog-post.html

    ReplyDelete
  4. നീയെനിക്കാരായിരുന്നെന്നു ഞാന്‍
    നാളെ മറന്നെന്നിരിക്കാം
    ഞാന്‍തന്നെ ആരാണെന്നോര്‍ക്കുവാന്‍
    ഓര്‍മയില്‍ ഇതളുകള്‍ ഇല്ലന്നിരിക്കാം ...

    " സ്മ്രിതി നാശം " ..

    രോഗം ഭാഗ്യമാവുന്ന നിമിഷങ്ങളുണ്ട് ..
    ഓ ര്‍മകള്‍ കുത്തി നോവിച്ച് ഹൃത്തിനേ -
    വെണ്ണിറാക്കുമ്പൊള്‍ ... നല്ല വരികള്‍ സഖേ ..

    ReplyDelete
  5. ഓര്‍മകളില്‍ ഇല്ലാതിരിക്കുന്നതും പുണ്യം
    സ്മരണകള്‍ നശിക്കുമീ രോഗമേ സുകൃതം

    “കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല”

    ReplyDelete
  6. ചിതല്‍ വരകള്‍ വീണ പുസ്തകത്തില്‍ -
    നിന്നക്ഷരങ്ങള്‍ കൊഴിയുന്ന പോലെ
    ഓര്‍മതന്‍ ചില്ലയില്‍ നിന്നോരോ
    കിളിയും പറന്നു പോകുന്നു


    നല്ല കവിത നന്നായി എഴുതി

    ReplyDelete
  7. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
    എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  8. അര്‍ത്ഥം നിറഞ്ഞ നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  9. ഈ കവിത വയിച്ചിട്ടു ഒരു കമെന്റ് ഇടാതെ പോകാന്‍ തൊന്നുന്നില്ല
    "ഇന്നലകള്‍ മരിച്ചാല്‍ പിന്നെ
    എല്ലാം ശൂന്യമാം തുടക്കം മാത്രം"

    ഇന്നലെകള്‍ എപ്പൊളും ഓര്‍മ്മകള്‍ മാത്രമാണു
    അതു മരിച്ചാല്‍..ശൂന്യം..പുതിയ തുടക്കം.. വളരെ ശരിയാണു..

    ReplyDelete
  10. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
    എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete

Thank you