"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, December 3, 2013

വാലറ്റം ശോഷിച്ച ജീവിതങ്ങള്‍


ഇനി നമുക്കുവേണ്ടി ഒരു കവിത,   
ഞാനും നീയും നമ്മുടെ ലോകവും
മാത്രമുള്ള ഒരു കവിത.
മായ്ച്ചുകളയാനല്ല, നമ്മുടെ
മരണക്കിടക്കക്കടിയില്‍
ഒളിപ്പിച്ചു വയ്ക്കാന്‍,
നമുക്കൊപ്പം അതെരിഞ്ഞു
തീരുമെന്ന്  ഉറപ്പിക്കാന്‍.
ആദ്യവരികള്‍ നിനക്കുള്ളതാണ്,
നിന്നെ വരച്ചെടുക്കാന്‍
നിനക്കരുകിലേക്കുതന്നെ വരാം,
ആ വരികള്‍ക്ക് യോജിക്കുന്ന നിറം
പുകയുന്ന കനലിന്റെതാണ്,
യോജിക്കുന്ന മണം മസാലകളുടെതാണ്
അത് നിനക്കരുകിലല്ലാതെ
മറ്റെവിടെയാണു കിട്ടുക,
നിന്നെ ഉപമിക്കാന്‍ ഇവിടെ
നിറയെ കാര്യങ്ങളുണ്ട്
വക്കുപൊട്ടിയ പാത്രങ്ങള്‍,
വഴുവഴുക്കുന്ന കയ്ക്കലത്തുണികള്‍,
അരഞ്ഞുതേഞ്ഞ  അമ്മിക്കല്ല്,
പെറുക്കിക്കളഞ്ഞ കറിവേപ്പിലത്തുണ്ടുകള്‍
ഇതിലേതാകും നിന്നെ
ആഴത്തില്‍ അടയാളപ്പെടുത്തുക?
നീ ചൂണ്ടിക്കാണിച്ചത്  തന്നെമതി
അതാകും ഏറ്റവും യോജിക്കുക,
കരിപിടിച്ച ചുവരില്‍
ആണിയടിച്ച്  തൂക്കിയ
ആ കണ്ണോപ്പയോളം കൃത്യമായി
നിന്നെ അടയാളപ്പെടുത്താന്‍
എന്തിനാണ് കഴിയുക
തിളച്ച എണ്ണയില്‍
ഇറങ്ങിയും, കയറിയും
പുകച്ചുരുളുകള്‍ക്ക് നടുവില്‍
ആണിയടിച്ചു തൂക്കിയതുപോലെ.
മതി അതുതന്നെ മതി.
കണ്ണീരുകൊണ്ട് നീ ഇവിടെ
ഒരു ഒപ്പ് ചാര്‍ത്തിയേക്കു...
ഇത് നിന്റെ വരികളാണ്.

ഇനി എന്നെ പകര്‍ത്തി എഴുതാം
അധികം വരികളൊന്നും വേണ്ട .
എന്നെ കൃത്യമായി പകര്‍ത്താന്‍
പറ്റുന്ന ഒരുപമ അവര്‍
പിന്നാമ്പുറത്തേക്ക് മാറ്റി ഇട്ടിട്ടുണ്ട് ,
കുഴമ്പിന്റെ വഴുവഴുപ്പും
വിയര്‍പ്പിന്റെ ഉപ്പും കലര്‍ന്ന്
മുഷിഞ്ഞ തുണിയുള്ള
ഈ ഇളകിയ ചാരുകസേര,
ഇത്   ഞാന്‍ തന്നെയാണ് .
കാലങ്ങളായി ഇത്
നടുവളച്ച് എന്നെയും
താങ്ങി കിതയ്ക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
ഇതിനൊപ്പമിരുന്നാണ് 
ഞാന്‍ മുറുക്കിത്തുപ്പാറുള്ളത് .
എന്റെ ഓരോ ഹൃദയമിടിപ്പിന്റെയും
അര്‍ഥം വായിച്ചെടുക്കാന്‍
കഴിയുന്ന ഇവനോടല്ലാതെ
മറ്റെന്തിനോടാണ് എന്നെ
ഉപമിക്കാന്‍ കഴിയുക.

ഇനിയും പറയാന്‍ പോകുന്നത്,
നമുക്ക് മുന്‍പേ മരിച്ചു
പോയേക്കാവുന്ന നമ്മുടെ
പൊളിഞ്ഞ ചായ്പ്പിനേപ്പറ്റിയാണ്‌.
തെക്കെപ്പുരയിടം കാണാന്‍
പാകത്തില്‍ എന്നോ പാളികള്‍
അടര്‍ന്നുപോയ ഒരു ജനല്‍ ,
അടയുവാനും തുറക്കുവാനും
മറന്നുപോയ ഒരു വാതില്‍,
ഇരുള്‍ കൂടുവച്ച കറുത്ത മൂലകള്‍,
പൊട്ടിച്ചിരികള്‍ ഉമ്മവെക്കാതെ
പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍,
കണ്ണീരും, കഫവും വീണു
ദ്രവിച്ച തറയോടുകള്‍.
ഉള്ളില്‍ ഞെരിഞ്ഞുപിടയുന്ന
നിശ്വാസങ്ങളെ പൊഴിച്ചിടാന്‍
മാത്രം നമ്മളെത്താറുള്ള ഈ
ചായ്പ്പിനെ ഏതു ലോകത്തോടാണ്
ഞാന്‍ ഉപമിക്കേണ്ടത്‌.
വേണ്ട ഉപമകള്‍ അന്വേഷിച്ച് പോകണ്ട,
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ.
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ

No comments:

Post a Comment

Thank you