"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, September 25, 2013

രക്ഷപെടല്‍

















 വെട്ടിയറപ്പിച്ച മരത്തിന്റെ
മണവും ശ്വസിച്ച് മരത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
വയല്‍ നികത്തിപണിയിച്ച
വീട്ടിലിരുന്ന്  വയലിനെപ്പറ്റി
കവിത എഴുതുന്നവന്‍.
പുഴയുടെ കണ്ണീര്‍ കിനിയും
മണല്‍ പൊത്തിയ
ചുമരുംചാരി പുഴയെപ്പറ്റി
കവിത എഴുതുന്നവന്‍.
കൈപിടിച്ചവളെ പ്രണയിക്കാതെ
പ്രണയത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
നീട്ടിയ കൈക്ക് മുന്നില്‍
ചില്ലറയില്ലന്നു പറഞ്ഞ്
പാവങ്ങളെപ്പറ്റി
കവിത എഴുതുന്നവന്‍.
നിറഞ്ഞ വയറുമായ്
വിശപ്പിനെപ്പറ്റിയും,
വിശക്കുന്നവനെപ്പറ്റിയും
കവിത എഴുതുന്നവന്‍.

അതേ, ഞാന്‍ കവിയാണ്‌
നരകം മണക്കുന്ന തെരുവില്‍നിന്ന്
സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
സ്വയം രക്ഷപെടാന്‍ അറിയുന്നവന്‍,
പിഴച്ചുപിറന്ന ചിന്തകളെ
കവിതയെന്നു പറഞ്ഞ്
ഊറ്റം കൊള്ളുന്നവന്‍. 

എനിക്ക് നന്നായറിയാം
തലേക്കെട്ടുകള്‍ മാത്രമുള്ള
എന്റെ കവിതകള്‍ ഒരിക്കല്‍
എനിക്കുനേരെ സമരജാഥയും
നയിച്ചുകൊണ്ട്  വരും.
അപ്പോള്‍ ഞാന്‍ മരണത്തെപ്പറ്റി
കവിതകള്‍ എഴുതും
എനിക്ക്, രക്ഷപെട്ടല്ലേ മതിയാകൂ.