ഒന്നാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, ഇനി ഞാന്‍
നിനക്ക് വസിക്കാനായി ഒരു ഭൂമിയെ സൃഷ്ടിക്കാന്‍ പോകുന്നു
നീ അവിടെ അധ്വാനിച്ചു ജീവിക്കുക.
ഇത് കേട്ട് മനുഷ്യന്‍ ദൈവത്തോട് അപേക്ഷിച്ചു
ദൈവമേ നീ ഭൂമിയെ സൃഷ്ടിച്ചോളൂ അവിടെ ഞാന്‍ വസിക്കാം
പക്ഷെ അധ്വാനിക്കാന്‍ മാത്രം പറയരുത്.
ഇതുകേട്ട് കണ്ണുതള്ളിയ ദൈവം ആ ദിവസം മുഴുവന്‍
ഉറക്കളച്ചിരുന്നു ചിന്തിച്ച് സൃഷ്ടി തുടരാന്‍ തന്നെ തീരുമാനിച്ചു .
രണ്ടാം ദിവസം ദൈവം പകലിനേയും, രാത്രിയേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, നീ പകല്‍ മാന്യനായിരിക്കയും
രാത്രി നിനക്കിഷ്ടമുള്ളത് ചെയ്തു അര്‍മാദിക്കുകയും ചെയ്യുക
ഇത് കേട്ട് അവന്റെ മനസ്സില്‍ ലഡ്ഡുക്കള്‍ നിരനിരയായി പൊട്ടി.
മൂന്നാം ദിവസം ദൈവം മരങ്ങളെയും, ചെടികളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയെ നിനക്ക്
കൊതി തീരും വരെ വെട്ടിവിറ്റ് പണമുണ്ടാക്കി സന്തോഷിക്കാം
ഇത് കേട്ട് അവന്റെ കണ്ണുകള്‍ അതിരില്ലാതെ വിടര്‍ന്നു.
നാലാം ദിവസം ദൈവം മലനിരകളെയും, പാറക്കൂട്ടങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു നീ ക്വാറികളുണ്ടാക്കി
ഇവയെ തുരന്നുവിറ്റ് മാഫിയകളായി വിലസുക
ഇത് കേട്ട അവന്റെ ആവേശം കണ്ടു ദൈവം പോലും ഞെട്ടി.
അഞ്ചാം ദിവസം ദൈവം പുഴകളേയും,കടലിനേയും
മറ്റു ജലാശയങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയിലെ ജലത്തെ നിനക്ക്
കുപ്പികളിലാക്കി വില്‍ക്കാം ബാക്കിയുള്ളത് മലിനമാക്കി രസിക്കാം
ഇവയെ കൊന്നു മണല്‍വാരി കൂടുകള്‍ നിര്‍മ്മിക്കാം
ഇത് കേട്ട് അവന്‍ ദൈവത്തെ സ്തോത്രം ചെയ്തു.
ആറാം ദിവസം ദൈവം മത്സ്യങ്ങളേയും, മൃഗങ്ങളേയും
പക്ഷികളേയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ,എന്റെ അടിയന്തിരം
ഉള്‍പ്പടെയുള്ളവയെ ആഘോഷങ്ങളാക്കി നിനക്ക്
ഇവയെ കൊന്നു മപ്പാസുവച്ചുകഴിക്കാം,
ഇത് കേട്ട് അവന്റെ വായില്‍ നിന്ന് കൊതിവെള്ളം ഒഴുകി.
എഴാം ദിവസം സൃഷ്ടി തുടങ്ങുംമുന്‍പ് ദൈവം
ഇതെല്ലാം നോക്കിയിരിക്കുന്ന ചെകുത്താന്റെ
കണ്ണുകളിലേക്കു നോക്കി,ആ മുഖത്തുകണ്ട
ഗൂഡമായ ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ദൈവം
വേഗം അധികാരക്കസേരയില്‍ കയറിയിരുന്നു വിശ്രമിച്ചു.
അനന്തരം ദൈവം മനുഷ്യനെ അരികിലേക്ക് വിളിച്ച്
ഇപ്രകാരം പറഞ്ഞു , ഹേ മനുഷ്യാ,
ഇനിയും എനിക്ക് സൃഷ്ടി തുടരാന്‍ കഴിയില്ല
ബാക്കിയുള്ള സൃഷ്ടി നീ തന്നെ ചെയ്തുകൊള്ളുക
അതിനുള്ള അധികാരവും, കഴിവും ഞാന്‍ നിനക്ക് തരുന്നു
ചെകുത്താന്റെ സന്തതികള്‍ നിന്നെ തടയാന്‍
വരുന്നെകില്‍ നീ അവര്‍ക്കെതിരെ എന്റെ പേരില്‍
ഇടയലേഖനങ്ങള്‍ വായിക്കുക ബന്ദും, ഹര്‍ത്താലും നടത്തുക
ഹേ മനുഷ്യാ, ഇതാ ഞാന്‍ നിന്നില്‍നിന്ന്
എന്റെ കണ്ണുകളും, കാതുകളും തിരിച്ചെടുക്കുന്നു
നിനക്ക് നിന്റെ വാസസ്ഥലത്തെക്ക് യാത്ര തിരിക്കാം
ദൈവത്തിന്റെ കല്‍പ്പന കേട്ട മാത്രയില്‍ അവര്‍
ഉല്ലാസത്തോടെ ഉടുത്തിരുന്ന വസ്ത്രങ്ങളും
പറിച്ചു കളഞ്ഞ് കൈകള്‍ കൊര്‍ത്തുപിടിച്ച്
ഏദന്‍തോട്ടത്തിലേക്ക് യാത്രയായി.