"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, February 4, 2015

പാതിരാവണ്ടി

സാവധാനം മാത്രം സഞ്ചരിക്കുന്ന 
ഒരു പാതിരാവണ്ടിയുണ്ട് 
ടിക്കറ്റ് ചോദിക്കാനോ 
ചായവില്‍ക്കാനോ ഇന്നേവരെ 
ആരും കയറാത്ത അതിന്റെ 
അവസാനത്തെ ബോഗിയില്‍ 
നിന്നെമാത്രം സ്വപ്നം കണ്ട്, 
നീയുപേക്ഷിച്ചുപോയ കവിതകൾ
വായിച്ച്  ഞാനിരിക്കുന്നുണ്ട്  
ആരും കയറാനില്ലാത്തെ സ്റ്റേഷനുകള്‍ 
ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍ പോലെ 
കടന്ന് പോകുന്നുണ്ട് 
കരിപിടിച്ച ചുവന്നസിഗ്നലുകള്‍ 
പച്ചയാണെന്നുറപ്പിച്ച് 
പാതിരാവണ്ടി പാതിരായും കടന്ന് 
മുന്നോട്ടുതന്നെ പോകുകയാണ് 
എഞ്ചിന്‍ നിശബ്ദമാകുന്ന 
ഏതോ സ്റ്റേഷനില്‍ 
അതെന്നെ ഇറക്കിവിടും   
ഇറങ്ങാൻ കൂട്ടാക്കാതെ ഞാന്‍ 
നിന്നിലൂടെ വീണ്ടും 
മുന്നോട്ടുതന്നെ പോകും  

Friday, May 9, 2014

നിറയെ ശിഖരങ്ങളുള്ള ഒറ്റമരം











ഇത്രയേറെ വസന്തത്തെ
ആസ്വദിക്കുന്നവരെ ഞാന്‍
വേറെ കണ്ടിട്ടില്ല.
ഒരൊറ്റച്ചില്ല പോലും
ഒഴിച്ചിടാതെയല്ലേ  ഈ
ഒറ്റമരങ്ങള്‍ പൂത്തുനിറയുന്നത്,
മതിലുകള്‍ക്കുള്ളിലേക്ക്  മാത്രം പൊഴിക്കാതെ
ആര്‍ക്കും എടുക്കാന്‍ പാകത്തിലല്ലേ
അവര്‍ പൂക്കളെ വാരിവിതറുന്നത്.
വസന്തത്തെ മാത്രമല്ല
അവര്‍ ആസ്വദിക്കുന്നത്,
ഒറ്റമരങ്ങളുടെ തണലിനേക്കാൾ
തണുപ്പുള്ളതായി വേറൊന്നില്ല
വിജനവേനലില്‍ വിശാലമായ്
വിരിഞ്ഞുനിന്നല്ലേ അവര്‍
വെയില്‍ സൂചികളെ
ഇലഞരമ്പിലൂടെ വലിച്ചെടുക്കുന്നത്,
ഓരോ മഴത്തുള്ളിയെയും
ഇലത്തുമ്പില്‍ പൊതിഞ്ഞുവച്ച്
വീണ്ടും വീണ്ടും പെയ്യിക്കുന്നില്ലേ.
മൂര്‍ച്ചയുള്ള ഓരോ മഴുവും തിരയുന്നത്
ഒറ്റമരങ്ങളെ ആണെന്നറിഞ്ഞിട്ടും
അവര്‍ ആശങ്കപ്പെടുന്നില്ലല്ലോ,
ആഞ്ഞുവീഴുന്ന മഴു മൂര്‍ച്ചയില്‍ അവര്‍
കുറുകിയ കറയൊലിപ്പിച്ചു കരയാറില്ല
കാതലിന്റെ കടുപ്പത്താൽ പ്രതിരോധിക്കും
പിന്നെ മുറിഞ്ഞു വീഴാതെ വയ്യെങ്കില്‍
ആത്മാവിനെ വേരുകളിലേക്ക് പിന്‍വലിച്ച്
ശരീരം മാത്രം അവര്‍ക്ക് കൊടുക്കും,
ആളനക്കം ഒഴിയുമ്പോള്‍ വീണ്ടും
ആത്മാവിനെ വേരുകളില്‍ നിന്ന് തിരികെ വിളിക്കും
മുറിവില്‍നിന്ന് ഒരുപാട് ശിഖരങ്ങളായി വീണ്ടും കിളിര്‍ക്കും.


Saturday, March 15, 2014

പൂമാല

 എന്നെയും, നിന്നെയും
ഒരേ പൂപ്പാത്രത്തിലേക്കാണ്
പിച്ചിയിട്ടത്
ഒരേ വാഴനാരിലാണ്
നമ്മളെ ഇങ്ങനെ
കോര്‍ത്തെടുത്തത്
വരണമാല്ല്യമെന്നും
പൂജാമാല്ല്യമെന്നുമൊക്കെ
പറഞ്ഞാണ്  പരിചരിച്ചത്
എന്നിട്ടും
ചെറുതായൊന്ന് വാടിയപ്പോള്‍
അല്പം മണമൊന്നുകുറഞ്ഞപ്പോള്‍
എന്തിനാണിങ്ങനെ
ചവറുകൂനയിലേക്ക്
വലിച്ചെറിയുന്നത്

Saturday, February 8, 2014

കൊതി











ഒരു പച്ചമുളകും
അല്പം പഴങ്കഞ്ഞിയും
മതിയായിരുന്നു
കേരളത്തിലെ
ചെറ്റക്കുടിലില്‍ നിന്ന്
ഒരു ദിവസം തുടങ്ങാന്‍.
ഒരു വടാപ്പാവും
ഒരു ഗ്ലാസ്‌ പെപ്സിയും
മതിയായിരുന്നു
മുംബൈയിലെ
ചോപ്പടയില്‍
ഒരു രാവ് പുലരാന്‍.
എന്നിട്ടും ഞാനെന്തിനാണ്
താജിലെ തീന്‍മേശകളെനോക്കി
പട്ടിണിയിരിക്കുന്നത്

Wednesday, January 1, 2014

അവിചാരിതം













മതിമറന്ന്  ഉമ്മവെച്ചുനില്‍ക്കുമ്പോഴാകും
ഒരു പൊന്മാന്‍ചുണ്ട്  വാരിയെല്ലുകള്‍തുളച്ച്
ചിലപ്പോള്‍  പാഞ്ഞുകയറുന്നത്.
വിരിയാറായ മുട്ടകള്‍ക്ക്  കാവല്‍ നില്‍ക്കുമ്പോഴാകും
കൂര്‍ത്ത പല്ലുകളുള്ള ഒരു വായ്ക്കുമുന്നില്‍
ചിലപ്പോള്‍ നിസ്സഹായപ്പെട്ടുപോകുന്നത്.
കണ്ടല്‍പ്പൊന്തകളില്‍ കൂടോരുക്കുമ്പോഴാകും
ലോഹക്കൈകള്‍ തീരത്തെയപ്പാടെ
ചിലപ്പോള്‍ വകഞ്ഞെടുക്കുന്നത്.
കൂട്ടുകാരിയുമൊത്ത്  മഴക്കിലുക്കം
കേട്ടിരിക്കുമ്പോഴാകും  ഒരു
മലവെള്ളപ്പാച്ചില്‍  രണ്ടു  കൈവഴികളിലേക്ക്  
ചിലപ്പോള്‍  ഒഴുക്കി വിടുന്നത്..
ഒഴുക്കിന്റെ വേഗം ആസ്വദിച്ച്
ദേശാടനത്തിനിറങ്ങുമ്പോഴാകും
ഒഴുകിക്കൊണ്ടിരുന്ന പുഴ ചിലപ്പോള്‍
പെട്ടന്ന്  നിന്നുപോകുന്നത്.
തണുത്ത പുഴയെ ചെകിളപ്പൂക്കളില്‍
പൊതിഞ്ഞെടുക്കുമ്പോഴാകും  ചിലപ്പോള്‍
പുഴതന്നെ കരിഞ്ഞില്ലാതെയാകുന്നത്.
മോഹങ്ങളെയെല്ലാം പൊതിഞ്ഞെടുത്ത്
ചില്ലുഭരണിയിലെ  ഒരുതുടം ജലത്തിലേക്ക്
കൂടുമാറുമ്പോഴാകും  വാടകക്കാരന്‍
പെട്ടന്ന്  ഉപേക്ഷിച്ചുപോകുന്നതും,
ഇറയത്ത്‌  ഇറ്റുവീണുതോരുന്ന  മഴപോലെ
മരണത്തെ  അടുത്തറിയുന്നതും.